പരീക്ഷയുടെ തലേന്ന് ചോദ്യപേപ്പര്‍ ചോര്‍ന്നു കിട്ടി; നീറ്റ് ക്രമക്കേടില്‍ അറസ്റ്റിലായ വിദ്യാര്‍ഥിയുടെ മൊഴി പുറത്ത്

പരീക്ഷയുടെ തലേന്ന് ചോദ്യപേപ്പര്‍ ചോര്‍ന്നു കിട്ടി; നീറ്റ് ക്രമക്കേടില്‍ അറസ്റ്റിലായ വിദ്യാര്‍ഥിയുടെ  മൊഴി പുറത്ത്

പട്ന: നീറ്റ് പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പര്‍ ചോര്‍ന്ന് കിട്ടിയെന്ന് അറസ്റ്റിലായ വിദ്യാര്‍ഥിയുടെ കുറ്റസമ്മത മൊഴി. ബിഹാര്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ അനുരാഗ് യാദവ് ആണ് മൊഴി നല്‍കിയത്. അഞ്ചാം തിയതി നടക്കേണ്ട പരീക്ഷയുടെ പേപ്പര്‍ നാലാം തിയതി ലഭിച്ചെന്നും അനുരാഗ് പറയുന്നു.

എന്‍ജിനിയറായ തന്റെ അമ്മാവന്‍ വഴിയാണ് ചോദ്യപേപ്പര്‍ നാലാം തിയതി ലഭിച്ചതെന്നും അതിനുള്ള ഉത്തരവും അതോടൊപ്പം ഉണ്ടായിരുന്നെന്നും വിദ്യാര്‍ഥി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. അഞ്ചാം തിയതി പരീക്ഷാ ഹാളിലെത്തിയപ്പോള്‍ ലഭിച്ച ചോദ്യപേപ്പര്‍ അമ്മാവന്‍ നല്‍കിയ അതേ ചോദ്യപേപ്പര്‍ തന്നെയായിരുന്നെന്നും പരീക്ഷാര്‍ഥി പറഞ്ഞു.

അനുരാഗിനെ കൂടാതെ ബിഹാര്‍ സ്വദേശികളായ മൂന്ന് വിദ്യാര്‍ഥികള്‍ കൂടി ചോദ്യ പേപ്പര്‍ ചോര്‍ന്നതായി മൊഴി നല്‍കിയിട്ടുണ്ട്. പരീക്ഷക്ക് ഒരു ദിവസം മുന്‍പ് ചോദ്യ പേപ്പര്‍ ചോര്‍ന്ന് കിട്ടിയെന്നാണ് ഇവരുടെയും മൊഴി.

നീറ്റ് പരീക്ഷയിലെ ക്രമക്കേട് സംബന്ധിച്ച് ബിഹാര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ പുറത്തു വന്നത്. പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.

ബിഹാര്‍, ഗുജറാത്ത് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ പരീക്ഷയില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ചോദ്യപേപ്പര്‍ ടെലഗ്രാം വഴി ചോര്‍ന്നെന്നും കേരളത്തില്‍ നിന്നുള്ള പരീക്ഷാര്‍ഥികള്‍ ആരോപിച്ചിരുന്നു. നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്ന് എസ്എഫ്ഐ ഉള്‍പ്പടെയുള്ളവരുടെ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും.

ബിഹാറിലെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റിലായിരുന്നു. നീറ്റ് പരീക്ഷാ ഫലം വിവാദമായതോടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍ പൊലീസിനെ സമീപിച്ചതോടെയാണ് ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയത്.

ചോദ്യപേപ്പര്‍ ആവശ്യപ്പെട്ട ഉദ്യോഗാര്‍ഥികള്‍ 30 ലക്ഷം രൂപ മാഫിയയ്ക്ക് നല്‍കിയതായി സംശയിക്കുന്ന ആറ് പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍ ബിഹാര്‍ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ചോദ്യ പേപ്പറുകള്‍ക്കായി തങ്ങളുടെ രക്ഷിതാക്കള്‍ 30 ലക്ഷത്തിലധികം രൂപ നല്‍കിയതായി ഉദ്യോഗാര്‍ഥികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.