ഡിഎല്‍എഫ് ഫ്‌ളാറ്റ് സമുച്ചയത്തിലെ ആരോഗ്യ പ്രശ്‌നം: 441 പേര്‍ക്ക് രോഗ ലക്ഷണം; നടപടിയുമായി ആരോഗ്യ വകുപ്പ്

ഡിഎല്‍എഫ് ഫ്‌ളാറ്റ് സമുച്ചയത്തിലെ ആരോഗ്യ പ്രശ്‌നം: 441 പേര്‍ക്ക് രോഗ ലക്ഷണം; നടപടിയുമായി ആരോഗ്യ വകുപ്പ്

കൊച്ചി: ഡിഎല്‍എഫ് ഫ്‌ളാറ്റ് സമുച്ചയത്തില്‍ താമസിക്കുന്ന നിരവധി പേര്‍ക്ക് വയറിളക്കവും ഛര്‍ദിയും ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായ സംഭവത്തില്‍ നടപടിയുമായി ആരോഗ്യ വകുപ്പ്. രോഗ ലക്ഷണങ്ങള്‍ കണ്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാനുള്ള സൗകര്യങ്ങള്‍ തൃക്കാക്കരയില്‍ പൂര്‍ത്തിയാക്കി. ഫ്‌ളാറ്റില്‍ എത്തുന്ന വെള്ളം സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്ത് മാത്രം ഉപയോഗിക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

ഇത് ഗൗരവമേറിയ വിഷയമാണെന്നും പൊതുജനാരോഗ്യ സംരക്ഷണ നിയമപ്രകാരം തുടര്‍നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. തിങ്കളാഴ്ച ഫ്ളാറ്റിലുള്ള ഒരാള്‍ സര്‍ക്കാര്‍ ഹെല്‍പ്പ് ലൈനിലേക്ക് വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. ഉടന്‍ തന്നെ ആരോഗ്യ വകുപ്പ് ഡയറക്ടറെ വിളിച്ച് ഇടപെടാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

ഫ്ളാറ്റിലെ എല്ലാ കുടിവെള്ള സ്രോതസുകളും പരിശോധിക്കും. രോഗം ബാധിച്ചവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതിനാല്‍ ഇക്കാര്യം ഇവ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കും. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ. വെള്ളത്തിന്റെ പരിശോധനാ ഫലം ലഭിച്ച ഉടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.

അസുഖ ബാധിതരായി നിലവില്‍ ഫ്‌ളാറ്റില്‍ താമസിക്കുന്ന അഞ്ച് പേര്‍ കൊച്ചിയില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അതേസമയം, വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനാ ഫലം വൈകുമെന്നാണ് വിവരം. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് പരിശോധനയ്ക്കായി സാമ്പിളുകള്‍ ലാബില്‍ എത്തിച്ചത്. പരിശോധന നടത്താന്‍ 48 മുതല്‍ 72 മണിക്കൂര്‍ സമയം വേണമെന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്. ഫ്‌ളാറ്റില്‍ രണ്ടാഴ്ചക്കുള്ളില്‍ 441 പേര്‍ക്കാണ് രോഗ ലക്ഷണങ്ങള്‍ കണ്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.