മണിപ്പൂരില്‍ സെക്രട്ടറിയേറ്റ് സമുച്ചയത്തില്‍ വന്‍ തീപിടിത്തം: അപകടം മുഖ്യമന്ത്രിയുടെ വസതിയ്ക്ക് സമീപം; സംഭവം ജിരിബാമില്‍ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ

 മണിപ്പൂരില്‍ സെക്രട്ടറിയേറ്റ് സമുച്ചയത്തില്‍ വന്‍ തീപിടിത്തം: അപകടം മുഖ്യമന്ത്രിയുടെ വസതിയ്ക്ക് സമീപം; സംഭവം ജിരിബാമില്‍ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ

ഇംഫാല്‍: മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റ് സമുച്ചയത്തിന് സമീപമുള്ള കെട്ടിടത്തില്‍ വന്‍ തീപിടിത്തം. മുഖ്യമന്ത്രി എന്‍. ബീരേന്‍ സിങിന്റെ ഔദ്യോഗിക വസതിയില്‍ നിന്ന് നൂറുമീറ്ററോളം അകലെയുള്ള കെട്ടിടത്തിലാണ് തീപിടിത്തമെന്ന് പൊലീസ് അറിയിച്ചു.

വൈകുന്നേരം നാലോടെയാണ് തീ പിടര്‍ന്ന് പിടിച്ചത്. വിവരം അറിഞ്ഞെത്തിയ അഗ്‌നിസുരക്ഷാ സേന ഏറെ നേരം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമാല്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മൂന്ന് അഗ്‌നിസുരക്ഷാ സേനാ യൂണിറ്റുകളെ സ്ഥലത്ത് വിന്യസിച്ചുട്ടുണ്ട്.

ഗോവയിലെ മുന്‍ ചീഫ് സെക്രട്ടറിയായിരുന്ന അന്തരിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ ടി. കിപ്ഗെന്റെ കുടുംബത്തിന്റെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. മണിപ്പൂരില്‍ കഴിഞ്ഞ വര്‍ഷം അക്രമം പൊട്ടിപ്പുറപ്പെട്ട ശേഷം കെട്ടിടം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

കുക്കി ഗോത്ര വിഭാഗക്കാരുടെ സിവില്‍ സൊസൈറ്റി ഗ്രൂപ്പായ കുക്കി ഇന്‍പിയുടെ പ്രധാന ഓഫീസ്, തീപിടിച്ച കെട്ടിടം സ്ഥിതി ചെയ്യുന്ന അതേ സമുച്ചയത്തിലാണ്. മണിപ്പൂരില്‍ നിന്ന് വേറിട്ട് പ്രത്യേക ഭരണകൂടം വേണമെന്ന് ആവശ്യപ്പെടുന്ന ചുരാചന്ദ്പൂര്‍ കേന്ദ്രമായുള്ള ഇന്‍ഡിജനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറത്തെ ( ഐടിഎല്‍എഫ്) പിന്തുണയ്ക്കുന്നവരാണ് കുക്കി ഇന്‍പി.

അസം അതിര്‍ത്തിയോട് ചേര്‍ന്ന് മണിപ്പൂരിലെ ജിരിബാം ജില്ലയില്‍ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ട് ഒരാഴ്ചയ്ക്കുള്ളിലാണ് സെക്രട്ടേറിയറ്റ് സമുച്ചയത്തിന് സമീപമുള്ള കെട്ടിടത്തിലെ തീപിടിത്തമെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.