'തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരും': ഇടതുപക്ഷത്തിനെതിരെ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

'തിരുത്താന്‍ തയ്യാറായില്ലെങ്കില്‍  ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരും': ഇടതുപക്ഷത്തിനെതിരെ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുമുന്നണിക്കുണ്ടായ കനത്ത തോല്‍വിയില്‍ സര്‍ക്കാരിനെയും സിപിഎമ്മിനെയും വിമര്‍ശിച്ച് യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.

ജനങ്ങള്‍ നല്‍കുന്ന തുടര്‍ച്ചയായ ആഘാത ചികിത്സയില്‍ നിന്ന് ഇനിയും പാഠം പഠിക്കാന്‍ തയ്യാറായില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരുമെന്ന് അദേഹം ഫെയ്സ് ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടതു പക്ഷത്തിനുണ്ടായ തകര്‍ച്ചയുടെ പ്രധാന കാരണം അതിശക്തമായ ഭരണ വിരുദ്ധ വികാരമാണെന്നും സിപിഎം എത്ര നിഷേധിക്കാന്‍ ശ്രമിച്ചാലും അത് യാഥാര്‍ഥ്യമാണെന്നുംഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫെയ്സ് ബുക്കില്‍ കുറിച്ചു.

ഫെയ്സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

ജനങ്ങള്‍ നല്‍കുന്ന തുടര്‍ച്ചയായ ആഘാത ചികിത്സയില്‍ നിന്ന് ഇനിയും പാഠം പഠിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ കേരളത്തിലെ ഇടതു പക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതു പക്ഷത്തിന് ഉണ്ടായ തകര്‍ച്ചയുടെ പ്രധാന കാരണങ്ങളില്‍ ഒന്ന് നിലവിലുള്ള അതിശക്തമായ ഭരണ വിരുദ്ധ വികാരമാണ്.

സിപിഎം എത്ര നിഷേധിക്കുവാന്‍ ശ്രമിച്ചാലും അത് ഒരു യാഥാര്‍ത്ഥ്യമാണ്. സാമ്പത്തിക നയങ്ങളിലെ പരാജയം, അച്ചടക്കം ഇല്ലായ്മ, ധൂര്‍ത്ത്, വളരെ മോശമായ പോലീസ് നയങ്ങള്‍, മാധ്യമ വേട്ട, സഹകരണ ബാങ്കുകളില്‍ ഉള്‍പ്പെടെ നടന്ന അഴിമതികള്‍, പെന്‍ഷന്‍ മുടങ്ങിയത് അടക്കം പാവപ്പെട്ടവരെ അവഗണിച്ചുള്ള നീക്കങ്ങള്‍, എസ്എഫ്‌ഐയുടെ അക്രമാസക്ത രാഷ്ട്രീയം, വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത, മത-സാമുദായിക സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കുവാനുള്ള ശ്രമങ്ങള്‍, വലതുവല്‍ക്കരണ നയങ്ങള്‍, തുടങ്ങിയ നിരവധി കാരണങ്ങള്‍ ഈ തോല്‍വിക്ക് നിദാനമാണ്.

ബിജെപിയെക്കാള്‍ ഉപരി കോണ്‍ഗ്രസിനെയും ഫാസിസത്തിനെതിരെ ധീരമായി പോരാടിയ രാഹുല്‍ ഗാന്ധിയെയും 'ടാര്‍ഗറ്റ് ' ചെയ്തു കൊണ്ടുള്ള ഇടതുപക്ഷ പ്രചാരണം മതേതര വിശ്വാസികളില്‍ സംശയമുണ്ടാക്കി. ഒന്നാം പിണറായി സര്‍ക്കാരിനെ അപേക്ഷിച്ച് രണ്ടാം സര്‍ക്കാരിന്റെ നിലവാര തകര്‍ച്ച മറ്റൊരു പ്രധാന കാരണമാണ്. ഭൂരിപക്ഷം മന്ത്രിമാരുടെയും പ്രകടനം ദയനീയമാണ്.

ധാര്‍ഷ്ട്യവും ധൂര്‍ത്തും ഇനിയും തുടര്‍ന്നാല്‍ ഇതിലും വലിയ തിരിച്ചടികള്‍ ആയിരിക്കും ഇടതുപക്ഷത്തെ കാത്തിരിക്കുക. എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ല. 'കിറ്റ് രാഷ്ട്രീയത്തില്‍' ഒന്നിലധികം പ്രാവശ്യം ജനങ്ങള്‍ വീഴില്ല, പ്രത്യേകിച്ച് കേരളത്തില്‍.

തിരുത്തുമെന്ന് നേതൃത്വം പറയുന്നത് സ്വാഗതാര്‍ഹമാണ്. അത് പക്ഷേ തൊലിപ്പുറത്തുള്ള തിരുത്തല്‍ ആവരുത്. രോഗം ആഴത്തിലുള്ളതാണ്. ചികിത്സയും ആഴത്തില്‍ തന്നെ ഇറങ്ങണം. ഇടതുപക്ഷം 'ഇടത്ത് ' തന്നെ നില്‍ക്കണം. ഇടത്തോട്ട് ഇന്‍ഡിക്കേറ്റര്‍ ഇട്ടിട്ട് വലത്തോട്ട് വണ്ടിയോടിച്ചാല്‍ അപകടം ഉണ്ടാകും. ലക്ഷ്യ സ്ഥാനത്ത് എത്തുകയുമില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.