അമേഠിയില്‍ കിഷോരി ലാലിന്റെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു; തോല്‍വി സമ്മതിച്ച് സ്മൃതി ഇറാനി: അഭിനന്ദനവുമായി പ്രിയങ്കാ ഗാന്ധി

അമേഠിയില്‍ കിഷോരി ലാലിന്റെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു; തോല്‍വി സമ്മതിച്ച് സ്മൃതി ഇറാനി: അഭിനന്ദനവുമായി പ്രിയങ്കാ ഗാന്ധി

അമേഠി: ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ അമേഠി മണ്ഡലത്തില്‍ മുന്‍ കേന്ദ്ര മന്ദ്രി സമൃതി ഇറാനിക്ക് കടുത്ത പരാജയത്തിലേക്ക്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കിഷോരി ലാല്‍ ശര്‍മയുടെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു.

വോട്ടെണ്ണല്‍ തുടരുമ്പോള്‍ 3,97,538 വോട്ടുകളാണ് കിഷോരി ലാല്‍ നേടിയത്. സ്മൃതി 2,79,067 വോട്ടുകളുമായി ബഹുദൂരം പിന്നിലാണ്. 2019 ല്‍ രാഹുല്‍ ഗാന്ധിയെ അട്ടിമറിച്ച് മണ്ഡലം പിടിച്ച സ്മൃതി ഇക്കുറി നാണം കെട്ട തോല്‍വിയിലേക്കാണ് കാലിടറി വീണത്. 55,120 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു അന്ന് ഇറാനിയുടെ വിജയം.

ഇറാനിയെ തറപറ്റിച്ച കിഷോരി ലാലിനെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി അഭിനന്ദിച്ചു. ''കിഷോരി ഭയ്യ, എനിക്ക് ഒരിക്കലും സംശയമുണ്ടായിരുന്നില്ല, നിങ്ങള്‍ വിജയിക്കുമെന്ന് തുടക്കം മുതല്‍ എനിക്ക് ഉറപ്പുണ്ടായിരുന്നു. നിങ്ങളെയും അമേഠിയിലെ എന്റെ സഹോദരീ സഹോദരന്‍മാരെയും ഞാന്‍ ഹൃദ്യമായി അഭിനന്ദിക്കുന്നു''-പ്രിയങ്ക ട്വീറ്റ് ചെയ്തു.

രാജീവ് ഗാന്ധിയുടെ കാലം മുതല്‍ അമേഠിയില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന നേതാവാണ് കെ.എല്‍ ശര്‍മ. അമേഠിയില്‍ നിന്ന് രാഹുല്‍ പേടിച്ചോടിയെന്ന് പറഞ്ഞ സ്മൃതി ഇറാനി കിഷോരി ലാലിനെ ഗാന്ധി കുടുംബത്തിന്റെ പാവയെന്നാണ് പരിഹസിച്ചിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.