തിരുവനന്തപുരം: കുവൈറ്റിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച നാല് പേര്‍ക്ക് കൂടി ജന്മനാട് കണ്ണീരോടെ വിട നല്‍കി. നാല് പേരുടെ സംസ്‌കാര ചടങ്ങുകളാണ് ഇന്ന് നടക്കുന്നത്. ഇന്നലെ രാത്രിയോടെ 12 പേരുടെ സംസ്‌കാരം പൂര്‍ത്തിയായിരുന്നു.
കുവൈറ്റ് ദുരന്തത്തില്‍ മരിച്ച കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസിന്റെ സംസ്‌കാരം ഉച്ചയോടെ പൂര്‍ത്തിയായി. രാവിലെയാണ് വീട്ടിലേക്ക് മൃതദേഹം എത്തിച്ചത്. ആയിരങ്ങളാണ് ലൂക്കോസിന് ആദരഞ്ജലികള്‍ അര്‍പ്പിക്കാന്‍ വീട്ടിലെത്തിയത്. തുടര്‍ന്ന് ഉച്ചയോടെ വിളച്ചിക്കാല ഐപിസി സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു.
കൊല്ലം പുനലൂര്‍ സ്വദേശി സാജന്‍ ജോര്‍ജിന്റെ മൃതദേഹവും വീട്ടില്‍എത്തിച്ചപ്പോള്‍ ആയിരങ്ങളാണ് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയത്. പിന്നീട് നരിക്കല്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.
കണ്ണൂര്‍ കുറുവ സ്വദേശി അനീഷ് കുമാറിന്റെയും സംസ്‌കാരം നടത്തി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന അനീഷ് കുമാറിന്റെ മൃതദേഹം രാവിലെ നാട്ടിലേക്ക് കൊണ്ടു വന്നു. കുറുവയിലെ പൊതുദര്‍ശനത്തിന് ശേഷമാണ് വീട്ടിലെത്തിച്ചത്. തുടര്‍ന്ന് പയ്യാമ്പലത്തെത്തിച്ച് സംസ്‌കരിച്ചു.
പതിനൊന്ന് വര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്യുന്ന അനീഷ് പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ സ്ഥിര താമസമാക്കാനുള്ള തയ്യാറെടുപ്പില്‍ ആയിരുന്നു. കഴിഞ്ഞ മാസം പതിനാറിനാണ് നാട്ടില്‍ നിന്ന് തിരിച്ചു പോയത്. കുവൈറ്റില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ സൂപ്പര്‍ വൈസറായിരുന്നു. ഭാര്യയും രണ്ട് ആണ്‍കുട്ടികളുമുണ്ട്.
കുവൈത്ത് തീപിടുത്തത്തില്‍ മരിച്ച പത്തനംതിട്ട പന്തളം മുടിയൂര്‍ക്കോണം സ്വദേശി ആകാശ് ശശിധരന്റെ മൃതദേഹം രാവിലെയോടെ വീട്ടിലെത്തിച്ചു. പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി സജി ചെറിയാന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
നാല് പേരുടെയും മൃതദേഹങ്ങള്‍ ഇന്നലെ നാട്ടില്‍ എത്തിച്ചെങ്കിലും വിദേശത്തുള്ള ബന്ധുക്കള്‍ എത്താനുള്ളതിനാല്‍ ചടങ്ങുകള്‍ ഇന്നത്തേക്ക് തീരുമാനിക്കുകയായിരുന്നു. രാവിലെയാണ് മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിച്ചത്.
ഇതിനിടെ കുവൈത്ത് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഓര്‍ത്തഡോക്‌സ് പള്ളികളില്‍ ഞായറാഴ്ച കുര്‍ബാനയ്ക്കിടെ പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ തീരുമാനിച്ചു. മരിച്ചവരുടെ ആത്മാവിന് നിത്യശാന്തിക്കായും വേര്‍പാടിന്റെ വേദനയില്‍ കഴിയുന്നവര്‍ക്ക് സമാധാനത്തിനായും പ്രാര്‍ത്ഥിക്കണമെന്ന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ പള്ളികള്‍ക്ക് നിര്‍ദേശം നല്‍കി.
ദുരന്തത്തില്‍ മരിച്ച മുംബൈ മലയാളി ഡെന്നി ബേബിയുടെ മൃതദേഹം രാവിലെയോടെ മുംബൈയില്‍ എത്തിച്ചു. തുടര്‍ന്ന് മോര്‍ച്ചറിയിലേക്ക് മാറ്റി. നാളെയാണ് സംസ്‌കാരം നടക്കുക. കുവൈത്തിലെ തീപ്പിടുത്തത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള 14 മലയാളികളില്‍ 13 പേരും സുഖം പ്രാപിച്ചു വരുന്നു.
ഒരാള്‍ മാത്രമാണ് ഐസിയുവില്‍ തുടരുന്നത്. ഒരു ഉത്തര്‍പ്രദേശ് സ്വദേശിയും ഒരു ആന്ധ്ര സ്വദേശിയും ഐസിയുവില്‍ ഉണ്ട്. ഒരു ഫിലിപിന്‍സ് സ്വദേശി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.