'എക്സിറ്റ് പോൾ അല്ല ഇത് മോഡി പോൾ' ; ഇന്ത്യാ മുന്നണി 295ന് മുകളിൽ സീറ്റ് നേടും; സര്‍വേ ഫലങ്ങള്‍ തള്ളി രാഹുൽ ​ഗാന്ധി

'എക്സിറ്റ് പോൾ അല്ല ഇത് മോഡി പോൾ' ; ഇന്ത്യാ മുന്നണി 295ന് മുകളിൽ സീറ്റ് നേടും; സര്‍വേ ഫലങ്ങള്‍ തള്ളി രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: കേന്ദ്രത്തിൽ ബിജെപി മൂന്നാം തവണയും വിജയിക്കുമെന്ന എക്സിറ്റ് പോളുകൾക്ക് പ്രതികരണവുമായി രാഹുൽ ഗാന്ധി. ഇതിനെ എക്സിറ്റ് പോൾ എന്നല്ല മോഡി പോൾ എന്നാണ് വിളിക്കേണ്ടതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇത് ഫാൻ്റസി പോൾ ആണെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ഫലം പ്രഖ്യാപിക്കുന്ന ജൂൺ നാലിന് മുന്നോടിയായി ദേശീയ തലസ്ഥാനത്ത് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാഹുൽ ​ഗാന്ധിയുടെ പരാമർശം. ഇന്ത്യാ മുന്നണി 295 ന് മുകളിൽ സീറ്റ് നേടുമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നില്‍ ഓരോ ദേശീയ മാധ്യമങ്ങള്‍ക്കും ചില രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചിരുന്നു. എക്‌സിറ്റ് പോളില്‍ വിശ്വാസമില്ലെന്നും ഇന്ത്യ മുന്നണി വിജയിക്കുമെന്നുമാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞതുപോലെ 295 സീറ്റ് നേടും. കേരളത്തില്‍ 20ല്‍ 20 സീറ്റും നേടും. അതിനുള്ള എല്ലാ സാഹചര്യവുമുണ്ട്. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.

എക്‌സിറ്റ് പോളില്‍ വിശ്വാസമില്ലെന്ന് ഡീന്‍ കുര്യാക്കോസ് എംപിയും പ്രതികരിച്ചു. ഇന്ത്യാ സഖ്യം തന്നെ അധികാരത്തില്‍ വരും. 2004ല്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ മറികടന്നാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത്. ഇടുക്കിയില്‍ യുഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ഇന്ത്യാ മുന്നണിക്ക് മുന്നേറ്റമുണ്ടാക്കാൻ സാധിക്കും. പ്രവചവനങ്ങൾക്ക് എല്ലാം അപ്പുറം രാജ്യത്തെ ജനത ഉചിതമായ തീരുമാനം എടുക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായി ഷാഫി പറമ്പിലും പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.