കര്‍ഷക സമരം പരിഹരിക്കണമെന്ന് അമേരിക്ക; ഡല്‍ഹിയില്‍ തുറന്ന ജയിലുകളൊരുക്കി കേന്ദ്ര സര്‍ക്കാര്‍; പിന്നോട്ടില്ലെന്ന് കര്‍ഷകര്‍

കര്‍ഷക സമരം പരിഹരിക്കണമെന്ന് അമേരിക്ക; ഡല്‍ഹിയില്‍ തുറന്ന ജയിലുകളൊരുക്കി കേന്ദ്ര സര്‍ക്കാര്‍; പിന്നോട്ടില്ലെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ കര്‍ഷകരുടെ ആശങ്കകളും പരാതികളും സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് അമേരിക്ക. കാര്‍ഷിക മേഖലയിലെ സാമ്പത്തിക പരിഷ്‌കാരങ്ങളെ പിന്തുണയ്ക്കുമ്പോള്‍ തന്നെ കര്‍ഷകരുടെ ആശങ്കകള്‍ പൂര്‍ണമായും പരിഹരിക്കണമെന്നതാണ് ബൈഡന്‍ ഭരണകൂടത്തിന്റെ നിലപാടെന്ന് യുഎസ് സ്റ്റേറ്റ് മാധ്യമ വക്താവ് വ്യക്തമാക്കി.

ഹോളിവുഡ് നടിയും ഗായികയുമായ റിഹാന കര്‍ഷക സമരം പരിഹരിക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിന് പിന്നാലെ ഉണ്ടായ വിവാദങ്ങളും വിമര്‍ശനങ്ങളും തുടരുന്നതിനിടെയാണ് കര്‍ഷക സമരത്തില്‍ അമേരിക്ക തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്. സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്റെ മുഖമുദ്രയാണെന്നും ഇന്ത്യന്‍ വിപണിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ഉറപ്പാക്കുകയും ചെയ്യുന്ന പരിഷ്‌കാരങ്ങളെ സ്വാഗതം ചെയ്യുന്നതായും അമേരിക്ക വ്യക്തമാക്കി.

രാഷ്ട്രീയപരമായ വ്യത്യാസങ്ങള്‍ സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് യുഎസ് പ്രതിനിധി പറഞ്ഞു. എന്നാല്‍ അമേരിക്കന്‍ പ്രതിനിധിസഭയിലെ പല പ്രതിനിധികളും കര്‍ഷകസമരത്തെ പിന്തുണച്ചു കൊണ്ടുള്ള നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനിടെ കൃഷി നിയമങ്ങള്‍ പിന്‍വലിക്കും വരെ പിന്നോട്ടില്ലെന്നു കര്‍ഷകരും മുട്ടുമടക്കില്ലെന്ന സൂചന നല്‍കി കേന്ദ്ര സര്‍ക്കാരും നിലപാടു കടുപ്പിച്ചതോടെ രാജ്യ തലസ്ഥാനം വീണ്ടും മുള്‍മുനയിലായി. കര്‍ഷകര്‍ക്കു പിന്തുണയുമായി യുഎസ് പോപ്പ് ഗായിക റിയാന, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെര്‍ഗ് എന്നിവര്‍ രംഗത്തുവന്നത് വിഷയം രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായിരുന്നു.

മറുപടിയുമായി വിദേശകാര്യ മന്ത്രാലയവും ബോളിവുഡ് താരങ്ങളും രംഗത്തിറങ്ങിയതോടെ കര്‍ഷക വിഷയം തിളച്ചുമറിയുകയാണ്. അതിര്‍ത്തിയിലെ പ്രക്ഷോഭകേന്ദ്രങ്ങളില്‍ നിന്നു ഡല്‍ഹിയിലേക്കുള്ള എല്ലാ വഴികളും തടഞ്ഞ പൊലീസിനെ വെല്ലുവിളിച്ച് നൂറുകണക്കിനാളുകള്‍ മധ്യ ഡല്‍ഹിയിലെ മണ്ഡി ഹൗസില്‍ ഇന്നലെ പ്രകടനം നടത്തി. ജന്തര്‍ മന്തറിലേക്കു നീങ്ങാന്‍ ശ്രമിച്ച ഇവരെ പൊലീസ് തടഞ്ഞതു സംഘര്‍ഷത്തില്‍ കലാശിച്ചു. ബാരിക്കേഡുകളും മുള്ളുവേലികളും കോണ്‍ക്രീറ്റ് കട്ടകളും നിരത്തി ഡല്‍ഹിയുടെ അതിര്‍ത്തി മേഖലകളില്‍ വന്‍ പൊലീസ് സന്നാഹം തുടരുകയാണ്.

ഭയപ്പെടുത്തി വിരട്ടിയോടിക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍ കരുതേണ്ടെന്നു ഹരിയാനയിലെ ജിന്ദില്‍ ആയിരക്കണക്കിനു കര്‍ഷകരെ സാക്ഷിയാക്കി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് പറഞ്ഞു. അവിടെ ചേര്‍ന്ന ജാട്ട്, കര്‍ഷക സംഘടനകളുടെ യോഗം (മഹാപഞ്ചായത്ത്) പ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ചു. യോഗത്തിനിടെ വേദി തകര്‍ന്ന് ടികായത് വീണെങ്കിലും പരുക്കില്ല. യുപി, ഹരിയാന എന്നിവിടങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ചേര്‍ന്ന അഞ്ചാമത്തെ മഹാപഞ്ചായത്ത് സമ്മേളനമായിരുന്നു ജിന്ദിലേത്.

രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലും മഹാപഞ്ചായത്തുകള്‍ ചേര്‍ന്നു. പ്രക്ഷോഭവുമായി ബന്ധപ്പെട്ടുള്ള അക്കൗണ്ടുകള്‍ അനുമതിയില്ലാതെ പുനഃസ്ഥാപിച്ചതില്‍ വിശദീകരണം തേടി കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിനു നോട്ടിസ് അയച്ചു. സര്‍ക്കാര്‍ നിര്‍ദേശം പാലിച്ചില്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്നു മുന്നറിയിപ്പു നല്‍കി. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ അതിക്രമിച്ചു കയറിയ പഞ്ചാബി നടന്‍ ദീപ് സിദ്ദുവിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഡല്‍ഹി പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഇതിനിടെ കര്‍ഷക പ്രക്ഷോഭത്തെ നേരിടാന്‍ തലസ്ഥാന നഗരിയുടെ അതിര്‍ത്തികളില്‍ കേന്ദ്ര സര്‍ക്കാര്‍ തുറന്ന ജയിലുകള്‍ തീര്‍ത്തു.

ഗാസിപൂര്‍, സിംഘു, തിക്രി അതിര്‍ത്തികള്‍ക്ക് ചുറ്റും കോണ്‍ക്രീറ്റ് തടസങ്ങള്‍ നിര്‍മിച്ച് കര്‍ഷകരെ ഉപരോധിക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. റോഡിന് കുറുകെ ആറടി ഉയരമുള്ള ബാരിക്കേഡുകള്‍ വച്ച് അതിന്റെ മുന്നില്‍ മൂര്‍ച്ചയുള്ള കമ്പി മുനകള്‍ സ്ഥാപിച്ചിരിക്കുകയാണ് ഡല്‍ഹി പോലിസ്. ബാരിക്കേഡുകള്‍ക്കിടയില്‍ കോണ്‍ക്രീറ്റ് ചുവരുകള്‍ തീര്‍ത്ത് സ്ഥിരമായ തടസമാണ് പോലിസ് തീര്‍ത്തിരിക്കുന്നത്. ജനുവരി 28 ന് ഉത്തര്‍പ്രദേശ് പോലിസ് ഗാസിപൂര്‍ അതിര്‍ത്തിയില്‍ സമരക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പ്രക്ഷോഭം ശക്തമായിരിക്കുകയാണ്.

ഇതോടെയാണ് പോലിസ് സ്ഥിരമായ ബാരിക്കേഡുകള്‍ സ്ഥാപിച്ചത്. ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടികായത്തിന്റെ വൈകാരിക പ്രസംഗം കര്‍ഷകരുടെ പ്രതിഷേധത്തിന് പുതിയ ജീവന്‍ നല്‍കിയിരുന്നു. ഇതോടെ യുപി അതിര്‍ത്തി പ്രദേശങ്ങളില്‍ പതിനായിരങ്ങളാണ് സംഘടിച്ചത്. പ്രക്ഷോഭകര്‍ തെരുവ് കീഴടക്കിയതോടെ പോലിസ് ഒഴിപ്പിക്കല്‍ നടപടിയില്‍ നിന്ന് പിന്‍വാങ്ങി. ഹിന്ദുത്വ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഭീഷണികള്‍ക്കും ആക്രമണങ്ങള്‍ക്കുമിടയില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് ഹരിയാന, പഞ്ചാബ്, പടിഞ്ഞാറന്‍ യുപി അതിര്‍ത്തികളില്‍ സംഘടിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.