ന്യൂഡല്‍ഹി: വലിയ വിജയം ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ടപ്പോള്‍ അടി തെറ്റി വീണത് 15 കേന്ദ്ര മന്ത്രിമാര്‍. സ്മൃതി ഇറാനി, അജയ് മിശ്ര, അര്‍ജുന്‍ മുണ്ട, കൈലാഷ് ചൗധരി, രാജീവ് ചന്ദ്രശേഖര്‍, വി. മുരളീധരന്‍ എന്നിവരുള്‍പ്പെടെ 15 കേന്ദ്ര മന്ത്രിമാരാണ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്.
2019 ല്‍ രാഹുല്‍ ഗാന്ധിക്കെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് സ്മൃതി ഇറാനി ഇത്തവണയും അമേഠിയില്‍ മത്സരത്തിനിറങ്ങിയത്. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കിഷോരിലാല്‍ ശര്‍മയോട് 1,67,196 വോട്ടിന്റെ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്. സ്മൃതിയുടെ പരാജയത്തോടെ മണ്ഡലത്തില്‍ ബിജെപിക്ക് ഇനിയൊരു തിരിച്ചുവരവ് എളുപ്പമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
കേന്ദ്ര ഐ.ടി സഹമന്ത്രിയായിരുന്ന രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് തോറ്റു. കോണ്‍ഗ്രസിന്റെ ശശി തരൂരിനെതിരെ തുടക്കത്തില്‍ മുന്നേറിയെങ്കിലും അന്തിമ വിധി രാജീവ് ചന്ദ്രശേഖറിന് എതിരായി. 16,077 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തരൂര്‍ വീണ്ടും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
വിദേശകാര്യ സഹമന്ത്രിയായിരുന്ന വി. മുരളീധരന്‍ ആറ്റിങ്ങലില്‍ മൂന്നാം സ്ഥാനത്തായി. ശക്തമായ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിച്ച മണ്ഡലത്തില്‍ 3.1 ലക്ഷം വോട്ടു പിടിക്കാന്‍ മുരളീധരനായി. യു.ഡി.എഫിന്റെ അടൂര്‍ പ്രകാശ് 784 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചു കയറിയത്.
കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന അജയ് മിശ്ര ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ഉത്കര്‍ഷ് വര്‍മയോടാണ് പരാജയപ്പെട്ടത്. 2021 ല്‍ മണ്ഡലത്തില്‍, കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ക്കു നേരെ അദേഹത്തിന്റെ മകന്‍ വാഹമോടിച്ചു കയറ്റിയ സംഭവവുമായി ബന്ധപ്പെട്ട വിവാദം അജയ് മിശ്രക്ക് തിരിച്ചടിയായി. 34,329 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എസ്.പി സ്ഥാനാര്‍ഥിയുടെ വിജയം.
ആദിവാസി ക്ഷേമവകുപ്പ് മന്ത്രിയായിരുന്ന അര്‍ജുന്‍ മുണ്ട ജാര്‍ഖണ്ഡിലെ ഖൂണ്ടി മണ്ഡലത്തിലാണ് പരാജയപ്പെട്ടത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കാളിചരണ്‍ മുണ്ട 1.49 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
കര്‍ഷക ക്ഷേമ സഹമന്ത്രിയായിരുന്ന കൈലാഷ് ചൗധരി രാജസ്ഥാനിലെ ബാര്‍മറില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോണ്‍ഗ്രസിന്റെ ഉമേദ റാം ബെനിവാള്‍ ഇവിടെ വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു.
ഇവര്‍ക്ക് പുറമെ കേന്ദ്രമന്ത്രിമാരായ മഹേന്ദ്രനാഥ് പാണ്ഡെ (ചന്ദൗലി), കൗശല്‍ കിഷോര്‍ (മൊഹന്‍ലാല്‍ ഗഞ്ച്), സാധ്വി നിരഞ്ജന്‍ ജ്യോതി (ഫത്തേപുര്‍), റാവു സാബിഹ് ധന്‍വെ (ജല്‍ന), ആര്‍.കെ. സിങ് (ആര), സഞ്ജീവ് ബല്യാന്‍ (മുസാഫര്‍നഗര്‍), എല്‍. മുരുകന്‍ (നീലഗിരി), നിഷിത് പരമാണിക് (കൂച്ച് ബിഹാര്‍), സുഭാഷ് സര്‍ക്കാര്‍ (ബന്‍കുര) എന്നിവരും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.