വത്തിക്കാൻ സിറ്റി: വിശ്വാസത്തിൽ വളരാനും പക്വതയാർജ്ജിക്കാനും നമ്മെ നിരന്തരം സഹായിക്കുന്നത് കർത്താവിന്റെ വചനവും അവിടുത്തെ കൃപയുമാണെന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പ. നിശബ്ദതയിൽ വിതയ്ക്കപ്പെട്ട് മുളയെടുക്കുന്ന വിത്ത്, നിരന്തരം വളരുകയും പാകമാകുകയും ചെയ്യുന്നതുപോലെയാണ് ദൈവരാജ്യം എന്ന് പാപ്പ കൂട്ടിച്ചേർത്തു.
ഞായറാഴ്ച മധ്യാഹ്ന പ്രാർത്ഥനയ്ക്ക് ഒരുക്കമായി മർക്കോസിന്റെ സുവിശേഷത്തിലെ വിത്തിന്റെ ഉപമ (മർക്കോസ് 4: 26 - 34) വ്യാഖ്യാനിക്കുകയായിരുന്നു മാർപാപ്പ. വിതയ്ക്കപ്പെടുകയും മുളച്ചുവളരുകയും പാകമാകുകയും ചെയ്ത വിത്തിനോടാണ് യേശു ദൈവരാജ്യത്തെ ഉപമിക്കുന്നത്. ദൈവരാജ്യത്തിൻ്റെ വളർച്ച സമയമെടുക്കുന്ന ഒരു പ്രക്രിയയാണെന്നും അതിനാൽ ആത്മവിശ്വാസത്തോടെയുള്ള പ്രതീക്ഷയും സഹകരണവുമാണ് കർത്താവ് നമ്മിൽ നിന്ന് ആഗ്രഹിക്കുന്നതെന്നും പാപ്പാ വിശദീകരിച്ചു.
സാവധാനം വെളിപ്പെടുന്ന അത്ഭുതം
ഗുണമേന്മയുള്ള വിത്തുകൾ നന്നായി ഒരുക്കിയെടുത്ത നിലത്ത് സമൃദ്ധമായി വിതച്ചതിനു ശേഷവും, ഒരു കർഷകന് ക്ഷമയും ശുഭാപ്തി വിശ്വാസവും കൂടിയേതീരൂ - പാപ്പ അഭിപ്രായപ്പെട്ടു. കാരണം, ചെടികൾ ഉടൻതന്നെ മുളയ്ക്കുകയില്ല. എന്നിരുന്നാലും, കാലക്രമേണ അത് മുളച്ചുപൊങ്ങുകയും വളർന്ന് സമൃദ്ധമായി ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നു. മണ്ണിനടിയിൽ നടക്കുന്ന ഒരു അത്ഭുതത്തെയാണ് ഇത് വെളിപ്പെടുത്തുന്നത്. അദൃശ്യമായി നടക്കുന്ന ഈ വികാസപരിണാമം ഒടുവിൽ ദൃശ്യമാകുമെങ്കിലും മണ്ണിൻ്റെ ശ്രദ്ധയോടെയുള്ള പരിചരണവും ജലസേചനവും ഇതിന് ആദ്യന്തം ആവശ്യമാണ് - പാപ്പ വിശദീകരിച്ചു.
സുവിശേഷത്തിൽ നാം വായിക്കുന്നതുപോലെ ദൈവരാജ്യവും ഇങ്ങനെതന്നെയാണ്. വചനത്തിന്റെയും കൃപയുടേതുമായ നല്ല വിത്തുകൾ കർത്താവ് നമ്മിൽ സമൃദ്ധമായി വിതച്ച് ക്ഷമയോടെ കാത്തിരിക്കുകയും എപ്പോഴും നമ്മോടൊപ്പമായിരിക്കുകയും ചെയ്യുന്നു. നമ്മുടെ വളർച്ചയെക്കുറിച്ച് ഒരു പിതാവിൻ്റെ ശുഭപ്രതീക്ഷയാണ് അവിടുത്തേക്കുള്ളത്. വളർച്ച പ്രാപിക്കാനും സത്പ്രവൃത്തികളാകുന്ന ഫലങ്ങൾ കായിക്കാനും അവിടുന്ന് നമുക്ക് സമയം തരുന്നു. സുവിശേഷത്തിൽ വിവരിച്ചിരിക്കുന്ന ധാന്യക്കതിരുകൾ പോലെ ഒന്നും നഷ്ടപ്പെട്ടുപോകരുതെന്നും പൂർണ്ണവളർച്ച പ്രാപിക്കണമെന്നുമാണ് അവിടുന്ന് ആഗ്രഹിക്കുന്നത്.
സുവിശേഷം വിതയ്ക്കുക
നാം എവിടെയായിരുന്നാലും അവിടെയെല്ലാം ആത്മവിശ്വാസത്തോടെ സുവിശേഷത്തിൻ്റെ വിത്ത് വിതയ്ക്കണമെന്ന് കർത്താവ് നമ്മെ പഠിപ്പിക്കുന്നു. അത് വളരുകയും നമ്മിലും മറ്റുള്ളവരിലും ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുകയും വേണം - മാർപാപ്പ പറഞ്ഞു. ശുഭാപ്തി വിശ്വാസത്തോടെയുള്ള ക്ഷമ വളരെ പ്രാധാന്യമർഹിക്കുന്നു. ഉടൻ തന്നെ ഫലം കണ്ടില്ലെങ്കിലും നാം നിരുത്സാഹപ്പെടരുത്. അദൃശ്യമായ ഒരു അത്ഭുതം സദാ പ്രവർത്തനക്ഷമമാണെന്ന് നാം വിശ്വസിക്കണം. അങ്ങനെയെങ്കിൽ, യഥാകാലം സമൃദ്ധമായ വിളവ് ലഭിക്കുക തന്നെ ചെയ്യും.
'ദൈവവചനമാകുന്ന വിത്ത് നമ്മുടെ ജീവിതത്തിൽ എത്രത്തോളം നാം വിതയ്ക്കാറുണ്ട്? ഉടനടി ഫലം കാണുന്നില്ലെങ്കിൽ നാം അക്ഷമരാകാറുണ്ടോ? നമ്മുടെ പ്രയത്നങ്ങളെല്ലാം കർത്താവിൽ അർപ്പിച്ച് ശാന്തരായിരുന്നാൽ മതി എന്നുള്ള ബോധ്യം നമുക്കുണ്ടോ?' - ആത്മശോധനയ്ക്കായി ഈ ചോദ്യങ്ങൾ പരിശുദ്ധ പിതാവ് മുന്നോട്ടുവച്ചു.
ദൈവവചനം ഉള്ളിൽ സ്വീകരിച്ച് വളരാൻ അനുവദിച്ച പരിശുദ്ധ കന്യകാമറിയം, ആത്മവിശ്വാസത്തോടെയും ഉദാരമായും സുവിശേഷത്തിൻ്റെ വിത്ത് വിതയ്ക്കാൻ നമ്മെ സഹായിക്കട്ടെ - ഈ പ്രാർത്ഥനയോടെ പാപ്പ തൻ്റെ സന്ദേശം ഉപസംഹരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.