'മഹാത്മഗാന്ധിയെ ലോകം അറിഞ്ഞത് സിനിമയിലൂടെ...'; ഗാന്ധി വിരുദ്ധ പരാമര്‍ശവുമായി നരേന്ദ്ര മോഡി

 'മഹാത്മഗാന്ധിയെ ലോകം അറിഞ്ഞത് സിനിമയിലൂടെ...'; ഗാന്ധി വിരുദ്ധ പരാമര്‍ശവുമായി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മഗാന്ധിയെ ലോകം അറിഞ്ഞത് 'ഗാന്ധി' സിനിമ പുറത്തിറങ്ങിയതിന് ശേഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. 1982 ല്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോ സിനിമ നിര്‍മിക്കുന്നതുവരെ ഗാന്ധിജിയെക്കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ലെന്നുമാണ് മോഡിയുടെ കണ്ടെത്തല്‍. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ ഗാന്ധി വിരുദ്ധ പരാമര്‍ശം.

'മഹാത്മാഗാന്ധി ലോകത്തിലെ വലിയ നേതാവായിരുന്നു. ഈ 75 വര്‍ഷത്തിനിടയില്‍ മഹാത്മാഗാന്ധിയെക്കുറിച്ച് ലോകത്തെ അറിയിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമല്ലേയെന്നും സിനിമ വന്നതിന് പിന്നാലെയാണ് അദ്ദേഹത്തെ ലോകമറിഞ്ഞത്. അതുവരെ ആര്‍ക്കും അറിയുമായിരുന്നില്ലെന്നും കോണ്‍ഗ്രസ് ഗാന്ധിയെ പ്രമോട്ട് ചെയ്തില്ലെന്നുമായിരുന്നു മോഡിയുടെ അഭിപ്രായം.



മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെയും നെല്‍സണ്‍ മണ്ടേലയെയും പോലെയുള്ള മറ്റ് നേതാക്കളെ കുറിച്ച് ലോകത്തിന് മുഴുവന്‍ അറിയുമായിരുന്നു. അവര്‍ക്ക് സമാനമായ ലോകനേതാവ് ആയിട്ടും അദേഹത്തെക്കുറിച്ച് ആര്‍ക്കും അറിയില്ലായിരുന്നുവെന്നാണ് മോഡി പറഞ്ഞുവച്ചത്.

വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ മോഡിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ഗാന്ധിയന്‍ പൈതൃകം തകര്‍ക്കുന്ന വാക്കുകളാണ് മോഡിയുടെതെന്ന് ജയറാം രമേശ് പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ ദേശീയത മനസിലാക്കാന്‍ ആര്‍എസ്എസുകാര്‍ക്ക് കഴിയുന്നില്ല. അവരുടെ പ്രത്യയ ശാസ്ത്രം സൃഷ്ടിച്ച അന്തരീക്ഷമാണ് നാഥുറാം ഗോഡ്‌സെയെ ഗാന്ധിയെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.