ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയ പരിധി സെപ്തംബര്‍ 14 വരെ നീട്ടി

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയ പരിധി സെപ്തംബര്‍ 14 വരെ  നീട്ടി

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിലെ വിശദാംശങ്ങള്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയ പരിധി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നീട്ടി. 2024 സെപ്തംബര്‍ 14 വരെ ഫീസില്ലാതെ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു.

സൗജന്യമായി ആധാര്‍ അപ്ഡേറ്റ് ചെയ്യാന്‍ ഇതിനോടകം തന്നെ പല തവണ കേന്ദ്ര സര്‍ക്കാര്‍ സമയം നല്‍കിയിരുന്നു. ജൂണ്‍ 14 വരെയായിരുന്നു ഇതിനുള്ള അവസാന അവസരമായി സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ സമയ പരിധിയാണ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി നല്‍കിയിരിക്കുന്നത്. സെപ്തംബര്‍ 14 ന് ശേഷം വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെങ്കില്‍ ഫീസ് നല്‍കേണ്ടി വരും.

മൈ ആധാര്‍ പോര്‍ട്ടല്‍ വഴി മാത്രമാണ് സൗജന്യ സേവനം ലഭിക്കുക. ആധാര്‍ എടുത്തിട്ട് 10 വര്‍ഷം കഴിഞ്ഞെങ്കില്‍ നിര്‍ബന്ധമായും കാര്‍ഡ് ഉടമകള്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം. പേര്, വിലാസം, ജനന തിയതി, മറ്റ് വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈനായി യുഐഡിഎഐ വെബ്സൈറ്റിന്റെ പോര്‍ട്ടലില്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം.

എന്നാല്‍ ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെങ്കില്‍ അടുത്തുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോകണം.

2016 ലെ ആധാര്‍ എന്റോള്‍മെന്റ്, അപ്‌ഡേറ്റ് റെഗുലേഷന്‍സ് അനുസരിച്ച് വ്യക്തികള്‍ ആധാര്‍ എന്റോള്‍മെന്റ് തിയതി മുതല്‍ പത്ത് വര്‍ഷത്തിലൊരിക്കല്‍ അവരുടെ ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ്, ഡോക്യുമെന്റുകള്‍ എന്നിവ അപ്‌ഡേറ്റ് ചെയ്യണമെന്ന് വ്യക്തമാക്കുന്നുണ്ട്. കൂടാതെ കുട്ടികളില്‍ അഞ്ച് വയസിനും 15 വയസിനും ഇടയില്‍ അവരുടെ ആധാര്‍ കാര്‍ഡില്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നും നിര്‍ദേശിക്കുന്നുണ്ട്.

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ഓണ്‍ലൈനായി എങ്ങനെ അപ്ഡേറ്റ് ചെയ്യാം എന്നറിയാം.

UIDAI യുടെ വെബ്‌സൈറ്റായ- uidai.gov.in സന്ദര്‍ശിച്ച് ഭാഷ തെരഞ്ഞെടുക്കുക.

തുടര്‍ന്ന് My Aadhaar ക്ലിക്ക് ചെയ്ത് 'Update Your Aadhaar' ക്ലിക്ക് ചെയ്യുക

'Update Aadhaar Details (Online) ല്‍ 'ഡോക്യുമെന്റ് അപ്‌ഡേറ്റ്' എന്നതില്‍ ക്ലിക്ക് ചെയ്യുക.

ശേഷം നിങ്ങളുടെ ആധാര്‍ നമ്പറും ക്യാപ്ച കോഡും നല്‍കി ലോഗിന്‍ ചെയ്യുക. തുടര്‍ന്ന് നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒ.ടി.പി ലഭിക്കും. ഇത് നല്‍കി ലോഗിന്‍ ചെയ്യുക. തുടര്‍ന്ന് ഏത് വിവരമാണ് അപ്‌ഡേറ്റ് ചെയ്യേണ്ടത് അത് തിരഞ്ഞെടുത്ത് കൃത്യമായി പൂരിപ്പിച്ച് നല്‍കുക.

തിരുത്തേണ്ട വിവരങ്ങളുടെ ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യാം. ശേഷം സബ്മിറ്റ് എന്ന ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ പ്രവര്‍ത്തി പൂര്‍ത്തിയാകും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.