കാറില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കി 'യാത്രാഭ്യാസം': യൂട്യൂബറുടെ ഡ്രൈവിങ്ങ് ലൈസന്‍സ് ആജീവനാന്തം റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്

കാറില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കി 'യാത്രാഭ്യാസം': യൂട്യൂബറുടെ ഡ്രൈവിങ്ങ് ലൈസന്‍സ് ആജീവനാന്തം റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്

ആലപ്പുഴ: കാറില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കി പൊതുനിരത്തിലൂടെ 'യാത്രാഭ്യാസം' നടത്തിയ യൂട്യൂബറുടെ ഡ്രൈവിങ്ങ് ലൈസന്‍സ് ആജീവനാന്തം റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. ആലപ്പുഴ എന്‍ഫോഴ്മെന്റ് ആര്‍.ടി.ഒ ആണ് യുട്യൂബര്‍ സഞ്ജു ടെക്കിക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചത്. ഇയാള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി ഉള്‍പ്പെടെ നിര്‍ദേശിച്ചിരുന്നു.

അറിവിലായ്മ കൊണ്ട് സംഭവിച്ചതാണെന്നും ഇനി ഇത്തരത്തിലുള്ള തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നുമെല്ലാമായിരുന്നു സഞ്ജു നല്‍കിയ വിശദീകരണം. എന്നാല്‍, ഹൈക്കോടതി ഉള്‍പ്പെടെ ഈ കേസില്‍ ഇടപെടുകയും ഇത്തരം കേസുകളില്‍ യാതൊരു ഇളവും നല്‍കേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തതോടെ കടുത്ത നടപടിയിലേക്ക് പോകാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിക്കുകയായിരുന്നു.

മോട്ടോര്‍ വാഹന വകുപ്പ് ആജീവനാന്തമാണ് ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നതെങ്കിലും സഞ്ജുവിന് കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സാധ്യത അവശേഷിപ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കോടതിയില്‍ പോയി റദ്ദാക്കല്‍ കാലവധിയില്‍ ഇളവ് തേടാനുള്ള സാധ്യതയുണ്ട്.

നിലവിലെ നടപടി അനുസരിച്ച് ലൈസന്‍സ് സ്ഥിരമായി റദ്ദാക്കിയിട്ടുണ്ട്. നിയമ ലംഘനത്തിന് ഉപയോഗിച്ച വാഹനത്തിന്റെ രജിസ്ട്രേഷന്‍ കഴിഞ്ഞ ദിവസമാണ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കിയത്.

സഞ്ജു ടെക്കിക്ക് പണക്കൊഴുപ്പും അഹങ്കാരവുമാണെന്നാണ് ഇക്കാര്യത്തില്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പ്രതികരിച്ചത്. ഇനി ഇത്തരം പരിപാടികളുമായി റീച്ച് കൂട്ടാന്‍ വരാത്ത വിധത്തിലുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും അദേഹം മുന്‍പ് പറഞ്ഞിരുന്നു.

പണമുള്ളവന്‍ കാറില്‍ സ്വിമ്മിങ് പൂള്‍ പണിതല്ല നീന്തേണ്ടത്. വീട്ടില്‍ സ്വിമ്മിങ് പൂള്‍ പണിയണം. ഭ്രാന്തന്മാര്‍ സമനില തെറ്റി കാണിക്കുന്ന വേലകള്‍ക്ക് റീച്ച് ഉണ്ടാക്കിക്കൊടുക്കരുത്. മോട്ടോര്‍ വാഹന വകുപ്പിനെതിരെയുള്ള വെല്ലുവിളി വേണ്ട. ഇത് പഴയ കാലമല്ലെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചിരുന്നു.

ആദ്യ ഘട്ടത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടികളെ പരിഹസിച്ചും ലാഘവത്തോടെ എടുത്തുമായിരുന്നു സഞ്ജുവിന്റെ പ്രതികരണം. പത്ത് ലക്ഷം രൂപ മുടക്കിയാല്‍ പോലും കിട്ടാത്ത റീച്ചാണ് തന്റെ ചാനലിന് മോട്ടോര്‍ വാഹന വകുപ്പ് നടപടിയിലൂടെ ലഭിച്ചതെന്നായിരുന്നു സഞ്ജുവിന്റെ പരിഹാസം.

ഇതിനു പിന്നാലെയാണ് എടപ്പാളിലുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ ക്ലാസിലും ആശുപത്രി സേവനം ഉള്‍പ്പെടെയുള്ള കാര്യത്തിനും ഇയാളെ മോട്ടോര്‍ വാഹന വകുപ്പ് അയച്ചത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.