സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച സ്‌കൂൾ വിദ്യാർഥിനിയെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ്; കുട്ടി രക്ഷപെട്ടത് അത്ഭുതകരമായി

സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച സ്‌കൂൾ വിദ്യാർഥിനിയെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ്; കുട്ടി രക്ഷപെട്ടത് അത്ഭുതകരമായി

കോഴിക്കോട്: ചെറുവണ്ണൂരിൽ സീബ്രാ ലൈനിലൂടെ റോഡ് കുറുകെ കടന്ന സ്‌കൂൾ വിദ്യാർഥിനിയെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ്. ചെറുവണ്ണൂർ സ്‌കൂളിന് മുന്നിലെ സീബ്രാ ലൈനിൽ വെള്ളിയാഴ്ച‌യാണ് അപകടം. കൊളത്തറ സ്വദേശിനിയായ ഫാത്തിമ റിനയെ അമിത വേഗതയിൽ വന്ന ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഇരുവശത്തും നോക്കിയശേഷം വളരെ ശ്രദ്ധയോടെയാണ് വിദ്യാർഥിനി റോഡ് മുറിച്ചു കടന്നത്. ബസ് ഇടിക്കാതിരിക്കാൻ വിദ്യാർഥിനി ഓടിമാറുന്നത് വിഡിയോയിൽ കാണാം. ബസ് ഇടിച്ചെങ്കിലും വിദ്യാർഥിനി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഫാത്തിമ ബസിനടിയിലേക്ക് വീണുപോയി. സംഭവ സ്ഥലത്തുണ്ടായിരുന്നവർ നടുങ്ങിനിൽക്കവേ, ഫാത്തിമ ബസിനടിയിൽ നിന്ന് സ്വയം എഴുന്നേറ്റുവരികയായിരുന്നു.

ഫാത്തിമയെ സംഭവ സ്ഥലത്തുണ്ടായിരുന്നവർ ഉടനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീര വേദനയുണ്ടായിരുന്നെങ്കിലും ഗുരുതരമായ പരിക്കുകളില്ല. പക്ഷേ ബസ് ഉടമയോ ജീവനക്കാരോ തിരിഞ്ഞുനോക്കിയില്ലെന്ന് ഫാത്തിമ പറഞ്ഞു. അമിത വേഗതയിൽ വന്ന ബസ് ഡ്രൈവർക്കെതിരെ നടപടിയെടുക്കണമെന്ന് ഫാത്തിമയുടെ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

അതേസമയം ബസിന്റെ ഡ്രൈവർക്കെതിരെ നല്ലളം പൊലീസ് കേസെടുത്തു. അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് കേസ്. ഡ്രൈവറുടെ ലൈസൻസും ബസിന്‍റെ പെർമിറ്റും സസ്പെൻഡ് ചെയ്യുന്നത് ഉള്‍പ്പെടെ ശക്തമായ നടപടിയുണ്ടാവുമെന്ന് എംവിഡി ഡി ശരത് പറഞ്ഞു. സീബ്രാ ലൈനിലെ മരണപ്പാച്ചിലിൽ കർശന നടപടി സ്വീകരിക്കുമെന്നും ഡി ശരത് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.