സെമി ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണം; അഗ്നിബാന്‍ വിജയകരം

സെമി ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണം; അഗ്നിബാന്‍  വിജയകരം

ശ്രീഹരിക്കോട്ട: സെമി ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണം വിജയകരം. ഇന്ത്യന്‍ സ്വകാര്യ ബഹിരാകാശ സ്റ്റാര്‍ട്ട് അപ്പായ അഗ്നികുല്‍ കോസ്‌മോസാണ് അഗ്നിബാന്‍ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയില്‍ നടത്തിയ വിക്ഷേപണം വിജയിച്ചതായി ഐഎസ്ആര്‍ഒ എക്സില്‍ അറിയിച്ചു.

രാവിലെ 7.15 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിലെ വിക്ഷേപണത്തറയില്‍ നിന്നായിരുന്നു വിക്ഷേപണം. പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച അഗ്നിബാന്‍ സബ് ഓര്‍ബിറ്റല്‍ ടെക്ക് ഡെമോണ്‍സ്‌ട്രേറ്റര്‍ ഒരു സ്റ്റേജ് മാത്രമുള്ള പരീക്ഷണ റോക്കറ്റാണ്. 575 കിലോഗ്രാം ഭാരവും 6.2 മീറ്റര്‍ നീളവുമുള്ള റോക്കറ്റ് വിക്ഷേപണ ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ പതിച്ചു.

ലോകത്തിലെ ആദ്യത്തെ സിംഗിള്‍ പീസ് ത്രീഡി പ്രിന്റഡ് സെമി ക്രയോജനിക് റോക്കറ്റ് എന്‍ജിനായ അഗ്നിലൈറ്റ് എന്‍ജിന്റെ പരീക്ഷണമാണ് ദൗത്യത്തിന്റെ ലക്ഷ്യം. വാതക രൂപത്തിലും ദ്രവ രൂപത്തിലുമുള്ള ഇന്ധനങ്ങളുടെ മിശ്രിതം ഉപയോഗിച്ചുള്ള സെമി ക്രയോജനിക് പ്രൊപ്പല്‍ഷന്‍ സംവിധാനമാണ് റോക്കറ്റിലുള്ളത്.

വിക്ഷേപണച്ചെലവ് വലിയ തോതില്‍ കുറയ്ക്കാന്‍ സെമി ക്രയോജനിക് എന്‍ജിനുകള്‍ക്കാകും. നിലവിലുള്ള ക്രയോജനിക് എന്‍ജിനുകളില്‍ ദ്രവീകൃത ഹൈഡ്രജനും ഓക്സിജനുമാണ് ഉപയോഗിക്കുന്നത്.

കെറോസിനും മെഡിക്കല്‍ ഗ്രേഡ് ലിക്വിഡ് ഓക്‌സിജനും അടങ്ങുന്ന ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനമാണ് റോക്കറ്റില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് അഗ്നികുല്‍ കോസ്‌മോസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹ സ്ഥാപകന്‍ എസ്പിഎം മോയിന്‍ പറഞ്ഞു.

സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് നേരത്തെ നാല് തവണ അഗ്നിബാന്‍ സോര്‍ട്ടഡ് റോക്കറ്റിന്റെ വിക്ഷേപണം മാറ്റി വെച്ചിരുന്നു. അഞ്ചാം വിക്ഷേപണ ശ്രമം വിജയം കാണുകയും ചെയ്തു. 2017 ല്‍ എയറോസ്പേസ് എഞ്ചിനീയര്‍മാരായ ശ്രീനാഥ് രവിചന്ദ്രനും എസ്പിഎം മോയിനും ചേര്‍ന്നാണ് അഗ്‌നികുല്‍ കോസ്മോസിന് തുടക്കമിട്ടത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.