കവരത്തി: ലക്ഷദ്വീപിലെ സിറ്റിങ് എം പിയും എന്‍സിപി ശരദ് പവാർ വിഭാഗത്തിലെ സ്ഥാനാർത്ഥിയുമായ മുഹമ്മദ് ഫൈസലിനെ തോല്‍പിച്ച് സീറ്റ് തിരിച്ച് പിടിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായ മുഹമ്മദ് ഹംദുള്ള സെയിദ് 2647 വോട്ടിനാണ് എന്‍സിപി സ്ഥാനാർത്ഥി പി പി മുഹമ്മദ് ഫൈസലിനെ തോല്‍പിച്ചത്. ഹംദുള്ള സെയിദ് 25726 വോട്ട് നേടിയപ്പോള്‍ മുഹമ്മദ് ഫൈസലിന് ലഭിച്ചത് 23079 വോട്ടുകളാണ്.
പത്ത് തവണ തുടര്‍ച്ചയായി ലക്ഷദ്വീപ് എം പിയായ പി എം സയീദിന്റെ മകനാണ് ഹംദുല്ല സയീദ്. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ഹംദുല്ല സെയ്ദ് 15ാം ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായിരുന്നു. കഴിഞ്ഞ രണ്ട് ലോക്‌സഭ തിരഞ്ഞെടുപ്പിലും എൻസിപിയിലെ ഫൈസലിനെതിരേ മത്സരരംഗത്തുണ്ടായിരുന്നെങ്കിലും രണ്ട് തവണയും തുടർച്ചയായ പരാജയമാണ് ഹംദുള്ള സെയിദിന് ഏറ്റുവാങ്ങേണ്ടി വന്നത്. എന്നാൽ ഇത്തവണ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തില്‍ നടത്തിയ കോണ്‍ഗ്രസിന്റെ പ്രചരണം ഒടുവില്‍ ലക്ഷ്യം കണ്ടിരിക്കുകയാണ് ലക്ഷദ്വീപില്‍.
എന്‍ സി പി അജിത് പവാര്‍ വിഭാഗത്തിലെ ടി പി യൂസുഫും മത്സര രംഗത്തുണ്ടായിരുന്നെങ്കിലും നിലവിലെ കണക്കുകൾ പ്രകാരം 201 വോട്ടുകൾ മാത്രമാണ് എൻഡിഎ സ്ഥാനാർഥിക്ക് ലഭിച്ചത്. ശരത് പവാര്‍ പക്ഷം എന്‍സിപിയും കോണ്‍ഗ്രസും തമ്മിലായിരുന്നു എത്തവണത്തെയും പോലെ ഇത്തവണയും വലിയ മത്സരം. ആര് ജയിച്ചാലും ജയം ഇന്ത്യ മുന്നണിയുടേത് ആയിരുന്നത് കൊണ്ട് തന്നെ ഇന്ത്യ മുന്നണിയുടെ ഉറച്ച സീറ്റുകളിലൊന്നായിരുന്നു ലക്ഷദ്വീപിലേത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.