ആരോഗ്യ ചെലവ് കുറയ്ക്കാൻ നൂതന മാതൃക പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ്, കെരൽറ്റി സംയുക്ത സംരംഭം

ആരോഗ്യ ചെലവ് കുറയ്ക്കാൻ നൂതന മാതൃക പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ്, കെരൽറ്റി സംയുക്ത സംരംഭം

'അൽ കൽമ' സംരംഭം ആദ്യം ആരംഭിക്കുക സൗദി അറേബ്യയിൽ

അബുദാബി: വർദ്ധിച്ചുവരുന്ന ആരോഗ്യ ചെലവ് കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ ആരോഗ്യ മാതൃക മിഡിൽ ഈസ്റ്റിൽ നടപ്പാക്കാൻ കൊളംബിയ ആസ്ഥാനമായ പ്രമുഖ ഹെൽത്ത്കെയർ ഗ്രൂപ്പായ കെരൽറ്റിയുമായി സംയുക്ത സംരംഭം പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ്. പ്രാഥമിക ശുശ്രൂഷ, ആരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യൽ, സംയോജിത മാനസികാരോഗ്യ സേവനങ്ങൾ എന്നിവ ഏകീകരിക്കുന്ന മൂല്യാധിഷ്ഠിത ആരോഗ്യ മാതൃകയാണ് സംരംഭം നടപ്പാക്കുക. ആരോഗ്യവും ക്ഷേമവും ലക്ഷ്യമിട്ടുള്ള പങ്കാളിത്തത്തിന് 'അൽ കൽമ' എന്നാണ് പേര്.

ഉയർന്ന ആരോഗ്യ സംരക്ഷണം താങ്ങാവുന്ന ചെലവിൽ ലഭ്യമാക്കുന്ന അൽ കൽമ സൗദി അറബ്യയിലാണ് ആദ്യ ഘട്ടത്തിൽ ആരംഭിക്കുക. പ്രാഥമിക ആരോഗ്യ മാതൃകയിൽ സൗദി ശ്രദ്ധചെലുത്തുന്ന പശ്ചാത്തലം അൽ കൽമയ്ക്ക് ഏറെ ഗുണകരമാകും. മിഡിൽ ഈസ്റ്റിലെ വിവിധ രാജ്യങ്ങൾക്കൊപ്പം നോർത്ത് ആഫ്രിക്കയിലേക്കും സേവനങ്ങൾ വ്യാപിപ്പിക്കും. പത്തുവർഷത്തിനകം 30 ദശലക്ഷം രോഗികളിലേക്കെത്താനാണ് അൽ കൽമ ലക്ഷ്യമിടുന്നത്.

കൊളംബിയയിലെ കാർട്ടജീന ഡി ഇൻഡ്യസ്സിൽ നടന്ന ചടങ്ങിൽ സംയുക്ത സംരഭ കരാറിൽ ഇരു കമ്പനികളും ഒപ്പുവച്ചു. കൊളംബിയയിലെ യുഎഇ സ്ഥാനപതി മുഹമ്മദ് അബ്ദുല്ല ബിൻ ഖാതർ അൽ ഷംസി, ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, സിഇഒ ജോൺ സുനിൽ, കെരൽറ്റി പ്രസിഡന്റ് ജോസ്ബ ഗ്രജാലെസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

യുഎസും കൊളംബിയയും ഉൾപ്പെടെ ഒമ്പത് രാജ്യങ്ങളിൽ അഞ്ച് ദശാബ്ദത്തോളമായി പ്രവർത്തിക്കുന്ന കെരൽറ്റിയുടെ ആരോഗ്യ പരിരക്ഷ മാതൃക ആരോഗ്യ അപകടസാധ്യതകൾ തടയൽ, കണ്ടെത്തൽ, കൈകാര്യം ചെയ്യൽ, രോഗങ്ങളുടെ നിയന്ത്രണം, പരിചരണം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവനദാതാക്കളിലൊന്നായ ബുർജീൽ ഹോൾഡിങ്‌സിന് ആശുപത്രികളും മെഡിക്കൽ സെൻ്ററുകളും അടങ്ങുന്ന വിപുലമായ ശൃംഖലയുണ്ട്.

രോഗ പ്രതിരോധം, നിയന്ത്രണം, പരിചരണം എന്നിവ ഉൾപ്പെടുന്ന സമഗ്ര സേവനമാണ് അൽ കൽമ മുന്നോട്ടുവയ്ക്കുന്നതെന്നും ഇത് ആരോഗ്യം മെച്ചപ്പെടുത്തി ആശുപത്രിവാസം ഒഴിവാക്കാൻ ആൾക്കാർക്ക് സഹായകരമാകുമെന്നും ഡോ. ഷംഷീർ പറഞ്ഞു. കൊളംബിയയും യുഎഇയും തമ്മിലുള്ള സജീവ സഹകരണത്തിലെ സുപ്രധാന ചുവടുവയ്പ്പാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ ആദ്യ സംയുക്ത ആരോഗ്യ സംരംഭം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.