ഹിന്ദി ഹൃദയ ഭൂമിയില്‍ തകര്‍ന്നടിഞ്ഞ് ബി.ജെ.പി: നഷ്ടപ്പെട്ടത് 53 സീറ്റുകള്‍; ഏറ്റവുമധികം സീറ്റ് കുറഞ്ഞത് ഉത്തര്‍പ്രദേശില്‍

ഹിന്ദി ഹൃദയ ഭൂമിയില്‍ തകര്‍ന്നടിഞ്ഞ് ബി.ജെ.പി: നഷ്ടപ്പെട്ടത് 53 സീറ്റുകള്‍; ഏറ്റവുമധികം സീറ്റ് കുറഞ്ഞത് ഉത്തര്‍പ്രദേശില്‍

ന്യൂഡല്‍ഹി: ഹിന്ദി ഹൃദയ ഭൂമിയില്‍ വന്‍ തിരിച്ചടി നേരിട്ട് ബിജെപി 2019 നെ അപേക്ഷിച്ച് 53 സീറ്റുകളാണ് ഇത്തവണ കുറഞ്ഞത്. കഴിഞ്ഞ തവണ 179 സീറ്റുകളാണ് ഇവിടെ നിന്ന് ലഭിച്ചത്. ഇത്തവണ അത് 126 ആയി ചുരുങ്ങി.

ഉത്തര്‍പ്രദേശിലാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. 36 സീറ്റില്‍ മാത്രമാണ് ഇത്തവണ ജയിക്കാനായത്. കഴിഞ്ഞ തവണ 62 സീറ്റ് ബിജെപി നേടിയിരുന്നു. രാജസ്ഥാനില്‍ 10 സീറ്റാണ് ഇത്തവണ ബിജെപിക്കുള്ളത്. 2019 ല്‍ 24 സീറ്റ് ഇവിടെ ലഭിച്ചിരുന്നു. ബിഹാറില്‍ 12 സീറ്റാണ് ഇത്തവണ നേടിയത്. കഴിഞ്ഞതവണ ഇത് 17 സീറ്റായിരുന്നു.

ഒരു സീറ്റ് മാത്രമുള്ള ഛണ്ഡീഗഢിലും ബിജെപി കോണ്‍ഗ്രസിനോട് തോറ്റു. കഴിഞ്ഞ രണ്ട് തവണയും ബിജെപിയായിരുന്നു ഇവിടെ ജയിച്ചത്. ഛത്തീസ്ഗഢില്‍ 10 സീറ്റില്‍ ബിജെപി മുന്നിട്ടു നില്‍ക്കുന്നു. ഒരിടത്ത് കോണ്‍ഗ്രസും ആണ് ഉള്ളത്. കഴിഞ്ഞ തവണ ഒമ്പത് സീറ്റായിരുന്നു ബിജെപിക്ക്. കോണ്‍ഗ്രസ് രണ്ടിടത്തും ജയിച്ചും. 2019 ലേതിന് സമാനമായി ഡല്‍ഹിയില്‍ ഏഴിടത്തും ഇത്തവണ ബിജെപി മുന്നിട്ട് നില്‍ക്കുകയാണ്.

ഹരിയാനയില്‍ അഞ്ച് സീറ്റില്‍ കോണ്‍ഗ്രസും അഞ്ചിടത്ത് ബിജെപിയുമാണ് മുന്നിട്ട് നില്‍ക്കുന്നത്. കഴിഞ്ഞ തവണ പത്തില്‍ പത്തും ബിജെപിക്ക് ഒപ്പമായിരുന്നു. ഹിമാചല്‍ പ്രദേശില്‍ ഇത്തവണയും നാലിടത്ത് ബിജെപിയാണ് ലീഡ് ചെയ്യുന്നത്. ജാര്‍ഖണ്ഡില്‍ എട്ട് സീറ്റിലാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്. കഴിഞ്ഞ തവണ 12 സീറ്റ് ഇവിടെ നിന്ന് നേടിയിരുന്നു. മധ്യപ്രദേശിലെ 29 സീറ്റും ഇത്തവണ ബിജെപി നേടി. കഴിഞ്ഞ തവണ 28 ല്‍ ബിജെപിയും ഒരിടത്ത് കോണ്‍ഗ്രസുമായിരുന്നു. ഉത്തരാഖണ്ഡില്‍ അഞ്ച് സീറ്റും ഇത്തവണയും ബിജെപിക്കൊപ്പമാണ്.

2019 ല്‍ 303 സീറ്റാണ് ബിജെപി ആകെ നേടിയത്. ഇത്തവണ 241 സീറ്റിലാണ് മുന്നിട്ട് നില്‍ക്കുന്നത്. അതേസമയം 2019 ല്‍ 52 സീറ്റില്‍ ഒതുങ്ങിയിരുന്ന കോണ്‍ഗ്രസ് ഇത്തവണ 98 സീറ്റ് നേടി വലിയ തിരിച്ചുവരവാണ് നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.