നീറ്റ് ക്രമക്കേടില്‍ എന്‍ടിഎയ്ക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി; ഹര്‍ജികള്‍ ജൂലൈ എട്ടിന് പരിഗണിക്കും

നീറ്റ് ക്രമക്കേടില്‍ എന്‍ടിഎയ്ക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി; ഹര്‍ജികള്‍ ജൂലൈ എട്ടിന് പരിഗണിക്കും

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ)ക്ക് നോട്ടീസ് അയച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടില്‍ 0.01 ശതമാനം വീഴ്ച്ച ഉണ്ടായെങ്കില്‍ പോലും നടപടി വേണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

പരീക്ഷയ്ക്ക് വിദ്യാര്‍ഥികള്‍ എടുത്ത കഠിന പ്രയത്നം മറക്കാനാവില്ലെന്ന് പറഞ്ഞ കോടതി പരീക്ഷ നടത്തിപ്പില്‍ പിഴവുണ്ടായിട്ടുണ്ടെങ്കില്‍ എന്‍ടിഎ അത് തിരുത്താന്‍ തയ്യാറാകണമെന്നും പറഞ്ഞു. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ എന്‍ടിഎ മറുപടി നല്‍കണം. ജൂലൈ എട്ടിന് ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുമെന്ന് കോടതി അറിയിച്ചു

നീറ്റ് യുജി പരീക്ഷയിലെ പാളിച്ചയുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. പരീക്ഷാഫലം പുറത്തുവന്നതിനു പിന്നാലെ ഗ്രേസ് മാര്‍ക്ക് നല്‍കിയത് സംബന്ധിച്ചും വിവാദം ഉണ്ടായി. ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് യുജിയില്‍ 67 പേരാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. ഇത്രയേറെ പേര്‍ ഒന്നാം റാങ്ക് നേടുന്നത് ആദ്യമാണ്.

ഹരിയാനയിലെ ഒരു സെന്ററില്‍ നിന്നു മാത്രം ആറ് പേര്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചതായി ആരോപണമുയര്‍ന്നിരുന്നു. 2020 ല്‍ രണ്ട് പേര്‍ക്കും 2021 ല്‍ മൂന്ന് പേര്‍ക്കും 2023 ല്‍ രണ്ട് പേര്‍ക്കുമാണ് മുഴുവന്‍ മാര്‍ക്ക് ലഭിച്ചത്. 2022 ല്‍ നാലു പേര്‍ ഒന്നാം റാങ്ക് നേടിയെങ്കിലും 715 മാത്രമായിരുന്നു അവരുടെ സ്‌കോര്‍. ഇത്തവണ ഒന്നാം റാങ്കില്‍ മാത്രമല്ല, താഴെയുള്ള മറ്റു റാങ്കുകളിലും സ്‌കോര്‍ വളരെ ഉയര്‍ന്നതാണ്.

ആരോപണങ്ങള്‍ ശക്തമായതോടെ 44 പേര്‍ക്ക് മുഴുവന്‍ മാര്‍ക്കും കിട്ടിയത് ഗ്രേസ് മാര്‍ക്കിലൂടെയാണെന്ന് എന്‍ടിഎ ചെയര്‍മാന്‍ സുബോദ് കുമാര്‍ സിങ് വ്യക്തമാക്കിയിരുന്നു. പരീക്ഷ വൈകിയതു മൂലം സമയം തികയാതെവന്നവര്‍ക്ക് സുപ്രീം കോടതിയുടെ നേരത്തെയുള്ള നിര്‍ദേശപ്രകാരം ഗ്രേസ് മാര്‍ക്ക് നല്‍കി.

ഇതാണ് ഒന്നാം റാങ്കിന്റെ എണ്ണം കൂടാന്‍ കാരണം. ഗ്രേസ് മാര്‍ക്കില്‍ അപാകതയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി പുതിയ സമിതി രൂപവല്‍കരിച്ചതായും അദേഹം പറഞ്ഞിരുന്നു. തുടര്‍ന്നാണ് നിരവധി ഹര്‍ജികള്‍ കോടതിയിലെത്തിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.