തിരുവനന്തപുരം: കേരള കലാമണ്ഡലം വിവിധ കലകളെ കോര്‍ത്തിണക്കിയുള്ള ഷോ വിവിധ രാജ്യങ്ങളില്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ തനത് കലകളും സംസ്‌കാരവും വിദേശ രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെയും ബ്രാന്‍ഡ് ചെയ്യുന്നതിന്റെയും ഭാഗമായാണ് ഷോ സംഘടിപ്പിക്കുന്നത്. ആദ്യ ഷോ അമേരിക്കയില്‍ സംഘടിപ്പിക്കും.
അഞ്ച് ദിവസം വരെ നീളുന്ന അവതരണോത്സവങ്ങളും ശില്‍പ ശാലകളും സെമിനാറുകളും സംഘടിപ്പിക്കാന്‍ കലാമണ്ഡലം പദ്ധതി തയാറാക്കിയിട്ടുണ്ട്. കേരള കലകള്‍ ഓണ്‍ലൈനായി പഠിക്കാന്‍ അവസരവും ഒരുക്കും. നാലാം ലോക കേരള സഭ അവസാനിച്ചപ്പോള്‍ ക്രിയാത്മകമായ നിര്‍ദേശങ്ങളാണ് സമ്മേളനത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ളതെന്നും എല്ലാ നിര്‍ദേശങ്ങളുടെയും സാധ്യതകള്‍ പരിശോധിച്ച് സാധ്യമായ തീരുമാനങ്ങളും നടപടികളുമെടുത്ത് മുന്നോട്ടുപോകുമെന്നും ലോക കേരള സഭാ സമ്മേളനത്തിന്റെ മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
കുടിയേറ്റവും പ്രവാസവും ലോകം മുഴുവന്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നിന്നുള്ള കുടിയേറ്റവും വര്‍ധിക്കാനാണ് സാധ്യത. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ചിതറിക്കിടക്കുന്ന സമൂഹത്തിന് അതിന്റെ സംസ്‌കാരവും അസ്തിത്വവും നിലനിര്‍ത്തി മുന്നോട്ടു പോകേണ്ടതുണ്ട്. അകം കേരളവും പുറം കേരളവും തമ്മിലുള്ള ബന്ധങ്ങളുടെ ഇഴയടുപ്പം ശക്തിപ്പെടുത്തിക്കൊണ്ടു മാത്രമേ നമ്മുടെ ഭാഷയെയും സംസ്‌കാരത്തെയും സംരക്ഷിക്കാനാവൂ. കേരളീയര്‍ തമ്മിലുള്ള കൂട്ടായ്മകള്‍ വലിയ തോതില്‍ ശക്തിപ്പെടുത്തണം.
ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, പാകിസ്ഥാന്‍, ഫിലിപ്പൈന്‍സ്, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളാണ് കൂടുതലും കുടിയേറ്റ തൊഴിലാളികളെ അയയ്ക്കുന്നത്. ഈ രാജ്യങ്ങളുടെ കൂട്ടായ്മ ഉണ്ടാവണം. പരസ്പരം മത്സരിച്ചു തൊഴില്‍ ചൂഷണത്തെ സഹിക്കുന്നതിന് പകരം കുടിയേറ്റ തൊഴിലാളികളോട് കൂടുതല്‍ ന്യായമായ സമീപനം സ്വീകരിക്കാന്‍ ഒരുമിച്ച് ആവശ്യപ്പെടണം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും മുന്‍കൈയെടുക്കേണ്ടതുണ്ടെന്നും അദേഹം പറഞ്ഞു.
സമീപകാലത്തായി ഇന്ത്യ ഒട്ടേറെ വിദേശ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകള്‍ ഒപ്പിടുന്നുണ്ട്. സമഗ്ര സഹകരണത്തിനുള്ള കരാറുകളില്‍ പലപ്പോഴും കുടിയേറ്റം വിഷയമാകാറില്ല. പ്രധാനപ്പെട്ട ആതിഥേയ രാജ്യങ്ങളുമായി കുടിയേറ്റ തൊഴിലാളി സംരക്ഷണ കരാറുകള്‍ ഒപ്പുവയ്‌ക്കേണ്ടതുണ്ട്. ദീര്‍ഘ കാലത്തെ പ്രവാസ ജീവിതത്തിന് ശേഷം വാര്‍ധക്യം ചെലവഴിക്കാന്‍ കേരളത്തില്‍ തിരിച്ചുവരുന്നവരെയും പ്രവാസികളുടെ വൃദ്ധ മാതാപിതാക്കളെയും ഉള്‍ക്കൊള്ളുന്ന സുരക്ഷാ ഭവനങ്ങളും സമുച്ചയങ്ങളും ആരംഭിക്കാനുള്ള നിര്‍ദേശം വന്നു. ഈ രംഗത്ത് മൂലധന നിക്ഷേപം നടത്താനുള്ള താല്‍പര്യവും പ്രതിനിധികള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. അത് പരിഗണിക്കുന്നതാണെന്നും അദേഹം വ്യക്തമാക്കി.
ലോകമെങ്ങുമുള്ള പ്രവാസികള്‍ക്ക് പരസ്പരം ആശയങ്ങള്‍ പങ്കുവെക്കാനും ലോക മലയാളികളെ കൂട്ടിയിണക്കാനുമാണ് ലോക കേരളം പോര്‍ട്ടല്‍ ആരംഭിച്ചത്. പോര്‍ട്ടലിന്റെ പ്രവര്‍ത്തനങ്ങളില്‍ പരമാവധി മലയാളികളെ ഉള്‍ക്കൊള്ളിക്കേണ്ടതുണ്ട്. ലോക കേരളസഭയുടെ ഭാഗമായ 103 രാജ്യങ്ങളിലും വിപുലമായ പ്രചാരണം സംഘടിപ്പിച്ച് പരമാവധി മലയാളികളെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിക്കാനും ആശയങ്ങള്‍ കൈമാറാനും പ്രവാസികള്‍ പ്രേരിപ്പിക്കണം.
കേരളത്തില്‍ രൂപപ്പെടുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ആവശ്യമായ മൂലധനം നല്‍കാന്‍ പ്രവാസികളായ ഏഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സിന്റെ ഏജന്‍സികള്‍ രൂപീകരിക്കാനുള്ള നിര്‍ദേശവും മുന്നോട്ടുവച്ചിട്ടുണ്ട്. കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം ദേശീയ അന്തര്‍ദേശീയ അംഗീകാരം നേടുന്ന സന്ദര്‍ഭമാണ്. സ്റ്റാര്‍ട്ടപ്പ് മിഷനുമായി ബന്ധപ്പെട്ട് ഈ നിര്‍ദേശം നടപ്പാക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.