മക്കയിൽ കനത്ത ചൂടിൽ ഹജ്ജ് തീർത്ഥാടനത്തിനെത്തിയ 14 പേർ മരിച്ചു; 17 പേരെ കാണാതായി

മക്കയിൽ കനത്ത ചൂടിൽ ഹജ്ജ് തീർത്ഥാടനത്തിനെത്തിയ 14 പേർ മരിച്ചു; 17 പേരെ കാണാതായി

മക്ക: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനിടെ കടുത്ത ചൂടുമൂലം 14 പേർ മരിച്ചതായി റിപ്പോർട്ട്. മരണപ്പെട്ട മുഴുവൻ പേരും ജോർദാൻ പൗരന്മാരാണ്. അതിശക്തമായ ഉഷ്ണ തരംഗം മൂലമുണ്ടായ സൂര്യാഘാതമാണ് മരണത്തിലേക്ക് നയിച്ചത്. 17 പേരെ കാണാതായതായും ജോർദാൻ വിദേശകാര്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണെന്ന് ജോർദാൻ അധികൃതർ അറിയിച്ചു.

മരിച്ചവരുടെ മൃതദേഹങ്ങൾ അവരുടെ കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം സംസ്‌കരിക്കുന്നതിനോ കൊണ്ടുപോകുന്നതിനോ ഉള്ള നടപടിക്രമങ്ങള്‍ സൗദി അധികാരികളുമായി ഏകോപിപ്പിക്കുകയാണെന്ന് ജോർദാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, അഞ്ച് ഇറാനിയൻ തീർഥാടകർക്കും ജീവൻ നഷ്ടപ്പെട്ടതായി ഇറാനിയൻ റെഡ് ക്രസൻ്റ് സ്ഥിരീകരിച്ചു. എന്നാൽ മരണകാരണം വ്യക്തമല്ല.

ഏകദേശം 18 ലക്ഷം പേരാണ് ഹജ്ജ് കര്‍മങ്ങള്‍ക്കായി ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് ഇത്തവണയെത്തിയത്. 46 ഡിഗ്രി സെൽഷ്യസിലും അധികമായിരുന്നു ഈ ആഴ്ച ചൂട് രേഖപ്പെടുത്തിയത്. മക്കയിലും മദീനയിലും സാധാരണ താപനിലയേക്കാൾ 1.5 മുതൽ 2 ഡിഗ്രി വരെ വർധിക്കാൻ സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മേധാവി അയ്മാൻ ഗുലാം കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.

ഹജ്ജിന്റെ പ്രധാന കർമങ്ങളിൽ ഒന്നായ അറഫാ സംഗമം നടക്കുന്ന പ്രദേശത്തിന് സമീപമുള്ള ഒരു ചികിത്സാ കേന്ദ്രത്തിൽ 225 പേർ ചൂടുമൂലമുള്ള അസ്വസ്ഥതകൾക്ക് ചികിത്സ തേടിയതായി സൗദി ഔദ്യോഗിക പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ചൂട് ലഘൂകരിക്കാനുള്ള ഒരുപാട് നടപടികൾ സൗദി അധികൃതർ സ്വീകരിച്ചിരുന്നു. കാലാവസ്ഥാ നിയന്ത്രണ മേഖലകൾ ഉൾപ്പെടെ സ്ഥാപിച്ചതായി സൗദി ഭരണകൂടം അറിയിച്ചിരുന്നു. പത്തിനും നാലിനും ഇടയിലുള്ള ഏറ്റവും ചൂടേറിയ സമയങ്ങളിൽ തീർഥാടകർ ജലാംശം നിലനിർത്താന്‍ ശ്രദ്ധിക്കണമെന്നും തുറസായ സ്ഥലങ്ങളിൽ ഇരിക്കുന്നത് ഒഴിവാക്കാനും സൗദി ആരോഗ്യ മന്ത്രാലയം നിർദേശിച്ചിരുന്നു.

കഴിഞ്ഞ വർഷം 240 പേരായിരുന്നു മരിച്ചത്. കൂടാതെ 2015 ൽ ക്രെയിൻ പൊട്ടി വീണുണ്ടായ അപടകത്തിൽ രണ്ടായിരത്തിലധികം ആളുകൾക്കും ജീവൻ നഷ്ടമായിരുന്നു. സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകൾ പ്രകാരം, മൊത്തം 18,33,164 തീർഥാടകരാണ് രാജ്യത്തിനകത്തും പുറത്തു നിന്നുമായി വാർഷിക ഹജ്ജ് തീർഥാടനത്തിനായി എത്തിയത്.








വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.