സ്‌പോര്‍ട്‌സ് യുവജനങ്ങളെ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്ന സമ്മാനമാണെന്ന് ഓസ്ട്രേലിയന്‍ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ്

സ്‌പോര്‍ട്‌സ് യുവജനങ്ങളെ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്ന സമ്മാനമാണെന്ന് ഓസ്ട്രേലിയന്‍ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ്

കാന്‍ബറ: വിശ്വാസവും കായികവിനോദങ്ങളും പരസ്പരം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതായും ക്രിസ്തുവിലേക്ക് എത്താന്‍ കഴിയുന്ന ഒരു സമ്മാനമാണ് സ്‌പോര്‍ട്‌സ് എന്നും വിശദീകരിച്ച് ഓസ്ട്രേലിയന്‍ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ്. 'ഓപ്പണ്‍ ദ വേ ടു ക്രൈസ്റ്റ്: ഫോസ്റ്ററിങ് എ പാസ്റ്ററല്‍ മിനിസ്ട്രി ഓഫ് സ്പോര്‍ട്സ്' എന്ന തലക്കെട്ടിലുള്ള രേഖയിലാണ് സ്‌പോര്‍ട്‌സും വിശ്വാസവും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നത്. സുവിശേഷവത്കരണത്തിനും അല്‍മായര്‍ക്കും വേണ്ടിയുള്ള ബിഷപ്പ് കമ്മിഷന്‍ ആതിഥേയത്വം വഹിച്ച ഉച്ചകോടിയിലാണ് രേഖ പ്രകാശനം ചെയ്‌യത്.

വിശ്വാസത്തെയും സ്‌പോര്‍ട്‌സിനെയും ബന്ധിപ്പിക്കുന്നത് എങ്ങനെയെന്ന് ലേഖനത്തില്‍ വിശദീകരിക്കുന്നു. 'മറ്റ് പല രാജ്യങ്ങളെയും പോലെ ഓസ്ട്രേലിയയും കായികരംഗത്ത് ഏറെ മുന്നിലാണ്. സ്പോര്‍ട്സ് നമ്മുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമാണ്. ഓസ്ട്രേലിയയില്‍ സ്പോര്‍ട്സും വിശ്വാസവും തമ്മിലുള്ള ബന്ധം അടുത്ത കാലത്തായി കൂടുതല്‍ പ്രകടമാണ്. പ്രശസ്തരായ അത്ലറ്റുകള്‍ മൈതാനത്ത് പ്രാര്‍ത്ഥിക്കുന്നതും അവരുടെ വിശ്വാസത്തെക്കുറിച്ച് തുറന്ന് സംസാരിക്കുന്നതും കാണാം. നിരവധി മാതാപിതാക്കള്‍ സ്പോര്‍ട്സ് ക്ലബ്ബുകളില്‍ സന്നദ്ധസേവനം നടത്താന്‍ തങ്ങളുടെ സമയം വിനിയോഗിക്കുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ, അവര്‍ വിശ്വാസത്തില്‍ ജീവിക്കുകയും സുവിശേഷത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു.

ഇതുകൂടാതെ, സത്യസന്ധമായ കളി, കൂട്ടായ പ്രവര്‍ത്തനം, ചുറ്റുമുള്ളവരോടുള്ള ബഹുമാനം, ത്യാഗം, അര്‍പ്പണബോധം തുടങ്ങിയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് തങ്ങളുടെ വിശ്വാസത്തിന് സാക്ഷ്യം വഹിക്കാനും കായിക താരങ്ങള്‍ക്ക് കഴിയും. അതിനാല്‍ ഒരു മനുഷ്യന്റെ സമഗ്രമായ വളര്‍ച്ചയ്ക്കുള്ള ശക്തമായ ഉപകരണമായാണ് സ്പോര്‍ട്സിനെ സഭാ സമൂഹം കാണുന്നത്.

കളിക്കാര്‍, പരിശീലകര്‍, മാനേജര്‍മാര്‍, ഉദ്യോഗസ്ഥര്‍, രക്ഷിതാക്കള്‍ എന്നിങ്ങനെയുള്ള തങ്ങളുടെ റോളുകളില്‍ ക്രിസ്തുവിന്റെ സാക്ഷിയാകുക എന്നതാണ് കായികരംഗത്ത് കത്തോലിക്കര്‍ എന്ന നിലയില്‍ വഹിക്കേണ്ട പങ്കെന്നും രേഖ ഓര്‍മിപ്പിക്കുന്നു.

കായിക മേഖലയും കത്തോലിക്കാ ഇടവകകളും കണ്ടുമുട്ടലിന്റെ കേന്ദ്രങ്ങളാണെന്ന് ബിഷപ്പ് കമ്മീഷന്‍ അധ്യക്ഷനും കാന്‍ബറ-ഗോള്‍ബേണ്‍ ആര്‍ച്ച് ബിഷപ്പുമായ ക്രിസ്റ്റഫര്‍ പ്രൗസ് പറഞ്ഞു. 'യേശുവിനെ അനുഗമിക്കാന്‍ ചെറുപ്പക്കാര്‍ക്കും പ്രായമായവര്‍ക്കും അവര്‍ ഒരു ഇടം വാഗ്ദാനം ചെയ്യുന്നു' - അദ്ദേഹം പറഞ്ഞു.

'സ്‌പോര്‍ട്‌സ് വാഗ്ദാനം ചെയ്യുന്ന സദ്ഗുണങ്ങളെ മാതൃകയാക്കുന്നതിലൂടെ സുവിശേഷത്തിന് സാക്ഷ്യം വഹിക്കാനും ക്രിസ്തുവിലേക്കുള്ള വഴി തുറക്കാനും കഴിയുമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ മാല്‍ക്കം ഹാര്‍ട്ട് പറഞ്ഞു. വ്യക്തികളെയും കുടുംബങ്ങളെയും ഇടവകകളെയും രൂപതകളെയും ഈ കായിക, വിശ്വാസ മേഖലയില്‍ എങ്ങനെ മികച്ച രീതിയില്‍ ഉള്‍പ്പെടുത്താം എന്ന് ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.