ജനവിധി പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തും; തൃശൂരിലെ ബിജെപി വിജയത്തെ ഗൗരവത്തോടെ കാണുന്നു: മുഖ്യമന്ത്രി

ജനവിധി പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തും; തൃശൂരിലെ ബിജെപി വിജയത്തെ ഗൗരവത്തോടെ കാണുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ കനത്ത തോല്‍വിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനവിധി ആഴത്തില്‍ പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്ന് അദേഹം പറഞ്ഞു.

ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് 2024 ലോക്സഭ തിരഞ്ഞടുപ്പ് ഫലം. മാധ്യമങ്ങളില്‍ വലിയൊരു വിഭാഗത്തിന്റെയും ഭരണ സംവിധാനങ്ങളുടെയും കേന്ദ്ര ഏജന്‍സികളുടെയും പണക്കൊഴുപ്പിന്റെയും പിന്തുണയോടെ നടത്തിയ പ്രചരണങ്ങളെല്ലാം ജനങ്ങള്‍ തള്ളി എന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

കേരളത്തില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. 2019 ലേതിന് ഏറെക്കുറെ സമാനമായ ഫലമാണുണ്ടായത്. ജനവിധി അംഗീകരിച്ചും ആഴത്തില്‍ പരിശോധിച്ചും ആവശ്യമായ തിരുത്തലുകള്‍ വരുത്തിയും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവോടെ നടപ്പാക്കും.

പോരായ്മകള്‍ കണ്ടെത്തി അവ പരിഹരിക്കും. സര്‍ക്കാരിനെതിരെ സംഘടിതമായി നടക്കുന്ന കുപ്രചാരണങ്ങളെ പ്രതിരോധിക്കാനും ജനങ്ങള്‍ക്കുള്ള തെറ്റിദ്ധാരണകള്‍ നീക്കാനുമുള്ള ശ്രമങ്ങളും ശക്തമാക്കും.

തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി നേടിയ വിജയം ഗൗരവത്തോടെ കാണുകയാണ്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മാതൃകയായ നമ്മുടെ നാട്ടില്‍ ബിജെപി ആദ്യമായി ലോക്സഭാ മണ്ഡലം വിജയിച്ചത് വിമര്‍ശനാത്മകമായി വിലയിരുത്തേണ്ടതുണ്ട്.

അതിന് മതനിരപേക്ഷ, ജനാധിപത്യ വിശ്വാസികളാകെ തയാറാകേണ്ടതാണ്. ആ ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിച്ചും മതനിരപേക്ഷ മൂല്യങ്ങള്‍ക്കായി സമര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ചും ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടുപോകും.

ജനങ്ങളെ ചേര്‍ത്തു നിര്‍ത്തി നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി അടിയുറച്ച നിലപാടുകളുമായി മുന്നേറുന്നതിനുള്ള സമഗ്രവും സൂക്ഷ്മതലത്തിലുള്ളതുമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.