ധനം, അധികാരം എന്നിവയോട് നിസംഗത പുലര്‍ത്തുക; ലൗകികതയുടെ തടവറയില്‍ കഴിയാതെ യേശുവിന്റെ സ്വാതന്ത്ര്യം അനുഭവിക്കുന്നവരാകുക: ഫ്രാന്‍സിസ് പാപ്പ

ധനം, അധികാരം എന്നിവയോട് നിസംഗത പുലര്‍ത്തുക; ലൗകികതയുടെ തടവറയില്‍ കഴിയാതെ യേശുവിന്റെ സ്വാതന്ത്ര്യം അനുഭവിക്കുന്നവരാകുക: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: യേശുവിനെ മാതൃകയാക്കി ധനം, അധികാരം, ഉപരിപ്ലവത എന്നിവയോട് നിസംഗ മനോഭാവം പുലര്‍ത്തുന്നവരാകണമെന്ന് വിശ്വാസികളെ ഉദ്‌ബോധിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ.

യേശുവിനെ പോലെ ഞാന്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടോ അതോ, കേവലം ഉപരിപ്ലവമായവയുടെ തടവറയിലാണോ ഞാന്‍ കഴിയുന്നത്? - ത്രികാലജപ പ്രാര്‍ത്ഥനയ്ക്ക് ഒരുമിച്ചുകൂടിയവരുടെ പരിചിന്തനത്തിനായി ഈ ചോദ്യം ഉയര്‍ത്തിക്കൊണ്ടാണ് മാര്‍പാപ്പ തന്റെ ഞായറാഴ്ച സന്ദേശം ആരംഭിച്ചത്. ദൈവത്തെ സമീപിക്കുന്നതില്‍ നിന്ന് നമ്മെ തടസപ്പെടുത്തുന്ന എല്ലാറ്റിനെയും ദൂരെയെറിയണമെന്ന് പാപ്പ ആവശ്യപ്പെട്ടു.

യേശുവിന്റെ പരസ്യ ശുശ്രൂഷ ആരംഭിച്ചതിനു ശേഷം, സമൂഹത്തില്‍ നിന്നുണ്ടായ വ്യത്യസ്ത പ്രതികരണങ്ങള്‍ വിവരിക്കുന്ന മര്‍ക്കോസിന്റെ സുവിശേഷത്തില്‍ നിന്നുള്ള വായനയെ (മര്‍ക്കോസ് 3: 20-35) ആധാരമാക്കിയാണ് പരിശുദ്ധ പിതാവ് ഈയാഴ്ച ധ്യാനചിന്തകള്‍ പങ്കുവച്ചത്. യേശുവിന്റെ ബന്ധുക്കള്‍ അവന് ഭ്രാന്താണെന്ന് ആശങ്കപ്പെട്ടു. അവനെ ഒരു ദുരാത്മാവ് ബാധിച്ചിരിക്കുന്നു എന്ന ആരോപണമാണ് മതാധികാരികള്‍ ഉയര്‍ത്തിയത്.

എന്നാല്‍ യേശുവാകട്ടെ, പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ നിറഞ്ഞ് വചനം പ്രസംഗിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു. അളവുകളോ ഉപാധികളോ കൂടാതെ സ്‌നേഹിക്കാനും ശുശ്രൂഷിക്കാനും സാധിക്കത്തക്കവിധം, പരിശുദ്ധാത്മാവ് 'ദിവ്യമായ ഒരു സ്വാതന്ത്ര്യം' യേശുവിനു നല്‍കി. യേശു അനുഭവിച്ച ഈ സ്വാതന്ത്ര്യത്തെ കുറിച്ച്, നമുക്ക് ഒരു നിമിഷം നിശബ്ദരായി ധ്യാനിക്കാം - പരിശുദ്ധ പിതാവ് പറഞ്ഞു.

ഒന്നാമതായി, സമ്പത്തിന്റെ കാര്യത്തില്‍ യേശു സ്വതന്ത്രനായിരുന്നു. അതിനാല്‍ത്തന്നെ, നസ്രത്ത് എന്ന ഗ്രാമം നല്‍കിയ സുരക്ഷിതത്വം ഉപേക്ഷിക്കാനും അനിശ്ചിതത്വവും ദാരിദ്ര്യവും നിറഞ്ഞ ഒരു ജീവിതം ആശ്ലേഷിക്കാനും അവിടുന്ന് തയാറായി. രോഗികളെയും സഹായം ആവശ്യമായിരുന്നവരെയും തിരികെ ഒന്നും പ്രതീക്ഷിക്കാതെ അവിടുന്ന് സുഖപ്പെടുത്തി.

ജനപ്രിയത തേടാതെ സത്യം പറയുക

അധികാരവുമായി ബന്ധപ്പെട്ടും ക്രിസ്തു സ്വതന്ത്രനായിരുന്നു. തന്നെ അനുഗമിക്കാന്‍ അനേകരെ വിളിച്ചെങ്കിലും, അതിനായി ആരെയും അവിടുന്ന് നിര്‍ബന്ധിച്ചില്ല. അവിടുന്ന് ഒരിക്കലും ശക്തരായവരുടെ പിന്തുണ തേടിയില്ല മറിച്ച്, ഏറ്റവും ചെറിയവരുടെ പക്ഷം ചേരുകയും അങ്ങനെ ചെയ്യാന്‍ ശിഷ്യന്‍മാരെ പഠിപ്പിക്കുകയും ചെയ്തു.

അവസാനമായി, പ്രശസ്തിയും അംഗീകാരവും നേടാനുള്ള ഉദ്യമങ്ങളില്‍ നിന്നും യേശു സ്വതന്ത്രനായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ, സത്യം സംസാരിക്കാന്‍ അവിടുന്ന് ഒരിക്കലും മടി കാണിച്ചില്ല. തെറ്റിദ്ധാരണകളോ ജനപ്രീതിയിലുണ്ടായ കുറവോ, ഒടുവില്‍ കുരിശുമരണമോ പോലും സത്യത്തില്‍ നിന്ന് ക്രിസ്തുവിനെ വ്യതിചലിപ്പിച്ചില്ല.

ഭീഷണികള്‍ക്കു മുമ്പില്‍ വഴങ്ങി കൊടുക്കാനോ, വിലയ്ക്കു വാങ്ങപ്പെടാനോ കര്‍ത്താവ് ഒരിക്കലും തന്നെത്തന്നെ വിട്ടുകൊടുത്തില്ല - മാര്‍പാപ്പ പറഞ്ഞു. ഇവയെല്ലാം നമുക്ക് കാണിച്ചുതരുന്നത് യേശു അനുഭവിച്ചിരുന്ന സ്വാതന്ത്ര്യവും അത് നമ്മെ പഠിപ്പിക്കുന്ന വിലയേറിയ ഒരു പാഠവുമാണ്. സുഖലോലുപത, അധികാരം, സമ്പത്ത്, അംഗീകാരം എന്നിവയാണ് നാം പിന്തുടരുന്നതെങ്കില്‍, ക്രമേണ നാം അവയുടെ അടിമകളായി മാറും - പപ്പാ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മറുവശത്ത്, ദൈവം തരുന്ന സൗജന്യമായ സ്‌നേഹത്താല്‍ നമ്മുടെ ഹൃദയങ്ങളെ വിശാലമാക്കുകയാണെങ്കില്‍ അത് നമ്മില്‍ നിന്ന് നിറഞ്ഞു കവിഞ്ഞൊഴുകും. നാം സ്വാതന്ത്ര്യത്തില്‍ പക്വത പ്രാപിക്കുകയും അതിന്റെ പരിമളം നമുക്കു ചുറ്റും, നമ്മുടെ കുടുംബത്തിലും സമൂഹത്തിലും പരത്തുന്നവരാവുകയും ചെയ്യും.

സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു

'ഞാന്‍ സ്വതന്ത്രനാണോ അതോ, എന്റെയും മറ്റുള്ളവരുടെയും സ്വസ്ഥത കളയുന്ന വിധത്തില്‍ സമ്പത്ത്, അധികാരം, നേട്ടങ്ങള്‍ എന്നീ മിഥ്യാധാരണകളുടെ തടവറയിലാണോ? ഞാന്‍ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ സ്വാതന്ത്ര്യത്തിന്റെയും ആത്മാര്‍ത്ഥതയുടെയും ലാളിത്യത്തിന്റേതുമായ ശുദ്ധവായുവാണോ ഞാന്‍ പരത്തുന്നത്? - ഈ ചോദ്യങ്ങള്‍ ഓരോരുത്തരും സ്വയം ചോദിക്കണമെന്ന് പാപ്പാ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.

ദൈവമക്കളുടെ സ്വാതന്ത്ര്യത്തോടെ, യേശു പഠിപ്പിച്ചതുപോലെ ജീവിക്കാനും സ്‌നേഹിക്കാനും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥസഹായം അപേക്ഷിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചു.

മാർപാപ്പയുടെ ഇതുവരെയുള്ള ഞായറാഴ്ച ദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.