പൊതു വിദ്യാലയങ്ങളിൽ നിലവിലുള്ള നിർബന്ധിത മത-വസ്ത്രധാരണ നിയമം നിരോധിച്ചു : ഇന്തോനേഷ്യ

പൊതു വിദ്യാലയങ്ങളിൽ നിലവിലുള്ള നിർബന്ധിത മത-വസ്ത്രധാരണ നിയമം നിരോധിച്ചു : ഇന്തോനേഷ്യ

ജക്കാർത്ത: ഇന്തോനേഷ്യയിലെ പൊതു വിദ്യാലയങ്ങളിൽ നിലവിലുള്ള നിർബന്ധിത മത-വസ്ത്രധാരണ നിയമം നിരോധിക്കുവാൻ സർക്കാർ തീരുമാനിച്ചു . ഇന്തോനേഷ്യ ഔദ്യോഗികമായി ആറ് മതങ്ങളെ അംഗീകരിക്കുന്നു. ജനസംഖ്യയുടെ 90% മുസ്‌ലിംകളാണ്. എന്നാൽ ഇസ്‌ലാമിനെക്കുറിച്ചുള്ള കടുത്ത യാഥാസ്ഥിതിക വ്യാഖ്യാനങ്ങൾ മത അസഹിഷ്ണുതയ്ക്ക് അടുത്ത കാലത്തായി ആക്കം കൂട്ടി.

ഏതാനും ആഴ്ചകൾക്കു മുമ്പേ പശ്ചിമ സുമാത്ര പ്രവിശ്യയിലെ ഒരു സ്കൂളിൽ അമുസ്‌ളീം വിദ്യാർത്ഥിനികളെ ഹിജാബ് ധരിക്കാൻ നിർബന്ധിക്കുന്നതായി വാർത്തകൾ പുറത്തു വന്നിരുന്നു. പെൺകുട്ടികളിലൊരാളുടെ മാതാപിതാക്കളുടെ പ്രതിഷേധം കാരണം ഈ വിഷയം സോഷ്യൽ മീഡിയയിലൂടെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. ഈ നിയമത്തിനെതിരായ ജനങ്ങളുടെ കനത്ത പ്രതിഷേധത്തിനിടയിൽ, സ്കൂളിന്റെ പ്രിൻസിപ്പൽ ക്ഷമ ചോദിക്കുകയും മറ്റുമത വിശ്വാസികളെ അവരുടെ മതവിശ്വാസങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിൽ സ്കൂളിൽ വസ്ത്രം ധരിക്കാൻ അനുവദിക്കുകയും ചെയ്തു.

നിർബന്ധിത ഹിജാബ് നിയമം നിലവിലുണ്ടെന്ന വസ്തുത  വെസ്റ്റ് സുമാത്ര വിദ്യാഭ്യാസ ബോർഡ് നിഷേധിച്ചില്ല. മുൻ മേയറായിരുന്ന ഫൗസി ബഹർ 2005 ൽ അവതരിപ്പിച്ചതാണെന്ന് ഈ നിയമം എന്ന് അവർ പറയുന്നു. പൊതുവിദ്യാലയങ്ങളിലെ മുസ്ലീം വിദ്യാർത്ഥിനികൾക്കായി താൻ ഈ നയം അവതരിപ്പിച്ചുവെന്ന് വാദിച്ച ഫൗസി എന്നാൽ അമുസ്ലീമുകൾക്കുകൂടി നിയമം ബാധകമാക്കിയതിനെക്കുറിച്ച് പ്രതികരിച്ചില്ല.

പശ്ചിമ സുമാത്ര കേസ് മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്ന് ഇന്തോനേഷ്യയിലെ മതമന്ത്രി യാകുത് ചോലിൻ ക്വമാസ് പറഞ്ഞു. “മതപരമായ ആവിഷ്കാരത്തിന്റെ പേരിൽ മറ്റുള്ളവരുടെ സ്വാതന്ത്ര്യം ലംഘിക്കാൻ കാരണങ്ങളൊന്നുമില്ല,” അദ്ദേഹം ബുധനാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ അമുസ്ലീമുകൾക്കുള്ള ഹിജാബ് നിരോധനം ഇന്തോനേഷ്യ യിലെ എല്ലാപ്രവിശ്യകളിലും നടപ്പിലാകില്ല. ശരീഅത്ത് നിയമം നടപ്പാക്കുന്ന പ്രത്യേക സ്വയംഭരണ പ്രവിശ്യയായ ആഷെ ഉത്തരവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി നാദിം മകരിം പറഞ്ഞു.

20 ലധികം പ്രവിശ്യകളിലെ സ്കൂളുകൾ ഇപ്പോഴും വസ്ത്രധാരണത്തിൽ മതവസ്ത്രം നിർബന്ധമാക്കുന്നതായി ഹ്യൂമൻ റൈറ്റ്സ് വാച്ചിലെ ഗവേഷകനായ ആൻഡ്രിയാസ് ഹർസോനോ പറഞ്ഞു.പല പൊതുവിദ്യാലയങ്ങളിലും പെൺകുട്ടികളും സ്ത്രീ അധ്യാപകരും ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെടുന്നു. അത് പലപ്പോഴും ഭീഷണിപ്പെടുത്തൽ, സാമൂഹിക സമ്മർദ്ദങ്ങൾ, നിർബന്ധിത രാജി എന്നിവയിലൂടെ മത നിയമങ്ങൾ പൊതു സമൂഹത്തിൽ അടിച്ചേൽപ്പിക്കുവാൻ പരിശ്രമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.