അടുത്ത പകര്‍ച്ചവ്യാധി പക്ഷിപ്പനി മൂലമെന്ന് യു.എസ് വിദഗ്ധന്‍; മരണ നിരക്ക് കോവിഡിനേക്കാള്‍ ഭീകരം: കേരളത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

അടുത്ത പകര്‍ച്ചവ്യാധി പക്ഷിപ്പനി മൂലമെന്ന് യു.എസ് വിദഗ്ധന്‍; മരണ നിരക്ക് കോവിഡിനേക്കാള്‍ ഭീകരം: കേരളത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

കൊച്ചി: കേരളത്തില്‍ പക്ഷിപ്പനി ഭീതി തുടരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ മനുഷ്യരിലേക്ക് രോഗബാധ ഉണ്ടാവാതിരിക്കാന്‍ ലക്ഷ്യമിട്ടാണ് ആരോഗ്യ വകുപ്പ് ജാഗ്രത ഏര്‍പ്പെടുത്തിയത്.

ഏപ്രില്‍ മുതല്‍ ജില്ലയില്‍ പരിശോധിച്ച സാമ്പിളുകളിലൊന്നിലും മനുഷ്യരില്‍ പോസിറ്റീവ് കേസ് കണ്ടെത്തിയിട്ടില്ല എന്നതാണ് ആശ്വാസകരമായ കാര്യം. എന്നാല്‍ പശ്ചിമ ബംഗാളില്‍ നാല് വയസുകാരിക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ആലപ്പുഴയിലും നിരീക്ഷണം കര്‍ശനമാക്കുന്നത് എന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന വിശദീകരണം.

അടുത്തിടെ മെക്സിസിക്കോയില്‍ പക്ഷിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചതും ആശങ്ക ഉയര്‍ത്തുന്നുണ്ട്. അത് കൂടി കണക്കിലെടുത്താണ് നിലവില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. എച്ച് 5 എന്‍ 2 വൈറസാണ് ആലപ്പുഴയില്‍ പക്ഷികളില്‍ കണ്ടെത്തിയത്. ഇതേ വൈറസാണ് മെക്സിക്കോയില്‍ മനുഷ്യ ജീവനെടുത്തത്. ഇതാണ് ആശങ്ക കൂടാന്‍ കാരണം.

അതേസമയം അടുത്ത പകര്‍ച്ചവ്യാധി സംഭവിക്കുന്നത് പക്ഷിപ്പനി മൂലമായിരിക്കുമെന്ന് യു.എസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) മുന്‍ ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് മുന്നറിയിപ്പ് നല്‍കി. അമേരിക്കയില്‍ പശുക്കള്‍ക്കിടയില്‍ വ്യാപകമാകുന്ന പക്ഷിപ്പനിയെക്കുറിച്ച് ഒരു ന്യൂസ് ചാനലുമായി സംസാരിക്കുന്നതിനിടെയാണ് റെഡ്ഫീല്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ് 19 നെ അപേക്ഷിച്ച് പക്ഷിപ്പനി മനുഷ്യരിലേക്ക് വ്യാപിച്ചാല്‍ മരണ സാധ്യത കൂടും. കോവിഡ് 19 ന്റെ മരണം 0.6 ശതമാനമാണെങ്കില്‍ പക്ഷിപ്പനിയുടേത് 25നും 50നും ഇടയില്‍ ആയിരിക്കുമെന്നും റെഡ്ഫീല്‍ഡ് പറയുന്നു.

വൈറസ് മനുഷ്യര്‍ക്കിടയില്‍ പടരുന്നുവെന്നതിന് വ്യക്തമായ തെളിവുകളില്ലെങ്കിലും പക്ഷിപ്പനിക്ക് ഒരു മനുഷ്യ റിസപ്റ്ററുമായി ബന്ധിപ്പിക്കാനുള്ള പ്രവണത ലഭിക്കുന്നതിന് അഞ്ച് അമിനോ ആസിഡുകള്‍ ഉണ്ടായിരിക്കണമെന്ന് റെഡ്ഫീല്‍ഡ് വിശദീകരിക്കുന്നു. വൈറസ് മനുഷ്യ റിസപ്റ്ററുമായി ബന്ധിപ്പിക്കാനും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പോകാനുള്ള കഴിവും നേടുമ്പോഴാണ് പകര്‍ച്ചവ്യാധി ആകുന്നത്.

ഏവിയന്‍ ഇന്‍ഫ്ളുവന്‍സ എന്നും പക്ഷിപ്പനി അറിയപ്പെടുന്നു. ടൈപ്പ് എ വൈറസ് രോഗം ബാധിച്ച പക്ഷികളിലൂടെയാണ് രോഗം പകരുന്നത്. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് ഇത് മൃഗങ്ങളിലേക്ക് വ്യാപിക്കുകയും ഇവയുമായി ഇടപഴകുന്ന മനുഷ്യര്‍ക്ക് രോഗം പിടിപെടുകയും ചെയ്യുന്നു.

മൃഗങ്ങളുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതിലൂടെയോ രോഗം ബാധിച്ച ചുറ്റുപാടുകളുമായി പരോക്ഷ സമ്പര്‍ക്കത്തിലൂടെയോ അണുബാധ പകരാം. യഥാര്‍ഥ ഉറവിടത്തെ ആശ്രയിച്ച് ഇന്‍ഫ്ളുവന്‍സ എ വൈറസുകളെ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ, സൈ്വന്‍ ഇന്‍ഫ്ളുവന്‍സ, മറ്റ് തരത്തിലുള്ള മൃഗങ്ങളുടെ ഇന്‍ഫ്ളുവന്‍സ വൈറസുകള്‍ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.

ചെറിയ ശ്വാസകോശ പ്രശ്നങ്ങളില്‍ തുടങ്ങി ഗുരുതരമായ രോഗങ്ങള്‍ വരെ ഇതിന്റെ ഫലമായുണ്ടാകാം. ചെങ്കണ്ണ്, ദഹനവ്യൂഹത്തിലെ പ്രശ്നങ്ങള്‍, മസ്തിഷ്‌ക ജ്വരം, മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്ന എന്‍സെഫലോപ്പതി തുടങ്ങിയ ലക്ഷണങ്ങള്‍ പക്ഷിപ്പനിയുടെ ഭാഗമായുണ്ടാകാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.