തീപിടിത്തത്തില്‍ മരണമടഞ്ഞവരുടെ കുടംബങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കും: വാര്‍ത്താ സമ്മേളനത്തിനിടെ വിതുമ്പിക്കരഞ്ഞ് കെ.ജി എബ്രഹാം

തീപിടിത്തത്തില്‍ മരണമടഞ്ഞവരുടെ കുടംബങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കും:  വാര്‍ത്താ സമ്മേളനത്തിനിടെ വിതുമ്പിക്കരഞ്ഞ്  കെ.ജി എബ്രഹാം

കൊച്ചി: കുവൈറ്റിലുണ്ടായ തീപിടിത്തം ദൗര്‍ഭാഗ്യകരമെന്ന് എന്‍ബിടിസി എം.ഡി കെ.ജി എബ്രഹാം. ജീവനക്കാരെ കാണുന്നത് കുടുംബാംഗങ്ങളെ പോലെയാണെന്നും മരണമടഞ്ഞവരുടെ കുടംബങ്ങള്‍ക്ക് എല്ലാ പിന്തുണയും സഹായവും നല്‍കുമെന്നും അദേഹം കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തിനിടെ കെ.ജി എബ്രഹാം വിതുമ്പിക്കരഞ്ഞു.

തീപിടിത്തത്തില്‍ മരിച്ചവരുടെ നാല് വര്‍ഷത്തെ ശമ്പളവും ആനുകൂല്യങ്ങളും അവരുടെ കുടുംബത്തിന് നല്‍കും. നഷ്ട പരിഹാരമായി പ്രഖ്യാപിച്ച എട്ട് ലക്ഷം രൂപയ്ക്കും ഇന്‍ഷുറന്‍സ് തുകയ്ക്കും പുറമെയാണിതെന്നും അദേഹം  വ്യക്തമാക്കി.

മരിച്ചവരുടെ കുടുംബാംഗങ്ങളെ കമ്പനി അധികൃതര്‍ നേരിട്ടുപോയി കാണും. ഞങ്ങളുടെ പിഴവ് കൊണ്ടല്ല അപകടമുണ്ടായത്. എങ്കിലും ഉത്തരവാദിത്വം കമ്പനി ഏറ്റെടുക്കുന്നു. കമ്പനി വാടകയ്ക്ക് എടുത്ത കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായതെന്നും നിയമങ്ങള്‍ക്ക് വിധേയമായാണ് ആളുകളെ താമസിപ്പിച്ചതെന്നും അദേഹം പറഞ്ഞു.

എല്ലാ തൊഴിലാളികള്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷയുണ്ട്. സാമ്പത്തിക സഹായം മാത്രല്ല, ജോലി വേണ്ടവര്‍ക്ക് അതുറപ്പാക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നല്ല രീതിയിലുളള ഇടപെടലാണ് ഉണ്ടായത്. മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ കഴിഞ്ഞു. ക്യാമ്പുകളുടെ പരിശോധന എല്ലാ സമയത്തും നടത്താറുണ്ടെന്നും കെ.ജി എബ്രഹാം പറഞ്ഞു.

ജീവനക്കാര്‍ മുറിക്കുള്ളില്‍ ഭക്ഷണം ഉണ്ടാക്കിയിട്ടില്ലെന്നും അവര്‍ക്ക് ഭക്ഷണത്തിനായി കെട്ടിടത്തില്‍ തന്നെ മെസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുവെന്നത് ശരിയല്ല. ഷോര്‍ട് സര്‍ക്യൂട്ട് ആണ് അപകട കാരണം.

അപകടം നടന്ന സമയത്ത് 80 പേരില്‍ കൂടുതല്‍ അവിടെ ഉണ്ടായിരുന്നില്ല. സെക്യൂരിറ്റി ക്യാബിനില്‍ നിന്നാണ് ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടായത്. അപകടമുണ്ടായ അപ്പാര്‍ട്ട്‌മെന്റില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ പാര്‍പ്പിച്ചിരുന്നില്ലെന്നും അദേഹം വ്യക്തമാക്കി.

തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകട വിവരം അറിയുന്നത്. വിഷയം അറിഞ്ഞതോടെ യാത്ര ഒഴിവാക്കി തിരുവല്ലയിലെ വീട്ടിലേക്ക് പോയി. പ്രഷറും ഷുഗറും വര്‍ധിച്ച് അസ്വസ്ഥത അനുഭവപ്പെട്ടു. പെട്ടെന്നു തന്നെ ആശുപത്രിയിലേക്ക് മാറിയെന്നും കെ.ജി എബ്രഹാം പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.