എംടെക്, എംബിഎ ബിരുദധാരികള്‍; 461 പൊലീസ് ഉദ്യോഗസ്ഥര്‍ സേനയുടെ ഭാഗമായി

 എംടെക്, എംബിഎ ബിരുദധാരികള്‍; 461 പൊലീസ് ഉദ്യോഗസ്ഥര്‍ സേനയുടെ ഭാഗമായി

തിരുവനന്തപുരം: പരിശീലനം പൂര്‍ത്തിയാക്കിയ 461 പൊലീസ് ഉദ്യോഗസ്ഥര്‍ സത്യപ്രതിജ്ഞ ഏറ്റുചൊല്ലി സേനയുടെ ഭാഗമായി. എസ്എപി, കെഎപി മൂന്നാം ബറ്റാലിയന്‍ എന്നിവിടങ്ങളിലാണ് ഇവര്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരത്ത് പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിച്ചു.

സംസ്ഥാന പൊലീസ് മേധാവി ഡോ. ഷേയ്ഖ് ദര്‍വേഷ് സാഹിബ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു. ഒന്‍പത് മാസത്തെ വിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കിയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പാസിങ് ഔട്ട് പരേഡില്‍ മുഖ്യാതിഥിക്ക് അഭിവാദ്യം അര്‍പ്പിച്ചത്.

വിവിധ തരത്തിലുള്ള ശാരീരികക്ഷമതാ പരിശീലനവും ആയുധ പരിശീലനവും കൂടാതെ വിവിധ നിയമങ്ങളെക്കുറിച്ചും സൈബര്‍ കുറ്റ കൃത്യങ്ങള്‍, ഫോറന്‍സിക് സയന്‍സ് എന്നിവ സംബന്ധിച്ചും ഉദ്യോഗസ്ഥര്‍ക്ക് ക്ലാസുകള്‍ നല്‍കി.

എസ്എപിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ മികച്ച ഓള്‍റൗണ്ടറായി തിരഞ്ഞെടുക്കപ്പെട്ടത് എസ്. രതീഷ് എന്ന ഉദ്യോഗസ്ഥനാണ്. മികച്ച ഔട്ട്ഡോര്‍ ആയി എസ്.ജി നവീനും ഇന്‍ഡോര്‍ ആയി ബി.ജെ അഭിജിത്തും ഷൂട്ടറായി രാജ് രാജേഷും തിരഞ്ഞെടുക്കപ്പെട്ടു. കെഎപി മൂന്നാം ബറ്റാലിയനില്‍ പരിശീലനം നേടിയവരില്‍ മികച്ച ഓള്‍റൗണ്ടറായത് അനന്തു സാനുവാണ്. മികച്ച ഔട്ട്ഡോര്‍ ആയി സച്ചിന്‍ സജീവും ഇന്‍ഡോര്‍ ആയി ജി. അനീഷും ഷൂട്ടറായി ആര്‍.സച്ചിനും തിരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ട്രോഫികള്‍ സമ്മാനിച്ചു.
എസ്എപി ബറ്റാലിയനില്‍ പരിശീലനം നേടിയവരില്‍ ഒരാള്‍ എംടെക് ബിരുദധാരിയും 30 പേര്‍ ബിടെക് ബിരുദധാരികളുമാണ്. 15 ബിരുദാനന്തര ബിരുദധാരികളും 80 ബിരുദധാരികളും ഈ ബാച്ചില്‍ ഉണ്ട്. എംബിഎ, ബിബിഎ ബിരുദങ്ങളുള്ള രണ്ട് പേര്‍ വീതം ഈ ബാച്ചില്‍ ഉണ്ട്. കെഎപി മൂന്നാം ബറ്റാലിയനില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ നാല് പേര്‍ എംടെക് ബിരുദധാരികളും 35 പേര്‍ എന്‍ജിനീയറിങ് ബിരുദധാരികളുമാണ്.

പിജി യോഗ്യതയുള്ള 23 പേരും ഡിഗ്രി യോഗ്യതയുള്ള 144 പേരും എംബിഎ ബിരുദമുള്ള അഞ്ച് പേരും ഈ ബാച്ചില്‍ ഉണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.