കണ്ണൂര്‍: കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ താന്‍ തോല്‍ക്കാന്‍ കാരണം സോഷ്യല്‍ മീഡിയയുടെ ഇടപെടലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന എം.വി ജയരാജന്‍. പോരാളി ഷാജി തുടങ്ങി ഇടത് അനുകൂല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളെയാണ് അദേഹം തളളിപ്പറഞ്ഞത്. ഇടതുപക്ഷമെന്ന് തോന്നുന്ന പല ഗ്രൂപ്പുകളും വിലയ്ക്കുവാങ്ങപ്പെട്ടതായും യുവാക്കള്‍ സോഷ്യല്‍ മീഡിയ മാത്രം നോക്കിയതിന്റെ ദുരന്തം തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഉണ്ടായെന്നും അദേഹം പറഞ്ഞു.
1,08,982 വോട്ടുകള്‍ക്കാണ് മണ്ഡലത്തില്‍ ജയരാജന്റെ പരാജയം. കെപിസിസി പ്രസിഡന്റ് കെ. സുധാകരനായിരുന്നു ഇവിടെ വിജയിച്ചത്. സിപിഎം കോട്ടകളെന്ന് വിശേഷണമുള്ള ബൂത്തുകളില്‍പ്പോലും വന്‍ ലീഡാണ് സുധാകരന് ലഭിച്ചത്. ഇത് സിപിഎമ്മിനെ ഞെട്ടിച്ചിരുന്നു.
സോഷ്യല്‍മീഡിയ മാത്രം നോക്കി നില്‍ക്കുന്ന ശീലം നമ്മുടെ ചെറുപ്പക്കാര്‍ക്കിടയില്‍ വ്യാപകമായി വന്നുകൊണ്ടിരിക്കുന്നതിന്റെ ദുരന്തം ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനെതിരായി. പാര്‍ട്ടി പ്രവര്‍ത്തകരും ഇടതുപക്ഷത്തോട് കൂറുള്ളവരും ഒരു കാര്യം മനസിലാക്കണം. സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷമെന്ന് നമ്മള്‍ കരുതുന്ന പല ഗ്രൂപ്പുകളെയും വിലയ്ക്കുവാങ്ങി. പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിര്‍.. ഇതിലൊക്കെ നിത്യേന ഇടതിന് അനുകൂലമായ പോസ്റ്ററുകള്‍ കാണുമ്പോള്‍ നമ്മള്‍ അതിനെ ആശ്രയിക്കും. പക്ഷെ ഇപ്പോള്‍ കാണുന്ന പ്രവണത അത്തരം ഗ്രൂപ്പുകള്‍ വിലയ്ക്കു വാങ്ങുന്നതാണ്.
അത്തരം ഗ്രൂപ്പുകളുടെ അഡ്മിന്‍മാരായി പ്രവര്‍ത്തിക്കുന്നവര്‍ ചിലപ്പോള്‍ ഒരാള്‍ മാത്രമായിരിക്കും. അവരെ വിലയ്ക്ക് വാങ്ങുകയാണ്. വിലയ്ക്കുവാങ്ങിയാല്‍ ആ അഡ്മിന്‍ നേരത്തേ നടത്തിയതുപോലുള്ള കാര്യമല്ല പോസ്റ്റായി വരുന്നത്. ഇടതുപക്ഷ വിരുദ്ധ, സിപിഎം വിരുദ്ധ പോസ്റ്റുകളാണ് വരുന്നത്. ഇത് പുതിയ കാലത്ത് നാം നേരിടുന്ന വെല്ലുവിളിയാണെന്നായിരുന്നു അദേഹത്തിന്റെ പരാമര്‍ശം.
അതേസമയം മണ്ഡലത്തില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം വന്‍തോതില്‍ കൂടാന്‍ കാരണം സിപിഎം വോട്ടുകളാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞത്. പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നടക്കം സിപിഎം വോട്ടുകള്‍ യുഡിഎഫിലേക്ക് ഒഴുകി. ധര്‍മ്മടത്തെയും, പയ്യന്നൂരിലെയും വോട്ടിങ് നില മുഖ്യമന്ത്രി പരിശോധിക്കണമെന്നും അദേഹം ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു.
പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ എം.വി ജയരാജന്‍ പാര്‍ട്ടിക്ക് സ്വീകാര്യനായിരിക്കാം. പക്ഷെ ജനങ്ങള്‍ക്ക് അദേഹം സ്വീകാര്യനല്ല എന്ന തരത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ ഇടത് പ്രവര്‍ത്തകര്‍ക്കിടയില്‍പ്പോലും പ്രചാരണമുണ്ടായിരുന്നു. ഇതെല്ലാം വോട്ടില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് ഫലം വ്യക്തമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.