ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന് പിന്നാലെ തലസ്ഥാനത്ത് ചേര്‍ന്ന ഇന്ത്യാ മുന്നണിയുടെ യോഗം അവസാനിച്ചു. പ്രതിപക്ഷത്ത് ഇരിക്കാനാണ് ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം. പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ യോഗത്തില്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ചു.
ഇന്ത്യാ മുന്നണി കൂടുതല്‍ ശക്തമാക്കുമെന്നും ഭരണഘടനയുടെ സംരക്ഷണത്തിനായി പോരാടുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗ വ്യക്തമാക്കി. നരേന്ദ്ര മോഡിക്കെതിരായ ജനവിധിയില്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും ശക്തമായ പ്രതിപക്ഷമാകുമെന്നും അദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പിന്തുണച്ചവര്‍ക്ക് നന്ദി. ഫാസിസത്തിനെതിരായ പോരാട്ടം സഖ്യം കടുപ്പിക്കും. ഭരണഘടനാ സംരക്ഷണത്തിനായി പോരാടുമെന്നും ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിന് ശേഷം ഖാര്‍ഗ മാധ്യമങ്ങളോട് പറഞ്ഞു.
ഭരണഘടനാ സംരക്ഷണത്തിനൊപ്പം നില്‍ക്കാന്‍ താല്‍പര്യമുള്ള കക്ഷികള്‍ക്ക് ഇന്ത്യാ സഖ്യത്തിലേക്ക് വരാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗ പറഞ്ഞു. ബിജെപിയുടെ രാഷ്ട്രീയത്തിനും നിലപാടിനും ഉള്ള തക്ക മറുപടിയാണ് ജനം നല്‍കിയത്. ജനഹിതം അറിഞ്ഞ് മുന്നേറും. മോഡിയുടേത് രാഷ്ട്രീയ പരാജയം മാത്രമല്ല മറിച്ച് ധാര്‍മിക പരാജയം കൂടിയാണ്. പൊതുജനാഭിപ്രായത്തെ നിഷേധിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും മോഡി നടത്തും.
കേവല ഭൂരിപക്ഷമില്ലാതെ സഖ്യകക്ഷികള്‍ക്ക് പിന്നാലെ ബിജെപി കൂടിയ സാഹചര്യത്തിലാണ് ഇന്ത്യാ സഖ്യവും സര്‍ക്കാര്‍ രൂപീകരണത്തിനായി തീരുമാനിച്ചത്. സഖ്യത്തിലെ കക്ഷികളുടെ പൊതു തീരുമാന പ്രകാരം തുടര്‍ നടപടകളിലേക്ക് കടക്കാനായിരുന്നു നീക്കം. ഡല്‍ഹിയില്‍ മുപ്പത്തിമൂന്ന് പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടത്താന്‍ ഗൗരവമായ നിര്‍ദേശം ഉയര്‍ന്നില്ല. മറിച്ച് പ്രതിപക്ഷ നിരയില്‍ ശക്തമായ സാന്നിധ്യമാകാന്‍ തീരുമാനിച്ചുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.