ഇനി കോളജുകളിലും പ്രവേശനോത്സവം! ഇക്കൊല്ലം ഏകീകൃത കലണ്ടര്‍ നടപ്പാക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു

ഇനി കോളജുകളിലും പ്രവേശനോത്സവം! ഇക്കൊല്ലം ഏകീകൃത കലണ്ടര്‍ നടപ്പാക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു

കോട്ടയം: ജൂലൈ ഒന്നിന് സംസ്ഥാന വ്യാപകമായി കോളജ് പ്രവേശനോത്സവം സംഘടിപ്പിക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു. സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന കേന്ദ്രീകൃത പ്രവേശനോത്സവത്തിനൊപ്പം എല്ലാ കലാലയങ്ങളിലും പ്രവേശനോത്സവം നടത്തും. നാല് വര്‍ഷ ബിരുദ ഓണേഴ്സ് പ്രോഗ്രാമിന്റെ ഔദ്യോഗിക തുടക്കം പ്രവേശനോത്സവത്തോടെയായിരിക്കും.

എംജി സര്‍വകലാശാലയില്‍ ബിരുദ ഓണേഴ്സ് പ്രോഗ്രാമുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി അഫിലിയേറ്റഡ് കോളജുകളിലെ പ്രിന്‍സിപ്പല്‍മാരുമായും നോഡല്‍ ഓഫിസര്‍മാരുമായും സംവദിക്കുകയായിരുന്നു മന്ത്രി.

സ്‌കൂള്‍ പ്രവേശനോത്സവം പോലെ നാട്ടിലെ ജനപ്രതിനിധികളെയും അറിയപ്പെടുന്നവരെയും രക്ഷിതാക്കളെയും എല്ലാം കോളജുകള്‍ പ്രവേശനോത്സവത്തിന് ക്ഷണിക്കണം. സംസ്ഥാനതല പരിപാടിയുടെ ലൈവ് പ്രദര്‍ശനം ഓരോ സ്ഥലത്തും നടത്താമെന്നും മന്ത്രി പറഞ്ഞു.
ബിരുദ ഓണേഴ്സ് പ്രോഗ്രാം ആരംഭിക്കുന്നതു വഴി ആര്‍ക്കും ജോലി നഷ്ടപ്പെടില്ല. നിലവിലെ അധ്യാപകരെയും മറ്റു ജീവനക്കാരെയും നിലനിര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഭാഷാ അധ്യാപകരും ആശങ്കപ്പെടേണ്ട കാര്യമില്ല. ബിരുദ ഓണേഴ്സ് പ്രോഗ്രാമുകള്‍ നടപ്പാക്കുമ്പോഴുള്ള പരാതികള്‍ അപ്പപ്പോള്‍ പരിഹരിക്കാന്‍ സര്‍വകലാശാലാ തലത്തിലും കോളജ് തലത്തിലും സമിതി വേണം. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും ഇക്കൊല്ലം ഏകീകൃത കലണ്ടര്‍ നടപ്പാക്കും. പരീക്ഷകള്‍ക്കു പുറമേ കലാ, കായിക മത്സരങ്ങളും ഒരേ സമയത്ത് നടത്തുമെന്നും മന്ത്രി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.