ഗ്രാമീണ ജനത ബിജെപിയോട് പറഞ്ഞു... 'കടക്ക് പുറത്ത്': ഒറ്റയ്ക്ക് ഭരിക്കാമെന്ന മോഡിയുടെ സ്വപ്‌നം അതോടെ വെറും പേക്കിനാവായി മാറി

ഗ്രാമീണ ജനത ബിജെപിയോട് പറഞ്ഞു... 'കടക്ക് പുറത്ത്': ഒറ്റയ്ക്ക് ഭരിക്കാമെന്ന മോഡിയുടെ സ്വപ്‌നം അതോടെ വെറും പേക്കിനാവായി മാറി

 ഗ്രാമീണ മേഖലകളില്‍ ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്ന്‌  ഇക്കഴിഞ്ഞ മെയ് 27 ന് സീന്യൂസ് ലൈവ് പ്രസിദ്ധീകരിച്ച രാഷ്ട്രീയ അവലോകന വാര്‍ത്തയില്‍ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ അതു തന്നെയാണ് സംഭവിച്ചതും.

'ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണ്' എന്ന് പറഞ്ഞത് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരിഹാസത്തിനും അധിക്ഷേപത്തിനും പാത്രമായ നമ്മുടെ രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയാണ്.

ഇന്ത്യ എന്ന വലിയ രാജ്യത്തിന്റെ നിര്‍മ്മിതിയില്‍ കര്‍ഷകരടങ്ങുന്ന ഗ്രാമീണ മേഖലകളുടെ പ്രാധാന്യം മനസിലാക്കിയാണ് പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ ഒരു കര്‍ഷക കൂട്ടായ്മയില്‍ പ്രസംഗിക്കവേ ഗാന്ധിജി അപ്രകാരം പറഞ്ഞത്.

എന്നാല്‍ നരേന്ദ്ര മോഡിക്ക് ഗാന്ധിജിയെ മനസിലാക്കാന്‍ കഴിയാതെ പോയതു പോലെ ഗ്രാമീണ ജനതയെയും മനസിലാക്കാനായില്ല എന്നതാണ് നാനൂറിലധികം സീറ്റുകള്‍ എന്ന ലക്ഷ്യവുമായി തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയ എന്‍ഡിഎ മുന്നണിക്ക് 292 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്.

മോഡി സര്‍ക്കാരിന്റെ നഗര കേന്ദ്രീകൃത വികസന പദ്ധതികളും കര്‍ഷക വിരുദ്ധ നയങ്ങളും ഗ്രാമീണ മേഖലകളില്‍ ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് ഇക്കഴിഞ്ഞ മെയ് 27 ന് സീന്യൂസ് ലൈവ് പ്രസിദ്ധീകരിച്ച രാഷ്ട്രീയ അവലോകന വാര്‍ത്തയില്‍ വ്യക്തമാക്കിയിരുന്നു.

തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ അതു തന്നെയാണ് സംഭവിച്ചതും. കര്‍ഷകരും ഗ്രാമ ജനതയും മോഡിയോടും ബിജെപിയോടും പറഞ്ഞു: 'കടക്ക് പുറത്ത്'. അതിന് വ്യക്തമായ ഉദാഹരണമാണ് കര്‍ഷക രോഷം തിളച്ചു മറിഞ്ഞ പഞ്ചാബിലും ഹരിയാനയിലും ബിജെപിക്കേറ്റ കനത്ത തിരിച്ചടി.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ്-ആം ആദ്മി സഖ്യമുണ്ടായിട്ടും ഏഴ് സീറ്റിലും വിജയിച്ച ബിജെപി പഞ്ചാബില്‍ ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി, ശിരോമണി അകാലിദള്‍ ചതുഷ്‌കോണ മത്സരം നടന്നിട്ടും ഒരു സീറ്റ് പോലും നേടാനാകാതെ വട്ടപ്പൂജ്യമായി മാറി. നിലവില്‍ കൈവശമുണ്ടായിരുന്ന രണ്ട് സീറ്റ് നഷ്ടമാവുകയാണുണ്ടായത്.

2019 ലെ തിരഞ്ഞെടുപ്പില്‍ ഹരിയാനയിലെ പത്ത് സീറ്റും തൂത്തു വാരിയ ബിജെപിക്ക് ഇത്തവണ അഞ്ച് സീറ്റ് നഷ്ടപ്പെട്ടു. ഉത്തര്‍പ്രദേശിലും മറ്റ് പല സംസ്ഥാനങ്ങളിലും സ്ഥിതി മറിച്ചല്ല. ഗ്രാമീണ മേഖല ബിജെപിയെ കൈവിടുന്ന കാഴ്ചയാണ് കണ്ടത്. 2014 ലെ തിരഞ്ഞെടുപ്പില്‍ യുപിഎ സര്‍ക്കാരിനെതിരായ ഭരണ വിരുദ്ധ വികാരത്തോടൊപ്പം ഗ്രാമീണ മേഖലകള്‍ ലക്ഷ്യമാക്കി മുന്നോട്ടു വച്ച വികസന വാഗ്ദാനങ്ങളും ക്ഷേമ പദ്ധതികളും സാധാരണക്കാര്‍ക്ക് സ്വീകാര്യമായിരുന്നു.

എല്ലാ വീടുകളിലും ശൗച്യാലയം, സൗജന്യ ധാന്യം, പൈപ്പ് വെള്ളം, പാചക വാതക സബ്‌സിഡി, കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് ധന സഹായം തുടങ്ങിയ കാര്യങ്ങള്‍ സാധാരണക്കാരെ ആകര്‍ഷിച്ചു. എന്നാല്‍ പിന്നീട് മോഡി സര്‍ക്കാര്‍ കൈക്കൊണ്ട കര്‍ഷക വിരുദ്ധ നയങ്ങള്‍ മൂലം കൃഷി ലാഭകരമല്ലാതായതും ഗ്രാമീണ മേഖലകളിലെ യുവാക്കള്‍ക്കിടയില്‍ രൂക്ഷമായി വര്‍ധിച്ചു വന്ന തൊഴിലില്ലായ്മയും അടിസ്ഥാന സൗകര്യ വികസനത്തിലെ പാളിച്ചകളും സര്‍ക്കാരിനും ബിജെപിക്കും വലിയ തിരിച്ചടി സമ്മാനിച്ചു. അതാണ് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ടത്.

കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവും വര്‍ധിച്ചു വരുന്ന കടവും മൂലം നില്‍ക്കക്കള്ളിയില്ലാതെ വന്നതോടെയാണ് കാര്‍ഷിക വിളകള്‍ക്ക് മതിയായ താങ്ങുവില പ്രഖ്യാപിക്കണം എന്ന പ്രധാന ആവശ്യവുമായി കര്‍ഷകര്‍ സമര രംഗത്തിറങ്ങിയത്. എന്നാല്‍ ഇടത്തരക്കാരെയും നഗര വാസികളെയും ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ നയങ്ങള്‍ കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയായി.

വിപണിയില്‍ വില പിടിച്ച് നിര്‍ത്താന്‍ കയറ്റുമതി ഉള്‍പ്പെടെ തടഞ്ഞു കൊണ്ടുള്ള കേന്ദ്ര തീരുമാനങ്ങള്‍ കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ഇത്തരം നിലപാടുകള്‍ കേന്ദ്ര സര്‍ക്കാര്‍ നഗര വാസികള്‍ക്ക് അനുകൂലമാണെന്ന ചിന്തയും കാര്‍ഷിക മേഖലയില്‍ ഉടലെടുക്കാന്‍ കാരണമാക്കി.

അരി, ഗോതമ്പ്, പഞ്ചസാര എന്നിവയുടെ കയറ്റുമതി നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കര്‍ഷകരുടെയും ഭക്ഷ്യ വിതരണ ശൃംഗലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും വരുമാനത്തെ സാരമായി ബാധിച്ചു. മാത്രമല്ല തങ്ങളുടെ തികച്ചും ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി നടത്തിയ സമരത്തെ കേന്ദ്ര സര്‍ക്കാര്‍ തമസ്‌കരിച്ചതും വലിയ തോതിലുള്ള കര്‍ഷക രോഷത്തിന് ഇടയാക്കി.

ഈ സാഹചര്യത്തിലാണ് കര്‍ഷകര്‍ക്ക് ആശ്വാസമായി, ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം വന്നത്. മാത്രമല്ല, കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിമാസം 8500 രൂപ നല്‍കുമെന്ന മഹാലക്ഷ്മി പദ്ധതിയും സാധരണക്കാരെ വല്ലാതെ സ്വാധീനിച്ചു. അതോടെയാണ് ഗ്രാമീണ മേഖലകളില്‍ ബിജെപിയുടെ മരണമണി മുഴങ്ങിയത്.

മുന്‍ വാര്‍ത്ത വായിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തുടക്കത്തിലേ 370+ ല്‍ നിന്ന് താഴ്ന്ന് പറന്ന് ബിജെപി; കോണ്‍ഗ്രസിന്റെ 'മഹാലക്ഷ്മി' ഗ്രാമങ്ങളെ ഉണര്‍ത്തുമോ?.. അടിയൊഴുക്കിനെ ഭയക്കുന്നതാര്?


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.