ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിനായി പ്രത്യേക കമ്മീഷന്‍; ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിനായി പ്രത്യേക കമ്മീഷന്‍; ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനായി ദേശീയ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ രൂപവല്‍ക്കരിക്കാനൊരുങ്ങി കേന്ദ്രം.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നൂറുദിന കര്‍മ പരിപാടികളില്‍ ഉള്‍പ്പെടുത്തി ഇതിനുള്ള ബില്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. അതേസമയം വര്‍ഷത്തില്‍ രണ്ടുതവണ ബോര്‍ഡ് പരീക്ഷകള്‍ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകളും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ പുരോഗമിക്കുന്നുണ്ട്.

ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദേശം യുപിഎ ഭരണകാലം മുതല്‍ കേന്ദ്ര സര്‍ക്കാരിന് മുന്നിലുണ്ട്. 2019 ലാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യമായി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

നാല് വര്‍ഷത്തിന് ശേഷവും വിഷയത്തില്‍ കേന്ദ്രം കാര്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ വിഷയത്തിലെ സര്‍ക്കാരിന്റെ മെല്ലെപ്പോക്കിനെയും പാര്‍ലമെന്ററി സമിതി വിമര്‍ശിച്ചിരുന്നു.

ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ രൂപവല്‍കരണം ലക്ഷ്യമിട്ടുള്ള എച്ച്ഇസിഐ ബില്ലിനെ ദേശീയ വിദ്യാഭ്യാസ നയത്തിലെ വ്യവസ്ഥകളുമായി ഏകോപിപ്പിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ കൂടിയാലോചനകള്‍ കാരണമാണ് നിയമം വൈകുന്നതെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം.

സര്‍വകലാശാലകളുടെ മേല്‍നോട്ടത്തിനുള്ള യുജിസി, എന്‍ജിനിയറിങ് സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിനായുള്ള എഐസിടിഇ എന്നീ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.