കൊച്ചി: കൊച്ചിയിലെ റോഡുകളുടെ ദുരവസ്ഥയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. റോഡെന്നാൽ വാഹനമോടിക്കുന്ന ഭാഗം മാത്രമല്ല ഫുട്പാത്ത് കൂടി ചേർന്നതാണെന്നും കോടതി പറഞ്ഞു. കൊച്ചി പാലാരിവട്ടത്ത് ഫുട്പാത്തിലെ സ്ലാബിനിടെയിൽ സ്ത്രീയുടെ കാൽ അകപ്പെട്ട സംഭവത്തിൽ സർക്കാരിനോട് കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സർക്കാർ സർക്കാർ നൽകിയ വിശദീകരണത്തിലാണ് കോടതി മറുപടി പറഞ്ഞത്.
വാഹനമോടിക്കാനുള്ള ഭാഗമാണ് റോഡെന്നുകരുതി കുഴികൾ അടച്ചതുകൊണ്ട് മാത്രം കാര്യമില്ല. റോഡ് കാൽനടയാത്രക്കാർക്ക് കൂടിയുള്ളതാണെന്നും ഈ നൂറ്റാണ്ടിലും ഇത്തരം റോഡുകൾ ഉള്ളത് നാണക്കേടാണെന്നും കോടതി വിമർശിച്ചു. ഫുട്പാത്തിലെ സ്ലാബിനിടയിൽ കാൽ കുടുങ്ങിയ സ്ത്രീ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്നും കോടതി പറഞ്ഞു.
എംജി റോഡിലേതടക്കമുള്ള ഫുട്പാത്തുകളിലെ സ്ലാബുകൾ നന്നാക്കുന്നതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പാലാരിവട്ടത്ത് അപകടമുണ്ടായ സ്ഥലത്തെ ഭാഗം പ്രത്യേകം അതിര് നിർമിച്ച് സംരക്ഷിച്ചിട്ടുണ്ടെന്നുമാണ് സർക്കാർ കോടതിയെ ബോധിപ്പിച്ചത്. ഈ ഘട്ടത്തിലാണ് കൊച്ചിയിലെ ഫുട്പാത്തുകളുടെ മോശം അവസ്ഥയെക്കുറിച്ച് കോടതി പരാമർശിച്ചത്.
ഇക്കാര്യത്തിൽ ജില്ലാ കളക്ടർ അടിയന്തരമായി പരിശോധന നടത്തണമെന്നും കോടതി നിർദേശിച്ചു. ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ചായിരിക്കണം പരിശോധന. റോഡുകളും ഫുട്പാത്തുകളും നന്നാക്കാൻ സർക്കാർ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്നുള്ള റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.