110 നിയമസഭ മണ്ഡലങ്ങളില്‍ യുഡിഎഫ് മുന്നേറ്റം; എല്‍ഡിഎഫിന് 19 മാത്രം, 11 സീറ്റില്‍ ബിജെപി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ബാക്കിപത്രം

110 നിയമസഭ മണ്ഡലങ്ങളില്‍ യുഡിഎഫ് മുന്നേറ്റം; എല്‍ഡിഎഫിന് 19 മാത്രം, 11 സീറ്റില്‍ ബിജെപി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ബാക്കിപത്രം

99 സീറ്റുകളുമായി വീണ്ടും അധികാരത്തിലെത്തിയ പാര്‍ട്ടിയെ ഇരുത്തി ചിന്തിപ്പിക്കുന്ന ജനവിധിയാണ് ഇത് എന്നതില്‍ സംശയമില്ല.

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 18 സീറ്റുകളുമായി മിന്നുന്ന പ്രകടനം കാഴ്ചവച്ച യുഡിഎഫിന് നിയമസഭ മണ്ഡലങ്ങിലും വന്‍ മുന്നേറ്റം. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 41 സീറ്റിലേക്ക് ഒതുങ്ങിയ യുഡിഎഫ് ഇത്തവണ 110 മണ്ഡലങ്ങളിലാണ് മുന്നിലെത്തിയത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വമ്പന്‍ ലീഡ് നല്‍കിയ കൂത്തുപറമ്പ്, പേരാമ്പ്ര, ബാലുശേരി, എലത്തൂര്‍, ബേപ്പൂര്‍, ഉടുമ്പന്‍ചോല അടക്കമുള്ള മണ്ഡലങ്ങള്‍ ഇത്തവണ യുഡിഎഫിന് മുന്‍കൂക്കം നല്‍കി. 2019 ല്‍ 123 മണ്ഡലങ്ങളില്‍ യുഡിഎഫ് ഒന്നാമത് എത്തിയിരുന്നു എന്നതും എടുത്തു പറയേണ്ടതാണ്.

പല ശക്തി കേന്ദ്രങ്ങളും കൈവിട്ട എല്‍ഡിഎഫിന് നിലനിര്‍ത്താന്‍ മുന്നിലെത്താന്‍ സാധിച്ചത് 19 മണ്ഡലങ്ങളില്‍ മാത്രമാണ്. പയ്യന്നൂര്‍, കല്യാശേരി, ധര്‍മടം, മട്ടന്നൂര്‍, തലശേരി, മലമ്പുഴ, ഷൊര്‍ണൂര്‍, ആലത്തൂര്‍, തരൂര്‍, ചേലക്കര, കുന്നംകുളം, കയ്പമംഗലം, കൊടുങ്ങല്ലൂര്‍, വൈക്കം, മാവേലിക്കര, കൊട്ടാരക്കര, കുന്നത്തൂര്‍, വര്‍ക്കല മണ്ഡലങ്ങള്‍ മാത്രമാണ്.

ഈ മണ്ഡലങ്ങളില്‍ തന്നെ പലിയിടത്തും നേരിയ ഭൂരിപക്ഷം മാത്രമാണുള്ളത്. 99 സീറ്റുകളുമായി വീണ്ടും അധികാരത്തിലെത്തിയ പാര്‍ട്ടിയെ ഇരുത്തി ചിന്തിപ്പിക്കുന്ന ജനവിധിയാണ് ഇത് എന്നതില്‍ സംശയമില്ല.

തൃശൂരിലൂടെ കേരളത്തില്‍ താമര വിരിയിച്ച ബിജെപിക്കും നിയമസഭ മണ്ഡലങ്ങളുടെ കണക്കില്‍ മികച്ച നിലയാണുള്ളത്. 11 സീറ്റുകളിലാണ് ഇത്തവണ അവര്‍ മുന്നിലെത്തിയത്. നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നാട്ടിക, ഇരിങ്ങാലക്കുട, തൃശൂര്‍, ഒല്ലൂര്‍, പുതുക്കാട്, മണലൂര്‍, കാട്ടാക്കട, ആറ്റിങ്ങല്‍ എന്നിവയാണ് ബിജെപിക്ക് മുന്‍തൂക്കം നല്‍കുന്ന നിയമസഭ മണ്ഡലങ്ങള്‍.

കഴിഞ്ഞ തവണ നേമത്ത് മാത്രമായിരുന്നു ബിജെപിക്ക് ഒന്നാമത് എത്താന്‍ സാധിച്ചിരുന്നത്. ഇത്തവണ 22613 വോട്ടിന്റെ ഭൂരിപക്ഷമാണ് നേമം ബിജെപിക്ക് നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ വട്ടിയൂര്‍ക്കാവ് (8162), കഴക്കൂട്ടം (10842), കാട്ടാക്കട (4779), ആറ്റിങ്ങല്‍ (6287), പുതുക്കാട് (12692), ഇരിങ്ങാലക്കുട (13950), നാട്ടിക (13950), തൃശൂര്‍ (14117), ഒല്ലൂര്‍ (10363), മണലൂര്‍ (8013) എന്നിങ്ങനെയായിരുന്നു ബിജെപി ഭൂരിപക്ഷം. കഴിഞ്ഞ തവണ എല്‍ഡിഎഫ് വിജയിച്ച മണ്ഡലങ്ങളാണ് ഇവ എന്നതാണ് ശ്രദ്ധേയം.

ഒമ്പത് മണ്ഡലങ്ങളില്‍ ബിജെപിക്ക് രണ്ടാമത് എത്താനും സാധിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോവളം, നെയ്യാറ്റിന്‍കര, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം, കാസര്‍ഗോഡ്, ഗുരുവായൂര്‍ എന്നിവിടങ്ങളിലാണ് ബിജെപി രണ്ടാമത് എത്തിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.