അനിലിന് കേരളവുമായി ബന്ധമില്ല, ജയിക്കാവുന്ന സീറ്റ് നശിപ്പിച്ചു; സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമ്പോള്‍ പാര്‍ട്ടി ശ്രദ്ധിക്കണം: പി.സി ജോര്‍ജ്

അനിലിന് കേരളവുമായി ബന്ധമില്ല,  ജയിക്കാവുന്ന സീറ്റ് നശിപ്പിച്ചു; സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമ്പോള്‍ പാര്‍ട്ടി ശ്രദ്ധിക്കണം: പി.സി ജോര്‍ജ്

പത്തനംതിട്ട: പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പരാജയ കാരണങ്ങള്‍ വിവരിച്ച് മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ പി.സി ജോര്‍ജ്. അനില്‍ ആന്റണിക്ക് കേരളവുമായി ഒരു ബന്ധവുമില്ലെന്നും ഇനിയെങ്കിലും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമ്പോള്‍ പാര്‍ട്ടി ശ്രദ്ധിക്കണമെന്നും അദേഹം പറഞ്ഞു.

സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുമ്പോള്‍ വളരെയധികം ചിന്തിക്കാനുണ്ട്. നാടുമായി ബന്ധമുള്ളവരെയോ, നാട്ടില്‍ അറിയപ്പെടുന്ന ആളുകളെയോ, സംസ്ഥാന തലത്തില്‍ അറിയപ്പെടുന്നവരെയോ ഒക്കെയാണ് സ്ഥാനാര്‍ഥിയാക്കേണ്ടത്. എങ്കിലേ ഒരു നിലയും വിലയുമുണ്ടാകൂ. ജനങ്ങള്‍ക്ക് അവരോട് ആഭിമുഖ്യം തോന്നൂവെന്നും പി.സി ജോര്‍ജ് പറഞ്ഞു.

അനില്‍ ആന്റണിക്ക് വേണ്ടി വോട്ടു പിടിക്കാന്‍ വളരെയധികം ബുദ്ധിമുട്ടിയെന്ന് പറഞ്ഞ പി.സി സ്വന്തം നിലയ്ക്ക് ഫോണ്‍ വിളിച്ചാണ് പലരോടും വോട്ട് ചോദിച്ചതെന്നും പറഞ്ഞു. അനില്‍ നല്ല ചെറുപ്പക്കാരനാണെങ്കിലും കേരളവുമായി ഒരു ബന്ധവുമില്ല. ആന്റണിയുടെ മകനെന്നേയുള്ളൂ. ആന്റണി തന്നെ മകനെ തള്ളിപ്പറഞ്ഞതും പേരുദോഷമായെന്ന് പി.സി വ്യക്തമാക്കി.

പൂഞ്ഞാര്‍ പഞ്ചായത്തില്‍ അനില്‍ ലീഡ് ചെയ്തു. മറ്റ് ചില പഞ്ചായത്തുകളില്‍ രണ്ടാം സ്ഥാനത്തെത്തി. എന്നാല്‍ മുണ്ടക്കയത്ത് പിന്നോട്ട് പോയി. അതിന്റെ കാരണം അനിലിനെ ആര്‍ക്കും അറിയാത്തതാണ്. ജയിക്കാവുന്ന സീറ്റ് കൊണ്ട് പോയി നശിപ്പിച്ചു. അനിലിനെ പോലെ ഭാവിയുള്ള ഒരാളെ പത്തനംതിട്ടയില്‍ കൊണ്ട് പോയി മത്സരിപ്പിക്കരുതായിരുന്നു. പത്തനംതിട്ട സീറ്റ് താന്‍ ആവശ്യപ്പെട്ടുവെന്ന പ്രചരണം വ്യാജമാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.