സിദ്ധാര്‍ത്ഥന്റെ മരണം; 19 പ്രതികള്‍ക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

സിദ്ധാര്‍ത്ഥന്റെ മരണം; 19 പ്രതികള്‍ക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: പൂക്കോട് വെറ്റിനറി കോളജ് വിദ്യാര്‍ഥി ജെ.എസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ 19 പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സിദ്ധാര്‍ത്ഥന്റെ മാതാവ് ഷീബ ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു. സിബിഐയും പ്രതികളുടെ ജാമ്യത്തെ എതിര്‍ത്തിരുന്നു.

റാഗിങ്, ആത്മഹത്യാ പ്രേരണ, മര്‍ദനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 19 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ കേസിലുണ്ടായിരുന്ന 20 പ്രതികളും ജാമ്യത്തിലാണ്. നേരത്തെ ഒരു പ്രതിക്ക് സിബിഐ കോടതി ജാമ്യം നല്‍കിയിരുന്നു.

കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി 19 പ്രതികള്‍ക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്. വിചാരണ കഴിയും വരെ വയനാട് ജില്ലയില്‍ പ്രതികളാരും കടക്കരുത്, കേസ് കഴിയും വരെ സംസ്ഥാനം വിട്ട് പോകരുത്, തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയവായാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്ന ഉപാധികള്‍.

പ്രതികളുടെ പ്രായവും വിദ്യാര്‍ഥികളാണെന്ന പരിഗണനയുമാണ് ജാമ്യം നല്‍കുന്നതിന് കണക്കിലെടുത്തത്. കേസില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയെന്നും തുടര്‍ന്നും തങ്ങളുടെ കസ്റ്റഡി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചത്.

നേരത്തെ കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. കല്‍പറ്റ സെഷന്‍സ് കോടതി ജാമ്യ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 18 നാണ് സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികള്‍ പരസ്യ വിചാരണ നടത്തുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സിദ്ധാര്‍ത്ഥന്‍ ജീവനൊടുക്കിയെന്നാണ് കേസ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.