ആംബുലന്‍സുകള്‍ വഴി പിരിഞ്ഞു; അന്ത്യയാത്രയ്ക്കായി അവര്‍ സ്വന്തം വീടുകളിലേക്ക്: കടലിനക്കരെ കത്തിയെരിഞ്ഞ കിനാവുകള്‍ക്ക് കണ്ണീര്‍ പ്രണാമം

ആംബുലന്‍സുകള്‍ വഴി പിരിഞ്ഞു; അന്ത്യയാത്രയ്ക്കായി അവര്‍ സ്വന്തം വീടുകളിലേക്ക്: കടലിനക്കരെ കത്തിയെരിഞ്ഞ കിനാവുകള്‍ക്ക് കണ്ണീര്‍ പ്രണാമം

കൊച്ചി: കുവൈറ്റ് തീപിടിത്തത്തില്‍ മരിച്ച 23 മലയാളികളുടെയും മൃതദേഹങ്ങള്‍ നെടുമ്പാശേരി വിമാനത്താവളത്തിലെ പൊതുദര്‍ശനത്തിന് ശേഷം അവരവരുടെ നാട്ടിലേക്ക് കൊണ്ടു പോയി.

മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനെത്തിയ ഓരോരുത്തരുടെയും ബന്ധുമിത്രാതികളെ മൃതശരീരം ഒരുനോക്ക് കാണാന്‍ അനുവദിച്ച ശേഷം കാലതാമസം കൂടാതെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഓരോ ആംബുലന്‍സുകളും വഴി പിരിഞ്ഞു.

അവസാനമായി തങ്ങളുടെ പ്രിയപ്പെട്ടവരെ കാത്തു നില്‍ക്കുന്ന കുടുംബാംഗങ്ങള്‍ക്കിടയിലേക്ക് ഇനി നിലവിളിയായി അവര്‍ എത്തിച്ചേരും. സമീപകാലത്തെങ്ങും കേരളം ഇങ്ങനെയൊരു വേര്‍പാടിന് സാക്ഷിയായിട്ടില്ല. ഏറെ സ്വപ്‌നങ്ങള്‍ കണ്ട് കടലിനക്കരെയെത്തിയ അവര്‍ അതെല്ലാം ബാക്കിയാക്കി നമ്മെ വിട്ടു പിരിയുന്നു.

നെടുമ്പാശേരി വിമാനത്താവളത്തില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, കീര്‍ത്തി വര്‍ധന്‍ സിങ് എന്നിവരും അന്തിമോപചാരം അര്‍പ്പിച്ചു.

തമിഴ്നാട് വേണ്ടി മന്ത്രി കെ.എസ് മസ്താന്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരും ആദരാഞ്ജലി അര്‍പ്പിച്ചു. കുവൈത്ത് ദുരന്തത്തില്‍ മരിച്ച 23 മലയാളികള്‍ ഉള്‍പ്പെടെ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പൊതുദര്‍ശനത്തിനു വച്ചത്.

കുവൈത്ത് ദുരന്തത്തില്‍ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം രാവിലെ പത്തരയോടെയാണ് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ഇതില്‍ 23 മലയാളികള്‍, ഏഴ് തമിഴ്നാട്ടുകാര്‍, ഒരു കര്‍ണാടകസ്വദേശി എന്നിങ്ങനെ 31 പേരുടെ മൃതദേഹമാണ് കൊച്ചിയില്‍ ഇറക്കിയത്.

സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിയുംപ്രതിപക്ഷ നേതാവും മന്ത്രിമാരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.