രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാരിന്റെ അഗ്നിപഥ് പുനപരിശോധിച്ചേക്കും; ഹ്രസ്വകാല സേവന വ്യവസ്ഥയില്‍ മാറ്റത്തിന് സാധ്യത

 രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാരിന്റെ അഗ്നിപഥ് പുനപരിശോധിച്ചേക്കും; ഹ്രസ്വകാല സേവന വ്യവസ്ഥയില്‍ മാറ്റത്തിന് സാധ്യത

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന അഗ്നിപഥ് പദ്ധതി പുനപരിശോധിച്ചേക്കാന്‍ ആലോചന. മൂന്നാം മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് പിന്നാലെ തന്നെ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. അഗ്നിപഥ് പദ്ധതിയില്‍ പുനപരിശോധന വേണമെന്ന് എന്‍ഡിഎ ഘടകകക്ഷികളായ ജെഡിയു ലോക് ജനശക്തി പാര്‍ട്ടി എന്നിവ ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ നാല് വര്‍ഷത്തെ സേവന കാലാവധിക്ക് ശേഷം മികവ് പുലര്‍ത്തുന്ന 25 ശതമാനം പേരെ 15 വര്‍ഷത്തേക്ക് നിയമിക്കും. എന്നാല്‍ 75 ശതമാനം പേര്‍ക്ക് സേനയില്‍ നിന്ന് പുറത്തുപോകേണ്ടി വരും. തൊഴില്‍ സ്ഥിരത ഇല്ലാത്തതാകുന്ന ഈ വ്യവസ്ഥക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് മുഴുവന്‍ അഗ്നിവീര്‍മാര്‍ക്കും 15 വര്‍ഷത്തേക്ക് നിയമനം നല്‍കുന്ന കാര്യം പരിഗണിക്കുന്നത്.

നിലവില്‍ അഗ്നിവീര്‍മാര്‍ സൈനിക ജോലിക്കിടെ മരിക്കുകയോ, പരുക്കേല്‍ക്കുകയോ ചെയ്താല്‍ മറ്റ് സൈനികര്‍ക്ക് ലഭിക്കുന്ന അതേ സാമ്പത്തിക സഹായം ലഭിക്കില്ല. ഈ വിവേചനം ഒഴിവാക്കണം എന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. ഇക്കാര്യത്തിലും സര്‍ക്കാര്‍ അനുകൂലമായ തീരുമാനം എടുത്തേക്കും.
അഗ്നിപഥ് പദ്ധതി നടപ്പാക്കാന്‍ തുടങ്ങിയതിന് ശേഷം സൈനിക വിഭാഗങ്ങളില്‍ ഉള്ള സ്ഥിരം സൈനികരുടെ എണ്ണം കുറയുകയാണ്. ഈ പ്രതിസന്ധി മറികടക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് പുതിയ പരിഷ്‌കരണങ്ങള്‍ കൊണ്ട് വരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇന്ത്യ സഖ്യം അധികാരത്തില്‍ വന്നാല്‍ അഗ്നിപഥ് പദ്ധതി റദ്ദാക്കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.

അതേസമയം അഗ്നിപഥ് പദ്ധതി തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് കാര്യമായ തിരിച്ചടിക്ക് വഴിവച്ചുവെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.