പോക്‌സോ കേസില്‍ യെദ്യൂരപ്പയ്ക്ക് ആശ്വാസം; ജൂണ്‍ 17 വരെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

പോക്‌സോ കേസില്‍ യെദ്യൂരപ്പയ്ക്ക് ആശ്വാസം; ജൂണ്‍ 17 വരെ  അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ബംഗളുരു: പോക്‌സോ കേസില്‍ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പയുടെ അറസ്റ്റ് തടഞ്ഞ് കര്‍ണാടക ഹൈക്കോടതി. ജൂണ്‍ 17 ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

പോക്‌സോ കേസില്‍ ഫാസ്റ്റ് ട്രാക്ക് കോടതിക്ക് മുന്‍പാകെ കുറ്റപത്രം സമര്‍പ്പിക്കണം എന്നതിനാലാണ് അറസ്റ്റ് വാറന്റിന് അനുമതി തേടിയതെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. രണ്ട് ദിവസം വൈകി യെദ്യൂരപ്പ ഹാജരാകുന്നത് കൊണ്ട് സ്വര്‍ഗം ഒന്നും ഇടിഞ്ഞു വീഴില്ലല്ലോ എന്ന് കോടതി ചോദിച്ചു. ജൂണ്‍ 17 വരെ അറസ്റ്റ് പാടില്ലെന്നും കോടതി നിര്‍ദ്ദേശം നല്‍കി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നേരത്തെ യെദ്യൂരപ്പയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ബംഗളുരുവില്‍ ഇല്ലാത്തതിനാല്‍ തിങ്കളാഴ്ച ഹാജരാകാം എന്നായിരുന്നു യെദ്യൂരപ്പ മറുപടി നല്‍കിയത്.

എന്നാല്‍ പോക്‌സോ കേസ് ആയതിനാല്‍ ജൂണ്‍ 15 ന് മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കണം എന്നും യെദ്യൂരപ്പയുടെ മൊഴി രേഖപ്പെടുത്തണം എന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. അന്വേഷണ സംഘം നല്‍കിയ നോട്ടീസിന് മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് ജാമ്യമില്ലാ അറസ്റ്റ് വാറന്റ് ബംഗളുരു കോടതി പുറത്തിറക്കിയത്. തുടര്‍ന്നാണ് അറസ്റ്റില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് യെദ്യൂരപ്പ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ഫെബ്രുവരി രണ്ടിന് വീട്ടില്‍ അമ്മയ്‌ക്കൊപ്പം എത്തിയ 17 കാരിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. 54 കാരിയായ മാതാവാണ് യെദ്യൂരപ്പയ്‌ക്കെതിരെ പരാതി നല്‍കിയത്. കുട്ടിയുടെ മാതാവ് അന്വേഷണത്തിനിടെ ശ്വാസകോശ കാന്‍സര്‍ ബാധിച്ച് കഴിഞ്ഞ മാസം മരിച്ചിരുന്നു. യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പരാതിക്കാരിയുടെ അഭിഭാഷകന്‍ നേരത്തെ കര്‍ണാടക ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.