മുതലാളിമാര്‍ക്ക് സ്വന്തം നാട് വേണ്ട: ഈ വര്‍ഷം രാജ്യം വിടാനൊരുങ്ങുന്നത് 4,300 ശതകോടീശ്വരന്മാര്‍

മുതലാളിമാര്‍ക്ക്  സ്വന്തം നാട് വേണ്ട: ഈ വര്‍ഷം രാജ്യം വിടാനൊരുങ്ങുന്നത് 4,300 ശതകോടീശ്വരന്മാര്‍

ന്യൂഡല്‍ഹി: ഈ വര്‍ഷം രാജ്യം വിടാനൊരുങ്ങുന്നത് 4,300 ശത കോടീശ്വരന്മാര്‍ എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 5, 100 ഇന്ത്യന്‍ കോടീശ്വരന്മാര്‍ വിദേശത്തേക്ക് കുടിയേറിയതായും ബ്രിട്ടീഷ് ഇന്‍വെസ്റ്റ്മെന്റ് മൈഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സിയായ ഹെന്‍ലി ആന്‍ഡ് പാര്‍ട്നേഴ്സ് പുറത്ത് വിട്ട റിപ്പോര്‍ട്ട് ന്യക്തമാക്കുന്നു. യുഎഇ ആണ് സ്ഥിരതാമസത്തിനായി മിക്കവരും തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലം.

ശതകോടീശ്വരന്മാര്‍ രാജ്യം വിടുന്നതില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ചൈനയും യുകെയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ആയിരം ശതകോടീശ്വരന്മാരെങ്കിലും ഓരോ വര്‍ഷവും രാജ്യം വിടുന്നുണ്ടെങ്കിലും സമ്പദ് ഘടനയില്‍ കാര്യമായ വ്യത്യാസം അത് വരുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

നാടുവിട്ടു പോയ കോടീശ്വരന്മാരില്‍ പലരും ഇന്ത്യയില്‍ ബിസിനസ് താല്‍പര്യങ്ങളും രണ്ടാം ഭവനങ്ങളും നിലനിര്‍ത്തുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് പുറത്തേക്ക് പോകുന്നതിനേക്കാള്‍, ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന രാജ്യത്തുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ   ഇന്ത്യയിലെ പ്രൈവറ്റ് ബാങ്കുകളും മറ്റും യുഎഇയിലേക്ക്  കാര്യമായ ചുവടുമാറ്റം നടത്തിയിട്ടുണ്ട്. ആഗോളതലത്തില്‍ യുഎഇയും യു.എസുമാണ് ശതകോടീശ്വരന്മാര്‍ക്ക് പ്രിയപ്പെട്ട ഇടങ്ങള്‍. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് 1,28,000 ശതകോടീശ്വരന്മാരാണ് ഈ വര്‍ഷം മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറാനൊരുങ്ങുന്നത്.

സുരക്ഷ, സാമ്പത്തിക ഭദ്രദ, നികുതിയിളവ്, കൂടുതല്‍ ബിസിനസ് അവസരങ്ങള്‍, കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം, ഉയര്‍ന്ന ജീവിത നിലവാരം, ആരോഗ്യ രംഗത്തെ പരിരക്ഷ എന്നിവയൊക്കെ കണക്കാക്കിയാണ് ഈ പറിച്ചു നടല്‍.

ചൈനയില്‍ നിന്ന് 15,200 ശതകോടീശ്വരന്മാരുടെ കുടിയേറ്റമാണ് റിപ്പോര്‍ട്ട് പ്രവചിക്കുന്നത്. 2023 ല്‍ ഇത് 13,800 ആയിരുന്നു. യുകെയില്‍ നിന്ന് ഈ വര്‍ഷം 9,500 ശതകോടീശ്വരന്മാര്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 4,200 ആയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.