കൊച്ചി: വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തി നിരത്തിലിറക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഹൈക്കോടതി. വാഹനങ്ങളിലെ ഓരോ രൂപമാറ്റത്തിനും 5000 രൂപ പിഴ ഈടാക്കും. കൂടാതെ ഓടുന്ന വാഹനത്തിലെ ഡ്രൈവറുടെ കാബിനിലിരുന്ന് വീഡിയോ പകര്‍ത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, ഹരിശങ്കര്‍ വി. മേനോന്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് നിര്‍ദേശം.
വ്‌ളോഗര്‍ സഞ്ജു ടെക്കി കാറില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കി അപകടകരമായി യാത്ര ചെയ്ത സംഭവം വന്‍ വിവാദമായതിന് പിന്നാലെയാണ് കോടതി നടപടി. വാഹനം രൂപമാറ്റം വരുത്തുന്നതിന്റെ വീഡിയോ യൂട്യൂബില്‍ അടക്കം പോസ്റ്റ് ചെയ്യുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെ മോട്ടോര്‍ വാഹന ചട്ട പ്രകാരം നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. വാഹനമോടിക്കുന്ന ആളിന്റെ ശ്രദ്ധ തെറ്റിക്കുന്നതാണ് ഇത്തരം നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.
വ്‌ളോഗര്‍മാരും വാഹന ഉടമകളും യൂട്യൂബിലടക്കം പങ്കുവെക്കുന്ന രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസര്‍മാര്‍ ശേഖരിക്കണം. വാഹനവും നിയമ ലംഘനത്തിന്റെ ദൃശ്യങ്ങളും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും വാഹനത്തിന്റെ കസ്റ്റഡി ഉള്‍പ്പെടെ മജിസ്‌ട്രേറ്റ് കോടതിക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.
നിയമ ലംഘനം കണ്ടെത്തുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുമെന്നും മോട്ടര്‍ വാഹന നിയമത്തിലെ വകുപ്പുകള്‍ ഉദ്ധരിച്ചുകൊണ്ട് കോടതി വ്യക്തമാക്കി. പുകക്കുഴല്‍, സൈലന്‍സര്‍ അടക്കം വാഹനത്തിന്റെ ഏത് ഭാഗത്ത് രൂപമാറ്റം വരുത്തിയാലും നടപടി സ്വീകരിക്കാം. ശബ്ദ, വായു മലിനീകരണം ഉണ്ടാക്കുന്ന ഏതു വാഹനത്തിനെതിരെയും നടപടി സ്വീകരിക്കാമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.