തിരുവനന്തപുരം: സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരിന്നിട്ടും പി.എസ്.സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളം വര്‍ധിപ്പിക്കാന്‍ നീക്കം. ചെയര്‍മാന്റെ ശമ്പളം 2.24 ലക്ഷത്തില്‍ നിന്ന് നാല് ലക്ഷമായും അംഗങ്ങളുടേത് 2.19 ലക്ഷത്തില്‍ നിന്ന് 3.75 ലക്ഷമായും ഉയര്‍ത്താനാണ് ധനവകുപ്പ് നടപടി തുടങ്ങിയത്.
ചെയര്‍മാന്റെ പെന്‍ഷന്‍ 1.25 ലക്ഷം രൂപയില്‍ നിന്ന് 2.5 ലക്ഷമായും അംഗങ്ങളുടേത് 1.20 ലക്ഷത്തില്‍ നിന്ന് 2.25 ലക്ഷമായും ഉയര്‍ത്താനും ശുപാര്‍ശയുണ്ട്. 2016 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. 21 അംഗങ്ങളാണ് പി.എസ്.സിയില്‍ ഉള്ളത്. മൂന്ന് ഒഴിവുകള്‍ നികത്താത്തതിനാല്‍ 17 പേരാണ് നിലവിലുള്ളത്.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ ഫയല്‍ പരിഗണനയ്ക്ക് വന്നെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ ശുപാര്‍ശ ഒന്നുകൂടി പരിശോധിച്ച് തീരുമാനമെടുക്കാമെന്ന ധാരണയില്‍ മടക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ നടപടികളുമായി മുന്നോട്ടു പോകാനാണ് ധന വകുപ്പിന്റെ തീരുമാനം. ഇതുമൂലം പ്രതിവര്‍ഷം നാല് കോടിയുടെയെങ്കിലും അധിക ബാധ്യത ഉണ്ടാവും.
പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കും ഏകീകരിച്ച ശമ്പളം നല്‍കി ഡി.എ ഒഴിവാക്കണമെന്ന് ധനവകുപ്പ് അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്ര നിരക്കില്‍ ജില്ലാ ജഡ്ജിമാര്‍ക്ക് ശമ്പളത്തോടൊപ്പം ഡി.എയും നല്‍കുന്നതുപോലെ പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കും നല്‍കാവുന്നതാണെന്ന 2007 ലെ സര്‍ക്കാര്‍ ഉത്തരവ് ബാധകമാക്കാമെന്ന മറുവാദവും ഫയലില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ദേശീയ തലത്തില്‍ ജോലിക്കുള്ള മത്സര പരീക്ഷകള്‍ യഥാസമയം നടത്തി നിശ്ചിത സമയത്ത് ഫല പ്രഖ്യാപനം നടത്തുന്ന യൂണിയന്‍ പബ്ളിക് സര്‍വീസ് കമ്മിഷനില്‍ (യു.പി.എസ്.സി ) ഒമ്പത് അംഗങ്ങളെ ഉള്ളൂ.
പി.എസ്.സി ചെയര്‍മാനും അംഗങ്ങളും ഭരണഘടനാ പദവി വഹിക്കുന്നവരായതിനാല്‍ കേന്ദ്ര സര്‍ക്കാരിലെ സമാന തസ്തികയുമായി ചേര്‍ന്ന് പോകുന്നതാകണം ശമ്പളവും ആനുകൂല്യങ്ങളുമെന്നതാണ് ശമ്പള വര്‍ധനയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.