സത്യപ്രതിജ്ഞക്കിടെ രാഷ്‌ട്രപതി ഭവനിലെത്തിയ 'അജ്ഞാതജീവി' പുലിയല്ല പൂച്ച; വ്യക്തത വരുത്തി ഡൽഹി പോലീസ്

സത്യപ്രതിജ്ഞക്കിടെ രാഷ്‌ട്രപതി ഭവനിലെത്തിയ 'അജ്ഞാതജീവി' പുലിയല്ല പൂച്ച; വ്യക്തത വരുത്തി ഡൽഹി പോലീസ്

ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോഡി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിനിടെ രാഷ്ട്രപതിഭവനിലെ പ്രധാന വേദിക്ക് പിന്നിലൂടെ കടന്ന് പോയ ജീവി പുള്ളിപുലിയല്ല പൂച്ചയാണെണ് കണ്ടെത്തൽ. സത്യപ്രതിജ്ഞക്ക് പിന്നാലെ പ്രധാന വേദിക്ക് പിന്നിലൂടെ ഒരു ജീവി കടന്നു പോകുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇത് പുള്ളിപ്പുലിയാണെന്നാണ് ആദ്യം പ്രചരിച്ചത്.

രാഷ്‌ട്രപതി ഭവൻ സ്ഥിതി ചെയ്യുന്ന 321 ഏക്കറിൽ വന മേഖലയും ഉള്ളതുകൊണ്ട് തന്നെ ദൃശ്യം കണ്ടവരൊക്കെ അത് പുള്ളിപ്പുലിയാണെന്ന് വിശ്വസിച്ചു. ദൃശ്യത്തിന്റെ വെളിച്ചത്തിൽ അന്വേഷണം തുടങ്ങി. ഒടുക്കം ഡൽഹി പൊലീസ് അന്വേഷിച്ച് ആ ജീവി പൂച്ചയാണെന്ന് കണ്ടെത്തി. പൂച്ചയെ ആണ് എല്ലാവരും പുള്ളിപ്പുലിയെന്ന് തെറ്റിദ്ധരിച്ചതെന്നും പൊലിസ് പറഞ്ഞു.

രാഷ്‌ട്രപതി ഭവനുള്ളിൽ നായ്ക്കളും വളർത്തു പൂച്ചകളും മാത്രമേ ഉള്ളൂവെന്ന് ഡൽഹി പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. മധ്യപ്രദേശിൽ നിന്നുള്ള എംപി, ദുർഗാ ദാസ് ഉയ്കെ സത്യപ്രതിജ്ഞ ചെയ്ത് ഒപ്പിടുമ്പോഴായിരുന്നു സംഭവം. വേദിക്ക് പിന്നിലൂടെ പുള്ളിപ്പുലിയെന്ന് തോന്നിക്കുന്ന ഒരു മൃഗം നടന്ന് പോകുന്ന വീഡിയോ സോഷ്യലിടങ്ങളിൽ വൈറലായിരുന്നു.

മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ വിദേശ രാജ്യത്തെ തലവന്‍മാര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. ലോകമെമ്പാടും ലക്ഷക്കണക്കിന് പേര്‍ ടെലിവിഷനിലൂടെയും ചടങ്ങ് തത്സമയം വീക്ഷിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.