അറസ്റ്റ് ഞെട്ടിച്ചു; ജോലിയില്‍ തുടരാന്‍ അനുവദിച്ചത് ശിവകുമാര്‍ വൃക്കരോഗിയെന്ന മാനുഷിക പരിഗണന വച്ച്: ശശി തരൂര്‍

അറസ്റ്റ് ഞെട്ടിച്ചു; ജോലിയില്‍  തുടരാന്‍ അനുവദിച്ചത് ശിവകുമാര്‍ വൃക്കരോഗിയെന്ന മാനുഷിക പരിഗണന വച്ച്: ശശി തരൂര്‍

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായ ശിവകുമാര്‍ പ്രസാദ് തന്റെ മുന്‍ സ്റ്റാഫാണെന്ന് ശശി തരൂര്‍ എംപി. 72 കാരനും വൃക്ക രോഗിയുമായ ശിവകുമാര്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലിയിലുണ്ടായിരുന്നതായും ശശി തരൂര്‍ എക്സില്‍ പ്രതികരിച്ചു.

വിമാനത്താവളത്തിലെ സഹായത്തിന് മാത്രമാണ് പാര്‍ട്ട് ടൈം സ്റ്റാഫായി തല്‍ക്കാലത്തേക്ക് ശിവകുമാറിനെ നിയമിച്ചത്. സംഭവം ഞെട്ടലുണ്ടാക്കിയെന്നും ശിവകുമാര്‍ ഡയാലിസിസിന് വിധേയനാകുന്നത് കൊണ്ട് മാനുഷിക പരിഗണന വെച്ചാണ് വിരമിച്ചിട്ടും നിലനിര്‍ത്തിയതെന്നും ശശി തരൂര്‍ പറഞ്ഞു.

ധര്‍മശാലയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് വിവരം അറിയുന്നത്. തെറ്റായ പ്രവര്‍ത്തിയെ ഒരിക്കലും ന്യായീകരിക്കുന്നില്ല. ആവശ്യമായ എന്തു നടപടിയും സ്വീകരിക്കാനുള്ള അധികാരികളുടെ നീക്കങ്ങളെ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്നും തരൂര്‍ വ്യക്തമാക്കി.

ഡല്‍ഹി വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ ഇന്നലെയാണ് രണ്ടു പേര്‍ പിടിയിലായത്. ഇതില്‍ ഒരാളായ ശിവകുമാര്‍ പ്രസാദാണ് ശശി തരൂര്‍ എംപിയുടെ പിഎയെന്ന അവകാശവാദവുമായി രംഗത്തെത്തിയത്.

500 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. ശശി തരൂരിന്റെ ഔദ്യോഗിക സ്റ്റാഫുകളുടെ പട്ടികയില്‍ ഇയാളുടെ പേരുണ്ടായിരുന്നില്ല. ഡല്‍ഹിയിലെ വീട് കേന്ദ്രീകരിച്ചാണ് ഇയാള്‍ താല്‍ക്കാലിക ജോലി ചെയ്തിരുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.