ഇസ്രയേലില്‍ കെയര്‍ടേക്കര്‍ ജോലി: 50 കോടിയിലധികം തട്ടിയെടുത്ത പ്രതികള്‍ പിടിയില്‍; ഒരാള്‍ തട്ടിപ്പ് നടത്തിയത് വൈദികന്‍ ചമഞ്ഞ്

ഇസ്രയേലില്‍ കെയര്‍ടേക്കര്‍ ജോലി: 50 കോടിയിലധികം തട്ടിയെടുത്ത പ്രതികള്‍ പിടിയില്‍; ഒരാള്‍ തട്ടിപ്പ് നടത്തിയത് വൈദികന്‍ ചമഞ്ഞ്

ചെറുതോണി: ഇസ്രയേലില്‍ കെയര്‍ടേക്കര്‍ ജോലിക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് 50 കോടിയിലധികം രൂപ തട്ടിയെടുത്ത കേസില്‍ മൂന്ന് പേര്‍ പിടിയില്‍. കുട്ടമംഗലം ഊന്നുകല്‍ തളിച്ചിറയില്‍ ടി.കെ കുര്യാക്കോസ് (58), മുരിക്കാശേരി ചിറപ്പുറത്ത് എബ്രഹാം(59), എബ്രാഹാമിന്റെ ഭാര്യ ബീന (51) എന്നിവരെയാണ് മുരിക്കാശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

എം ആന്‍ഡ് കെ ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന പേരില്‍ ഒരു വര്‍ഷം മുമ്പ് അടിമാലിയിലും പിന്നീട് മുരിക്കാശേരിയിലും എറണാകുളം ജില്ലയിലെ തലക്കോടും ഓഫീസുകള്‍ തുറന്നാണ് തട്ടിപ്പ് നടത്തിയത്. വിസയ്ക്കായി കേരളത്തിലെ വിവിധ ജില്ലകളിലെ ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഒരു ലക്ഷം രൂപ മുതല്‍ 15 ലക്ഷം വരെയാണ് വാങ്ങിയിരുന്നത്. എന്നാല്‍ ഒരാള്‍ക്ക് പോലും ഒരു വര്‍ഷം കഴിഞ്ഞിട്ടും വിസ നല്‍കിയിരുന്നില്ല.

ഇതേത്തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ പണം തിരികെ ആവശ്യപ്പെട്ട് ഇവരെ സമീപിച്ചു. ഉടന്‍ വിസ ശരിയാകുമെന്ന് അറിയിച്ച് ഇവര്‍ ആളുകളെ തിരിച്ചയച്ചു. തുടര്‍ന്നും ഉദ്യോഗാര്‍ഥികള്‍ എത്താന്‍ തുടങ്ങിയതോടെ ചെക്കും പ്രമാണവും കൊടുത്ത് തട്ടിപ്പ് സംഘം അവധി പറഞ്ഞു. പറഞ്ഞ അവധികള്‍ പലതും കഴിഞ്ഞതോടെ തട്ടിപ്പിനിരയായവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

190 പേരുടെ പരാതികള്‍ ഇതിനോടകം എറണാകുളം ജില്ലയിലെ തലക്കോടും, ഇടുക്കി ജില്ലയിലെ അടിമാലിയിലും മുരിക്കാശേരി സ്റ്റേഷനുകളിലുമായി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അതേസമയം വൈദികനെന്ന വ്യാജേനയാണ് കുര്യാക്കോസ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു.

ഇടുക്കി എസ്.പി ടി.കെ വിഷ്ണു പ്രദീപിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇടുക്കി ഡിവൈ.എസ്.പി സജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ മുരിക്കാശേരി എസ്.എച്ച്.ഒ അനില്‍കുമാര്‍, എസ്.ഐ.മാരായ ജിജി, ഡെജി പി.വര്‍ഗീസ്, സി.പി.ഒമാരായ പ്രവീണ്‍, ധന്യ, സംഗീത എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ റിമാന്‍ഡ് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.