'രാജ്യം ഭരിക്കാന്‍ സമവായം ആവശ്യം'; പുതിയ തിരിച്ചറിവ് നേടി മോഡി

'രാജ്യം ഭരിക്കാന്‍ സമവായം ആവശ്യം'; പുതിയ തിരിച്ചറിവ് നേടി മോഡി

ന്യൂഡല്‍ഹി: രാജ്യം ഭരിക്കാന്‍ താന്‍പ്രമാണിത്വമല്ല, സമവായമാണ് ആവശ്യമെന്ന തിരിച്ചറിവില്‍ നരേന്ദ്ര മോഡി. തന്നെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്ത എന്‍ഡിഎ എംപിമാരുടെ യോഗത്തെ അഭിസംബോധന ചെയ്യവേയാണ് രാജ്യം ഭരിക്കാന്‍ സമവായം ആവശ്യമാണെന്ന് മോഡി വ്യക്തമാക്കിയത്.

എന്‍ഡിഎയിലെ മറ്റ് കക്ഷികളുമായി സമവായം ഉറപ്പുവരുത്തി മുന്നോട്ടു പോകുമെന്നും മോഡി പറഞ്ഞു. ഇന്ത്യയുടെ പ്രതിഫലനമാണ് എന്‍ഡിഎ. ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ സഖ്യമാണ് എന്‍ഡിഎയെന്നും അദേഹം വ്യക്തമാക്കി.

യോഗത്തിന് എത്തിച്ചേര്‍ന്ന ഘടകക്ഷി നേതാക്കളോടും തിരഞ്ഞെടുക്കപ്പെട്ട എംപിമാരോടും നന്ദി പറയുന്നു. ഇത്രയും വലിയ സംഘത്തെ വരവേല്‍ക്കാന്‍ സാധിച്ചത് സന്തോഷമുള്ള കാര്യമാണ്. വിജയിച്ചവരെല്ലാം അഭിനന്ദനം അര്‍ഹിക്കുന്നു. രാവും പകലും അധ്വാനിച്ച പാര്‍ട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു. എന്‍ഡിഎ സഖ്യം ഇന്ത്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണന്നും മോഡി പറഞ്ഞു.

നിങ്ങള്‍ നല്‍കിയ പുതിയ ഉത്തരവാദിത്തത്തില്‍ ഞാന്‍ വളരെ നന്ദിയുള്ളവനാണ്. 2019 ല്‍ സമാനമായ അവസരത്തിലും ഞാന്‍ സംസാരിച്ചത് വിശ്വാസത്തെക്കുറിച്ചാണ്. ഇതേ വിശ്വാസത്തെക്കുറിച്ചാണ് ഇപ്പോഴും സംസാരിക്കുന്നത്.പാര്‍ലമെന്റില്‍ എല്ലാ പാര്‍ട്ടികളുടേയും നേതാക്കള്‍ തുല്യരാണ്. അതിനാലാണ് കഴിഞ്ഞ 30 വര്‍ഷമായി എന്‍ഡിഎ സഖ്യം ശക്തമായി മുന്നോട്ട് പോകുന്നത്.

ജൂണ്‍ നാലിന് ഫലം വരുമ്പോള്‍ ജോലിത്തിരക്കിലായിരുന്നു. പിന്നീട് വിളിച്ചവരോട് വോട്ടെണ്ണല്‍ യന്ത്രം ജീവനയോടെയുണ്ടോ എന്നാണ് ചോദിച്ചത്. ഇന്ത്യയുടെ ജനാധിപത്യത്തിലും ജനാധിപത്യ പ്രക്രിയയിലും ജനങ്ങള്‍ വിശ്വസിക്കുന്നത് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷം തീരുമാനിച്ചിരുന്നു.

അവര്‍ തുടര്‍ച്ചയായി ഇവിഎമ്മിനെതിരേ സംസാരിച്ചുകൊണ്ടിരുന്നു. ജൂണ്‍ നാലിന് ഇതെല്ലാം അവസാനിച്ചു. അഞ്ച് വര്‍ഷത്തേക്ക് ഇവിഎമ്മിനെക്കുറിച്ച് കേള്‍ക്കേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രതിപക്ഷത്തെ പരിഹസിച്ച് നിയുക്ത പ്രധാനമന്ത്രി പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.