മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന് വന്‍ വരവേല്‍പ് ഒരുക്കി ചിക്കാഗോ രൂപത

 മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന് വന്‍ വരവേല്‍പ് ഒരുക്കി ചിക്കാഗോ രൂപത

ചിക്കാഗോ: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനരോഹണം ചെയ്തതിന് ശേഷം ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ പ്രത്യേക ക്ഷണ പ്രകാരം രുപത സന്ദര്‍ശനത്തിന് എത്തുന്ന സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന് ചിക്കാഗോ രുപതയുടെ മെത്രാന്മാരും വൈദികരും സമര്‍പ്പിതരും അല്‍മായരും ചേര്‍ന്ന് ഊഷ്മളമായ വരവേല്‍പ് നല്‍കുന്നു.

ജൂലൈ ആറാം തിയതി ശനിയാഴ്ച രാവിലെ പത്തിന് സെന്റ് തോമസ് കത്തീഡ്രല്‍ അങ്കണത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ താലപ്പൊലിയുടെയും ചെണ്ടമേളങ്ങളുടെയും മൂത്തുകുടകളുടെയും അകമ്പടിയോടെ ദേവാലയ അങ്കണത്തിലേയ്ക്ക് ആനയിക്കും. തുടര്‍ന്ന് 10.30 ന് അഭിവന്ദ്യ പിതാക്കന്മാരും വൈദികരും ചേര്‍ന്ന് ആഘോഷമായ സമൂഹ ബലി അര്‍പ്പിക്കും.

വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം അനുമോദന യോഗവും എല്ലാവര്‍ക്കും സ്‌നേഹ വിരുന്നും ഉണ്ടായിരിക്കും. മേജര്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനം ഏറ്റതിന് ശേഷം ആദ്യമായി ചിക്കാഗോ രുപതാ സന്ദര്‍ശനത്തിനെത്തുന്ന മാര്‍ റാഫേല്‍ പിതാവിന്റെ അനുഗ്രഹീതാ സാന്നിധ്യത്തിലേക്ക് രൂപതയിലെ എല്ലാ സഭാതനയരെയും (വൈദികര്‍, സമര്‍പ്പിതര്‍, ഇടവക കൈക്കാരന്‍മാര്‍, രുപതാ പാസ്റ്റര്‍ കൗണ്‍സില്‍ അംഗങ്ങള്‍, അല്‍മായര്‍ ) സ്‌നേഹപൂര്‍വം ക്ഷണിക്കുന്നതായി രുപതാ അധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ടും രുപതാ കുരിയാ അംഗങ്ങളും ആലോചന സംഘവും അറിയിച്ചു.

എല്ലാവരും ഭക്തിപൂര്‍വം ഈ പരിപാടിയില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് അഭ്യര്‍ത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.