കൊച്ചിയിലെ സാമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്: മുഖ്യപ്രതി സംസ്ഥാനം വിട്ടു; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കൊച്ചിയിലെ സാമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്: മുഖ്യപ്രതി സംസ്ഥാനം വിട്ടു; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കൊച്ചി: കൊച്ചി നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിച്ച് വന്ന സാമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയിരുന്ന വണ്ണപ്പുറം കാളിയാര്‍ സ്വദേശി മുഹമ്മദ് റസല്‍ സംസ്ഥാനം വിട്ടതായി പൊലീസ്. കര്‍ണാടകയില്‍ എത്തിയതായാണ് ഒടുവില്‍ ലഭ്യമായ വിവരം. ഇയാള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.

കേസില്‍ അറസ്റ്റിലായ കെട്ടിട ഉടമ നജീബിനെ കോടതി ഉപാധികളോടെ ജാമ്യത്തില്‍ വിട്ടയച്ചു. ഇന്ന് കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സാമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ക്ക് ഹവാല ഇടപാടുകളുമായി ബന്ധമുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നു. ഏതെങ്കിലും രീതിയിലുള്ള ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. പിടിച്ചെടുത്ത കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ വിശദമായ പരിശോധനക്ക് വിധേയമാക്കും.

പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും. എക്‌സ്‌ചേഞ്ച് നടത്തുന്നതിനായി വണ്ണപ്പുറം കാളിയാര്‍ സ്വദേശി കുഴിമണ്ഡപത്തില്‍ മുഹമ്മദ് റസല്‍ മുറി വാടകക്ക് എടുക്കുകയായിരുന്നു. തൃക്കാക്കരക്കൊപ്പം കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റിലും എക്‌സ്‌ചേഞ്ച് നടത്തിയിരുന്നത് റസല്‍ തന്നെയാണ്.

സെപ്റ്റംബര്‍ മുതല്‍ തൃക്കാക്കരയില്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നതായി ടെലികോം വകുപ്പാണ് കണ്ടെത്തിയത്. അന്താരാഷ്ട്ര കോളുകള്‍ ലോക്കല്‍ കോളുകളാക്കി മാറ്റുന്ന സമാന്തര എക്‌സ്‌ചേഞ്ച് സംവിധാനത്തിന് പിന്നില്‍ വന്‍ റാക്കറ്റാണ് ഉള്ളതെന്ന് പൊലീസ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.