ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം: കേരളത്തില്‍ ക്രൈസ്തവരെ അവഗണിച്ച കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനുള്ള താക്കീതെന്ന് സീറോ മലബാര്‍സഭാ അല്‍മായ ഫോറം

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം: കേരളത്തില്‍ ക്രൈസ്തവരെ അവഗണിച്ച കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനുള്ള താക്കീതെന്ന് സീറോ മലബാര്‍സഭാ അല്‍മായ ഫോറം

കൊച്ചി: ക്രൈസ്തവ സമുദായത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന പ്രവണത കഴിഞ്ഞ കുറച്ച് കാലമായി കേരളീയ സമൂഹത്തില്‍ പ്രകടമായിരുന്നു. രാഷ്ട്രീയക്കാരും ക്രൈസ്തവ സഭാവിരുദ്ധ ശക്തികളും എന്നുവേണ്ട വഴിയെ നടന്നു പോകുന്നവനു പോലും വിമര്‍ശിക്കാവുന്ന സാഹചര്യം സംജാതമായിരുന്നു. ശക്തമായി പ്രതികരിക്കാനും ഏത് കൊലകൊമ്പന്റെയും നേര്‍ക്ക് നിന്ന് പ്രതിഷേധിക്കാനും ആക്രമണങ്ങളെ പ്രതിരോധിക്കാനും കഴിയുന്ന വിധത്തിലേക്ക് ഇന്ന് ക്രൈസ്തവ സമൂഹം മാറിയെന്നതിന്റെ തെളിവാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ക്രൈസ്തവ സമൂഹത്തോടുള്ള കേരളത്തിലെ ഭരണകര്‍ത്താക്കളുടെ അവഗണനക്കുള്ള തിരിച്ചടികൂടിയാണ് ഈ ഫലം.

ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തതും വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക മേഖലകളില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നേരെയുള്ള വിവേചനങ്ങളും ക്രൈസ്തവര്‍ക്കെതിരെ രാഷ്ട്രീയ നേതൃത്വങ്ങളുടെ അറിവോടെ നടക്കുന്ന ഭരണഘടനാ വിരുദ്ധമായ നീക്കങ്ങളും നിയമവിരുദ്ധ ഇടപെടലുകളും മലയോര മേഖലയില്‍ ക്രൈസ്തവരടക്കമുള്ള എല്ലാവരും നേരിടുന്ന വന്യമൃഗ ഭീഷണികളും റബര്‍ കര്‍ഷകര്‍ക്ക് നേരെയുള്ള അവഗണനകളും ക്രൈസ്തവര്‍ക്കായുള്ള ആനുകൂല്യങ്ങള്‍ പോലും പലരും തട്ടിയെടുക്കുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പുലര്‍ത്തിയ മൗനവും തീരദേശങ്ങളെ തിരിഞ്ഞു നോക്കാത്ത അവസ്ഥയും കൊണ്ടാണ് ഇടതു കക്ഷികള്‍ ദയനീയ പരാജയം നേരിട്ടത്.

ക്ഷേമ പെന്‍ഷന്‍ മുടക്കം, സപ്ലൈകോ തകര്‍ച്ച, അഴിമതി ആരോപണങ്ങള്‍, കരുവന്നൂര്‍ ഉള്‍പ്പെടെ കേരളത്തിലെ സഹകരണ രംഗത്തെ അവിഹിത ഇടപെടലുകള്‍, ശമ്പള മുടക്കം കെഎസ്ആര്‍ടിസി തകര്‍ച്ച എന്നിവയെല്ലാം സര്‍ക്കാരിനെതിരായ വിധിയെഴുത്തിന് കാരണമായിട്ടുണ്ട്.

ഏകാധിപത്യവും ഫാസിസവും ക്രൈസ്തവ പീഡനങ്ങളും ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ബിജെപിയില്‍ നിന്ന് അകറ്റിയിട്ടുണ്ടെന്ന് ബിജെപി നേതൃത്വം തിരിച്ചറിയണം. തൃശൂരിലെ സ്ഥാനാര്‍ത്ഥി ന്യൂനപക്ഷങ്ങളെ ബഹുമാനിക്കുന്നത് കൊണ്ടാണ് വിജയിച്ചത്. തുടര്‍ച്ചയായ പരാജയങ്ങള്‍ വകവയ്ക്കാതെ തൃശൂരില്‍ ജനങ്ങളുടെ ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുകയും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും, ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ബഹുമാനിക്കുകയും ചെയ്ത നേതാവായ സുരേഷ് ഗോപിയുടെ വിജയം രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുള്ള മാതൃകാ ചൂണ്ടു പലകയാണ്.

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പണം ധൂര്‍ത്തടിച്ച് വന്‍ ജനപങ്കാളിത്തത്തോടെ നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ഇടതുപക്ഷം നടത്തിയ നവ കേരളാ സദസ് രാഷ്ട്രീയ നേട്ടങ്ങള്‍ക്കപ്പുറം രാഷ്ട്രീയ എതിരാളികളെ സ്വന്തം അണികളെ കൊണ്ട് അടിച്ചൊതുക്കുന്ന പരിപാടിയാക്കിയതും കേരള ജനതയില്‍ അവമതിയുണ്ടാക്കി.

വിലക്കയറ്റം, തൊഴിലില്ലായ്മ, പാര്‍ട്ടിക്കാരുടെ അക്രമണങ്ങള്‍, അഴിമതി, അഹങ്കാരം എന്നിവയെല്ലാം സര്‍ക്കാരിനെതിരെ വലിയ ജനവികാരം ഉണ്ടാക്കിയിട്ടുണ്ട്. ക്രമസമാധാന തകര്‍ച്ച, ഗുണ്ടാ വിളയാട്ടം, പൊലീസിന്റെ മാഫിയാ ബന്ധം തുടങ്ങിവയും സര്‍ക്കാരിന് ഉണ്ടാക്കിയ കളങ്കം വലുതാണ്.

രാജ്യത്തെ സാധാരണ പൗരന്മാരെയും ദരിദ്രരെയും ന്യൂനപക്ഷങ്ങളെയും ദുര്‍ബല വിഭാഗങ്ങളെയും ചേര്‍ത്തു പിടിച്ചു കൊണ്ടുള്ള ഭരണത്തിന് മാത്രമെ ജനഹൃദയങ്ങളില്‍ സ്ഥാനമുണ്ടാകൂ എന്ന സന്ദേശമാണ് ഈ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.